ചെറുപുഴ കരാറുകാരന്റെ മരണം: ട്രസ്റ്റ് ഭാരവാഹികളായ കോൺ​ഗ്രസ് നേതാക്കളുടെ മൊഴിയെടുക്കും

By Web TeamFirst Published Sep 15, 2019, 8:49 AM IST
Highlights

ജോയിക്ക് ലഭിക്കാനുള്ള പണം നൽകാമെന്ന് കാട്ടി വിളിച്ചുവരുത്തി രേഖകൾ കൈക്കലാക്കിയ ശേഷം അപായപ്പെടുത്തിയെന്നാണ് പരാതി. 

കണ്ണൂർ: ചെറുപുഴയിൽ കരാറുകാരനായ ജോയിയുടെ മരണത്തിൽ പൊലീസ് ഇന്ന് കെ കരുണാകരൻ ട്രസ്റ്റ് ഭാരവാഹികളായ കോൺഗ്രസ് നേതാക്കളുടെ മൊഴിയെടുക്കും. ട്രസ്റ്റ് ഭാരവാഹികളും ചെറുപുഴ ഡെവലപ്പേഴ്സിന്റെ ഡയറക്ടർമാരുമായ കുഞ്ഞികൃഷ്ണൻ നായർ, റോഷി ജോസ്, ടി വി സലീം എന്നിവർക്കാണ് ചോദ്യം ചെയ്യലിന് ഹാജരാകാനായി പൊലീസ് നോട്ടീസ് നൽകിയിരിക്കുന്നത്. 

ജോയിയുടെ കുടുംബം നൽകിയ പരാതിയിൽ ഈ മൂന്നു പേർക്കെതിരെയും പരാമർശമുണ്ടായിരുന്നു. ജോയിക്ക് ലഭിക്കാനുള്ള പണം നൽകാമെന്ന് കാട്ടി വിളിച്ചുവരുത്തി രേഖകൾ കൈക്കലാക്കിയ ശേഷം അപായപ്പെടുത്തിയെന്നാണ് പരാതി. അതേസമയം, ജോയിയുടെ സാമ്പത്തിക ബാധ്യതകൾ കോൺ​ഗ്രസ് ഏറ്റെടുക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നേരത്തെ പറഞ്ഞിരുന്നു. പാർട്ടി നേതാക്കൾ ഉൾപ്പെട്ട ട്രസ്റ്റുകളുടെ പ്രവർത്തനം സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും ട്രസ്റ്റിന്റെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കിയിരുന്നു. 

ജോയിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് നേരത്തെ തന്നെ കുടുംബം രംഗത്തെത്തിയിരുന്നു. മരിക്കുന്നതിന് തലേദിവസം മുദ്രപത്രം അടക്കമുള്ള രേഖകൾ സഹിതമാണ് ജോയ് പോയതെന്നും ഈ രേഖകൾ കാണാനില്ലെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. സംഭവദിവസം രാത്രി 3.30 വരെ പൂർണമായി തെരച്ചിൽ നടത്തിയ അതേ കെട്ടിടത്തിൽ തന്നെ മൃതദേഹം കണ്ടതിൽ ദുരൂഹതയുണ്ട്. അപായപ്പെടുത്തിയ ശേഷം മൃതദേഹം അവിടെ കൊണ്ടുവന്നുവച്ചതാകമെന്ന സംശയവും കുടുംബം ഉയർത്തിയിരുന്നു. 

രണ്ടു കൈകളിലേയും ഒരു കാലിലെയും ഞരമ്പുകൾ മുറിച്ച നിലയിൽ കാണപ്പെട്ടതിലും ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിക്കുന്നു. നൽകാനുള്ള പണം ചോദിച്ചു ബന്ധപ്പെട്ടപ്പോൾ എല്ലാ കോൺ​ഗ്രസ് നേതാക്കളും ഒഴിവുകഴിവുകൾ പറഞ്ഞെന്നും കുടുംബം ആരോപിച്ചിരുന്നു. സെപ്റ്റംബർ അഞ്ചിനാണ് ജോയിയെ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള കെ കരുണാകരൻ മെമ്മോറിയൽ ആശുപത്രി കെട്ടിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

click me!