
കോട്ടയം : എസ് എഫ് ഐ നേതാവായിരുന്ന നിഖിൽ എം തോമസ് വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നൽകിയ കേസിൽ എസ് എഫ് ഐ കായംകുളം ഏരിയ കമ്മറ്റിയുടെ മുൻ പ്രസിഡന്റ് അബിൻ സി രാജിനെയും പ്രതി ചേർക്കാൻ പൊലീസ്. രണ്ടു ലക്ഷം രൂപ അബിന് നൽകി കൊച്ചിയിലെ സ്വകാര്യ റിക്രൂട്ട്മെന്റ് ഏജൻസി വഴിയാണ് വ്യാജ സർട്ടിഫിക്കറ്റ് സംഘടിപ്പിച്ചതെന്നാണ് നിഖിൽ പൊലീസിന് മൊഴി നൽകിയത്. കലിംഗ സർവകലാശാലയിൽ ഉൾപ്പെടെ എത്തിച്ച് തെളിവെടുക്കണമെന്ന പൊലീസിന്റെ ആവശ്യം പരിഗണിച്ച് നിഖിലിനെ ഒരാഴ്ചത്തേക്ക് കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു.
എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി ഓഫീസിൽ നിന്ന് മുങ്ങിയ നിഖിൽ തോമസിനെ ഇന്ന് പുലർച്ചെയാണ് കോട്ടയം സ്റ്റാൻഡിൽ വച്ച് കെ എസ് ആർ ടി സി ബസിൽ നിന്ന് പൊലീസ് പൊക്കിയത്. പിന്നീട് നടത്തിയ ചോദ്യം ചെയ്യലിലാണ് എസ് എഫ് ഐ മുൻ ഏരിയ പ്രസിഡന്റ് അബിൻ സി രാജിനെതിരെ നിഖിൽ മൊഴി നൽകിയത്. അബിൻ കൊച്ചിയിലെ സ്വകാര്യ റിക്രൂട്ട്മെന്റ് ഏജൻസിയായ ഒറിയോൺ ഏജൻസി വഴി രണ്ടു ലക്ഷം രൂപയ്ക്കാണ് തനിക്ക് കലിംഗ സർവകലാശാലയുടെ വ്യാജ സർട്ടിഫിക്കറ്റ് സംഘടിപ്പിച്ച് നൽകിയതെന്നാണ് നിഖിലിന്റെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് അബിനെ പ്രതിയാക്കാനുള്ള പൊലീസ് തീരുമാനം.
നിലവിൽ മാലിദ്വീപിലാണ് അബിൻ സി രാജ് ഉള്ളത്. ഫെയ്സ്ബുക്ക് പ്രൊഫൈലിൽ താൻ മാലിയിലെ ഉന്നത വിദ്യാഭ്യാസ വകുപ്പിലാണ് ജോലി ചെയ്യുന്നതെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. നിഖിലിന്റെ മൊഴി സത്യമാണോ എന്നുറപ്പിക്കാൻ അബിനെ പൊലീസ് വിളിച്ചു വരുത്തും. എസ് എഫ് ഐ വഴിയാണ് അബിനുമായി ബന്ധമെന്നും അബിൻ ചതിച്ചെന്നും വൈദ്യപരിശോധനയ്ക്ക് ഹാജരാക്കി മടങ്ങുന്നതിനിടെ നിഖിൽ പറഞ്ഞു.
പനിയുള്ള കുട്ടികളെ അഞ്ച് ദിവസം വരെ സ്കൂളിൽ അയക്കരുത്, നിർബന്ധമായും ചികിത്സ തേടണം, നിർദേശങ്ങൾ
നിഖിലിന്റെ വ്യാജ ബിരുദം: അബിൻ സി രാജിനെ നാട്ടിലെത്തിക്കാൻ നടപടി തുടങ്ങി പൊലീസ്
ഗുരുതരമായ കുറ്റകൃത്യമാണ് നിഖിൽ നടത്തിയതെന്നും രണ്ട് സർവകലാശാലകളിലും വ്യാജ സർട്ടിഫിക്കറ്റ് തയാറാക്കിയ കൊച്ചിയിലെ ഏജൻസിയിലും നിഖിലിനെ എത്തിച്ച് തെളിവെടുക്കണമെന്നും പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടു. 14 ദിവസം കസ്റ്റഡിയാണ് പ്രോസിക്യൂഷൻ ചോദിച്ചതെങ്കിലും കോടതി 7 ദിവസം കസ്റ്റഡിയാണ് അനുവദിച്ചത്.
വ്യാജ രേഖാ കേസ്: അഗളി പൊലീസെടുത്ത കേസിൽ കെ വിദ്യയ്ക്ക് ഉപാധികളോടെ ജാമ്യം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam