ഭാഗ്യലക്ഷ്മിക്കെതിരായ കേസ്: പൊലീസ് വീണ്ടും നിയമോപദേശം തേടി, അറസ്റ്റ് ഉടനില്ല

By Web TeamFirst Published Oct 10, 2020, 5:00 PM IST
Highlights

വിജയ് പി നായരുടെ മുറിയിൽ നിന്നെടുത്ത ലാപ്ടോപ്പും മൊബൈലും പൊലീസിന് കൈമാറിയിരുന്നു. പ്രതികൾക്കെതിരെ ചുമത്തിയ മോഷണകുറ്റം നിലനിൽക്കുമോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്. 

തിരുവനന്തപുരം: ഭാഗ്യലക്ഷ്മിക്കെതിരായ കേസില്‍ പൊലീസ് വീണ്ടും നിയമോപദേശം തേടി. ഭാഗ്യലക്ഷ്മിക്കും സുഹൃത്തുക്കൾക്കുമെതിരെ ചുമത്തിയ വകുപ്പുകൾ സംബന്ധിച്ചാണ് പൊലീസ് നിയമോപദേശം തേടിയത്. വിജയ് പി നായരുടെ മുറിയിൽ നിന്നെടുത്ത ലാപ്ടോപ്പും മൊബൈലും പൊലീസിന് കൈമാറിയിരുന്നു. പ്രതികൾക്കെതിരെ ചുമത്തിയ മോഷണകുറ്റം നിലനിൽക്കുമോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്. ഉടൻ അറസ്റ്റിലേക്ക് നീങ്ങേണ്ടെന്നും തീരുമാനമായി.

അശ്ലീല യൂട്യൂബർ വിജയ് പി നായരെ ആക്രമിച്ചുവെന്ന കേസിൽ ചലച്ചിത്ര പ്രവർത്തക ഭാഗ്യലക്ഷ്മിയും ഒപ്പമുണ്ടായിരുന്ന ദിയ സനയും ശ്രീലക്ഷ്മി അറയ്ക്കലും ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. ഇവർക്ക് ഇന്നലെ കോടതി മുൻകൂർ ജാമ്യം നിഷേധിച്ചിരുന്നു. ഇവരുടെ അറസ്റ്റ് ഒഴിവാക്കാനാകില്ലെന്നും, അന്വേഷണം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി. മൂവരുടെയും മുൻകൂർ ജാമ്യാപേക്ഷയെ സർക്കാർ കോടതിയിൽ ശക്തമായി എതിർത്തിരുന്നു. 

സ്ത്രീകളെ മോശമായി പരാമർശിക്കുന്ന യുട്യൂബ് വീഡിയോ പ്രചരിപ്പിച്ച വിജയ് പി നായരെ ലോഡ്ജ് മുറിയിൽ കയറി മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നും ലാപ്ടോപ്പും മൊബൈൽ ഫോണും മോഷ്ടിച്ചുവെന്നുമാണ് തമ്പാനൂർ‍ പൊലീസ് രജിസ്റ്റർ ചെയ്ത കേസ്. ജാമ്യമില്ലാവകുപ്പ് പ്രകാരം രജിസ്റ്റർ ചെയ്ത കേസിലാണ് മുൻകൂർ ജാമ്യം തേടി ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി എന്നിവർ കോടതിയെ സമീപിച്ചത്. 

ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തിരുന്നു. പ്രതികള്‍ നിയമം കൈയിലെടുത്തുവെന്നായിരുന്നു പ്രോസിക്യൂഷന്‍റെ വാദം. ഈ വാദം അംഗീകരിച്ചാണ് വിധി. നിയമവും സമാധാനവും സംരക്ഷിക്കേണ്ട ബാധ്യത കോടതിക്കുണ്ട്, അതില്ലാതാകുമ്പോള്‍ നോക്കി നിൽക്കാനാകില്ല, സംസ്കാരമുള്ള സമൂഹത്തിന് ചേർന്നതല്ല പ്രതികളുടെ പ്രവർത്തിയെന്നും ജാമ്യാപേക്ഷ നിഷേധിച്ചുകൊണ്ട് അഡീഷണൽ സെഷൻസ് കോടതി വിധിച്ചു. 

click me!