പായിപ്പാട്ടെ അതിഥി തൊഴിലാളികളുടെ പ്രതിഷേധം ആസൂത്രിതം, പൊലീസ് അന്വേഷിക്കും: മന്ത്രി തിലോത്തമന്‍

By Web TeamFirst Published Mar 29, 2020, 6:18 PM IST
Highlights

പായിപ്പാട് മേഖലയിൽ 280 വീടുകളിലായി മൂവായിരത്തോളം അതിഥി തൊഴിലാളികൾ താമസിക്കുന്നുണ്ട്. 

ചങ്ങനാശ്ശേരി:പായിപ്പാട് അന്യസംസ്ഥാന തൊഴിലാളികൾ നടത്തിയ പ്രതിഷേധത്തെക്കുറിച്ച് പൊലീസ് അന്വേഷിക്കുമെന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് മന്ത്രി പി.തിലോത്തമൻ. പായിപ്പാട് മേഖലയിലെ അതിഥി തൊഴിലാളികളുടെ ക്യാംപുകളിലും വീടുകളിലും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലും പഞ്ചായത്ത് അധ്യക്ഷനും മറ്റു തദ്ദേശസ്വയംഭരണസ്ഥാപന പ്രതിനിധികളും തഹസിൽദാരും ഈ ദിവസങ്ങളിൽ പരിശോധനയ്ക്കായി പോയിരുന്നുവെന്നും അവരോട് ആരും തന്നെ ഇങ്ങനെയൊരു പരാതി ഉന്നയിച്ചിരുന്നില്ലെന്നും മന്ത്രി പറഞ്ഞു

മന്ത്രിയുടെ വാക്കുകൾ...

പായിപ്പാട് മേഖലയിൽ 280 വീടുകളിലായി മൂവായിരത്തോളം അതിഥി തൊഴിലാളികൾ താമസിക്കുന്നുണ്ട്. തദ്ദേശസ്വയംഭരണപ്രതിനിധികളും തഹസിൽദാരും ഇക്കഴിഞ്ഞ ദിവസങ്ങളിലൊക്കെ അവിടെയെത്തി സ്ഥിതിഗതികൾ പരിശോധിച്ചിരുന്നു. രണ്ട് ദിവസം മുൻപ് ജില്ലാ കളക്ടറും പായിപ്പാടെത്തി കാര്യങ്ങൾ നേരിട്ട് പരിശോധിച്ചു. 

അതിഥി തൊഴിലാളികൾക്ക് ഭക്ഷണം നൽകുന്നതടക്കമുള്ള എല്ലാ കാര്യങ്ങൾക്കും മേൽനോട്ടം വഹിക്കാനായി ഇത്രയും ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമുണ്ടായിട്ടും എങ്ങനെ ഇത്ര വലിയ പ്രതിഷേധമുണ്ടായി എന്നത് പരിശോധിക്കണം. മുന്നൂറോളം അതിഥി തൊഴിലാളികൾ പൊടുന്നനെ റോഡിൽ പ്രതിഷേധത്തിന് ഇറങ്ങുന്ന സാഹചര്യം എങ്ങനെയുണ്ടായി എന്നു പരിശോധിക്കേണ്ടതുണ്ടെന്നും ഇതേക്കുറിച്ച് കോട്ടയം എസ്പിയുടെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം നടത്തുമെന്നനും പി തിലോത്തമൻ. 

click me!