ഒന്നാം പ്രതി പ്രതിപക്ഷ നേതാവ്; യൂത്ത് കോൺഗ്രസ് മാർച്ച് സംഘർഷത്തില്‍ കേസെടുത്ത് പൊലീസ്

Published : Dec 20, 2023, 10:12 PM ISTUpdated : Dec 20, 2023, 11:49 PM IST
ഒന്നാം പ്രതി പ്രതിപക്ഷ നേതാവ്; യൂത്ത് കോൺഗ്രസ് മാർച്ച് സംഘർഷത്തില്‍ കേസെടുത്ത് പൊലീസ്

Synopsis

വി ഡി സതീശൻ, ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ തിരിച്ചറിഞ്ഞ മുപ്പത് പേരുടെ പേരുകളാണ് എഫ്ഐആറിൽ ഉള്ളത്. കണ്ടാലറിയാവുന്ന മുന്നൂറിലേരെ പേരും കന്‍റോണ്‍മെന്‍റ് പൊലീസ് രജിസ്റ്റ‍ർ ചെയ്ത കേസിൽ പ്രതികളാണ്.

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിനെതിരെ പൊലീസ് എടുത്ത കേസിൽ പ്രതിപക്ഷേ നേതാവ് വി ഡി സതീശന്‍ ഒന്നാം പ്രതി. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് വി ഡി സതീശൻ ഉൾപ്പെടെയുള്ളവർക്കെതിരെ കന്‍റോണ്‍മെന്‍റ് പൊലീസ് കേസെടുത്തത്. വി ഡി സതീശൻ, ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ തിരിച്ചറിഞ്ഞ മുപ്പത് പേരുടെ പേരുകളാണ് എഫ്ഐആറിൽ ഉള്ളത്. കണ്ടാലറിയാവുന്ന മുന്നൂറിലേരെ പേരും കന്‍റോണ്‍മെന്‍റ് പൊലീസ് രജിസ്റ്റ‍ർ ചെയ്ത കേസിൽ പ്രതികളാണ്.

കരിങ്കൊടി പ്രതിഷേധക്കാർക്ക് നേരെ ഉണ്ടായ അക്രമങ്ങൾക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പ്രതിഷേധക്കാര്‍ മൂന്ന് പൊലീസ് വാഹനങ്ങളുടെ ചില്ല് അടിച്ചുതകര്‍ത്തു. കന്‍റോണ്‍മെന്‍റ് എസ്ഐ ഉള്‍പ്പടെ എട്ട് പൊലീസുകാര്‍ക്കും നിരവധി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും സംഘര്‍ഷത്തില്‍ പരിക്കേറ്റു. അക്രമസംഭവങ്ങളുടെ പേരില്‍ 22 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം, ഡിസിസി ഓഫീസില്‍ കയറി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാനുള്ള നീക്കം പ്രതിപക്ഷനേതാവിന്‍റെ നേതൃത്വത്തില്‍ തടഞ്ഞു. പ്രതിപക്ഷനേതാവായിരുന്നു മാർച്ച് നയിച്ചത്.

നാല് മണിക്കൂര്‍ നീണ്ട സംഘര്‍ഷം. പൊലീസ് പരമാവധി സംയമനം പാലിച്ചിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ അടങ്ങിയില്ല. കല്ലും വടികളും ചെരുപ്പുമെറിഞ്ഞ് പ്രകോപിപ്പിച്ചു. അഞ്ച് തവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയില്ല. നോര്‍ത്ത് ഗേറ്റില്‍ പൊലീസുമായി ഉന്തും തള്ളുമുണ്ടായി. മതിലുകടന്ന് സെക്രട്ടറിയേറ്റിലേക്ക് പ്രവേശിക്കാന്‍ വനിതാപ്രവര്‍ത്തകര്‍ ഉള്‍പ്പടെ ശ്രമിച്ചു. പൊലീസ് പ്രതിരോധിച്ചപ്പോള്‍ വലിയ വടികളെടുത്ത് പൊലീസിന് നേരെ അടിച്ചു. രണ്ട് പൊലീസുകാരുടെ കയ്യിലുണ്ടായിരുന്ന ഷീല്‍ഡ് തല്ലിപ്പൊട്ടിച്ചു. പിന്നീട് ലാത്തിവീശിയതോടെ പ്രവര്‍ത്തകര്‍ ചിതറിയോടി. 

കല്ലെറിഞ്ഞ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തതോടെ, ബസില്‍നിന്ന് അവരെ നേതാക്കള്‍ ഇടപെട്ട് വലിച്ചിറക്കി. വനിതാ പ്രവര്‍ത്തകരുടെ വസ്ത്രം വലിച്ചുകീറിയെന്നാരോപിച്ച് മറുവശത്ത് വീണ്ടും സംഘര്‍ഷമുണ്ടായി. അക്രമത്തിനിടെ സംസ്ഥാന പ്രസിഡന്‍റ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ക്കും പരിക്കേറ്റു. കന്‍റോണ്‍മെന്‍റ് എസ്ഐ ദില്‍ജിത്തിനും കല്ലേറുകൊണ്ടു. ഇരുപത് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിന്നീട് ഡിസിസി ഓഫിസിലേക്ക് മടങ്ങിയ പ്രവര്‍ത്തകര്‍ക്ക് പിന്നാലെ പൊലീസും നീങ്ങി. കസ്റ്റഡിയിലെടുത്ത രണ്ടുപ്രവര്‍ത്തകരെ പൊലീസ് വാഹനത്തില്‍ നിന്ന് ബലമായി യൂത്ത് കോണ്‍ഗ്രസുകാര്‍ പിടിച്ചിറക്കി.

പ്രകോപിതരായ പൊലീസ് ഡിസിസി ഓഫീസിലേക്ക് കയറി. ഈ സമയത്ത് ഓഫീസിലെത്തിയ പ്രതിപക്ഷനേതാവ് ഉള്‍പ്പടെ പൊലീസിനെതിരെ കയര്‍ത്തു. എന്നിട്ടും പൊലീസ് പിന്മാറിയില്ല. ആരെയും കസ്റ്റഡിയിലെടുക്കാന്‍ അനുവദിക്കില്ലെന്ന നിലപാട് പിന്നീട് കോണ്‍ഗ്രസ് മാറ്റി. ഏറെനേരം കാത്തുനിന്ന പൊലീസിന് രണ്ട് പ്രവര്‍ത്തകരെ പകരം നല്‍കിയതോടെയാണ് സംഘം പിന്മാറിയത്. പന്ത്രണ്ടരയോടെ പ്രസ് ക്ലബ് പരിസരത്തുനിന്ന് ആരംഭിച്ച മാര്‍ച്ചില്‍ വിഡി സതീശനും ഷാഫി പറമ്പില്‍ എംഎല്‍എയും പങ്കുചേര്‍ന്നു. മാര്‍ച്ച് കടന്നുപോയ വഴികളിലെ നവകേരള സദസിന്‍റെ ബോര്‍ഡുകള്‍ പ്രവര്‍ത്തകര്‍ വ്യാപകമായി നശിപ്പിച്ചു

PREV
Read more Articles on
click me!

Recommended Stories

ശബരിമല സ്വർണ്ണക്കൊള്ള: എസ്ഐടി അന്വേഷണത്തിൽ അവകാശവാദം ഉന്നയിക്കാൻ മുഖ്യമന്ത്രിക്ക് അവകാശമില്ലെന്ന് വി ഡി സതീശൻ
ഗൂഢാലോചനയില്ലെന്ന മുഖ്യമന്ത്രിയുടെ വാദത്തെ അന്ന് പിടി എതിർത്തു: ആരുമറിയാതെ പോകുമായിരുന്ന ക്രൂരത നിയമവഴിയിലേക്കെത്തിയത് പിടി തോമസിന്റെ ഇടപെടൽ മൂലം