പ്രളയം; വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നവരെ കണ്ടെത്താന്‍ അന്വേഷണം, അറസ്റ്റുണ്ടാകുമെന്ന് ഡിജിപി

By Web TeamFirst Published Aug 10, 2019, 5:20 PM IST
Highlights

ഭീതി ജനിപ്പിക്കുന്ന സന്ദേശങ്ങള്‍ ലഭിക്കുന്നവര്‍ ജില്ലാ ദുരന്ത നിവാരണ ഓഫീസുമായോ പോലീസ് ആസ്ഥാനത്തെ ഡിജിപി കണ്‍ട്രോള്‍ റൂമുമായോ (0471 2722500, 9497900999) ബന്ധപ്പെട്ട് നിജസ്ഥിതി ഉറപ്പുവരുത്തണമെന്ന് പൊലീസ് അറിയിച്ചു.

തിരുവനന്തപുരം: പ്രളയദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍  സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബഹ്റ. ഇത്തരം വാര്‍ത്തകളുടെ ഉറവിടം കണ്ടെത്തുന്നതിനായി  സൈബര്‍ ഡോം, സൈബര്‍ സെല്‍, പോലീസ് ആസ്ഥാനത്തെ ഹൈടെക്ക് സെല്‍ എന്നിവിടങ്ങളില്‍  പ്രത്യേകവിഭാഗം രൂപീകരിച്ച് അന്വേഷണം തുടങ്ങി.
       
വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവരെ കണ്ടെത്തിയാല്‍ അറസ്റ്റുള്‍പ്പെടെയുളള നടപടി ഉണ്ടാകുമെന്ന്  ലോകനാഥ് ബെഹ്റ മുന്നറിയിപ്പ് നല്‍കി. ഭീതി ജനിപ്പിക്കുന്ന സന്ദേശങ്ങള്‍ ലഭിക്കുന്നവര്‍ ജില്ലാ ദുരന്ത നിവാരണ ഓഫീസുമായോ പോലീസ് ആസ്ഥാനത്തെ ഡിജിപി കണ്‍ട്രോള്‍ റൂമുമായോ (0471 2722500, 9497900999) ബന്ധപ്പെട്ട് നിജസ്ഥിതി ഉറപ്പുവരുത്തണമെന്ന് പൊലീസ് അറിയിച്ചു.  

വ്യാജ സന്ദേശങ്ങള്‍ ലഭിക്കുന്നവര്‍ അവ കൈമാറി പരിഭ്രാന്തി സൃഷ്ടിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അണക്കെട്ടുകള്‍ തുറക്കുമെന്നും വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്നും  റോഡ് ഗതാഗതം തടസ്സപ്പെട്ടുവെന്നും മറ്റുമുളള സന്ദേശങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.

click me!