
തിരുവനന്തപുരം: തലസ്ഥാനത്ത് തദ്ദേശ മന്ത്രി കെ എം ഷാജിയുടെ വാഹനം തടഞ്ഞ സംഭവത്തിൽ യുവമോർച്ച പ്രവർത്തകർക്കെതിരെ പൊലീസ് സ്വമേധയാ കേസെടുത്തു. കന്‍റോൺമെന്‍റ് പൊലീസാണ് ജാമ്യമില്ല വകുപ്പുപ്രകാരം കേസെടുത്തത്. കേസ് വേണ്ടെന്ന മന്ത്രിയുടെ നിർദേശം പൊലീസ് തള്ളുകയായിരുന്നു. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനടുത്ത് വാൻറോസ് ജംഗ്ഷനിൽ വെച്ചാണ് യുവമോർച്ച പ്രവർത്തകർ മന്ത്രി കെഎം ഷാജിയുടെ വാഹനം തടഞ്ഞത്.
ഇന്നലെ രാത്രി എട്ട് മണിയോടെ ആയിരുന്നു സംഭവം. ഔദ്യോഗിക വാഹനത്തിൽ നിന്നും ഇറങ്ങിയ മന്ത്രി ഓട്ടോറിക്ഷയിൽ കയറി പോകാൻ ശ്രമിച്ചെങ്കിലും പ്രതിഷേധക്കാർ ഓട്ടോയും തടഞ്ഞു. അര മണിക്കൂറോളമാണ് പ്രതിഷേധത്തിൽ മന്ത്രി റോഡിൽ കുടുങ്ങിയത്. തുടർന്ന് മന്ത്രി ഇറങ്ങി നടന്നാണ് പോയത്. മന്ത്രിക്ക് പൈലറ്റും എസ്കോർട്ടും ഉണ്ടായിരുന്നില്ല. കൊല്ലത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചതിന് പിന്നാലെയാണ് സംസ്ഥാനത്തെ യുഡിഎഫ് മന്ത്രിമാർക്കെതിരെ യുവമോർച്ച കരിങ്കൊടി പ്രതിഷേധം ആരംഭിച്ചത്. തുടര്‍ന്ന് ബിജെപിയും പോഷക സംഘടനാ പ്രവര്‍ത്തകരും സംസ്ഥാന വ്യാപകമായി മന്ത്രിമാര്‍ക്ക് നേരെ കരിങ്കൊടി വീശാന്‍ തുടങ്ങി. തിരുവനന്തപുരം ഡിസിസി ഓഫിസിന് നേരെയും ആക്രമണമുണ്ടായി. തുടര്‍ന്ന് ജില്ലയില്‍ വിവിധയിടങ്ങളില്‍ പ്രശ്നങ്ങളുണ്ടായി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam