
കൊച്ചി: ഉമ തോമസ് എംഎൽഎയ്ക്ക് കൊച്ചി കലൂർ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് വീണ് പരുക്കേറ്റ സംഭവത്തിൽ പൊലീസ് കേസെടുത്തു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ നൃത്ത പരിപാടി നടത്തിയതിന് സംഘാടകർക്കെതിരെയാണ് കേസെടുത്തത്. സ്റ്റേജ് നിർമാണ കരാറുകാർക്കെതിരെയും എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. പാലാരിവട്ടം പൊലീസാണ് കേസെടുത്തത്. ഇന്നലെ രാത്രി തന്നെ കമ്മീഷണറുടെ നേതൃത്വത്തിൽ പൊലീസ് അപകടമുണ്ടായ സ്ഥലം പരിശോധിച്ചിരുന്നു. 12 അടി ഉയരത്തിലാണ് ഗാലറി ക്രമീകരിച്ചത്. 55 അടി നീളമുള്ള സ്റ്റേജിൽ എട്ടടി വീതിയിലാണ് കസേരകൾ ഇടാൻ സ്ഥലമൊരുക്കിയത്. ദുർബലമായ ക്യൂ ബാരിയേർസ് ഉപയോഗിച്ചായിരുന്നു മുകളിൽ കൈവരിയൊരുക്കിയത്. പിന്നാലെ കേസെടുക്കാൻ എഡിജിപി മനോജ് എബ്രഹാം കൊച്ചി പൊലീസ് കമ്മീഷണർക്ക് നിർദേശം നൽകിയിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഉമ തോമസ് എംഎൽഎ തീവ്രപരിചണവിഭാഗത്തിൽ തുടരുന്നു. റിനേ മെഡിസിറ്റി ആശുപത്രിയിലുള്ള എംഎൽഎയ്ക്ക് വെന്റിലേറ്ററിന്റെ സഹായമുണ്ട്. വീഴ്ചയുടെ ആഘാതത്തിൽ തലയ്ക്കും ശ്വാസകോശത്തിനും പരിക്കേറ്റ എംഎൽഎ വിദഗ്ദ്ധ ഡോക്ടർമാരുടെ സാനിധ്യത്തിൽ 24 മണിക്കൂർ നിരീക്ഷണത്തിലാണ്. അടിയന്തരശസ്ത്രക്രിയ ആവശ്യമില്ലെന്നാണ് കഴിഞ്ഞ രാത്രിയിൽ ഡോക്ടർമാർ അറിയിച്ചത്. മൂന്ന് വാരിയെല്ലുകൾക്ക് പൊട്ടലുണ്ട്. ഇതിനെ തുടർന്നാണ് ശ്വാസകോശത്തിൽ രക്തം കട്ടപിടിച്ചത്. നട്ടെല്ലിനും പരിക്കുണ്ട്. കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം ഉൾപ്പെടെയുള്ള വിദഗ്ധ ഡോക്ടർമാരാണ് ഉമ തോമസിനെ ചികിത്സിക്കുന്നത്. പുതിയ മെഡിക്കൽ ബുള്ളറ്റിൻ രാവിലെ പത്തരയോടെ ഇറക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam