Dileep : ദിലീപിന്റെ മാനേജരെ വിളിച്ച് വരുത്തി, ദിലീപിനൊപ്പമിരുത്തി മൊഴിയെടുക്കുന്നു

By Web TeamFirst Published Jan 24, 2022, 2:41 PM IST
Highlights

ദിലീപിനും അനുജൻ അനൂപിനും ഒപ്പമിരുത്തി മൊഴിയെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. നിർമാണക്കമ്പനിയിൽ നടത്തിയ റെയ്ഡിൽ ചില തെളിവുകൾ അന്വേഷണ ഉദ്യോഗസ്ഥർ ശേഖരിച്ചിരുന്നു. 

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ (Actress Assault) അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിന്റെ (Dileep) നിർമാണ കമ്പനിയായ ഗ്രാൻഡ് പ്രൊഡക്ഷൻസിലെ മാനേജറെ ക്രൈംബ്രാഞ്ച് വിളിച്ച് വരുത്തി. ദിലീപിനും അനുജൻ അനൂപിനും ഒപ്പമിരുത്തി മൊഴിയെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. നേരത്തെ ദിലീപിന്റെ  നിർമാണക്കമ്പനിയിൽ നടത്തിയ റെയ്ഡിൽ ചില തെളിവുകൾ അന്വേഷണ ഉദ്യോഗസ്ഥർ ശേഖരിച്ചിരുന്നു. 

അതേ സമയം, നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി സുനിൽകുമാറിന്‍റെ (പൾസർ സുനി) അമ്മ  അൽപ്പ സമയത്തിനുള്ളിൽ കോടതിയിൽ രഹസ്യമൊഴി നൽകും. ജയിലിൽ പോയി സുനിൽകുമാറിനെ കണ്ടശേഷമാണ് സുനിൽ കുമാറിന്റെ അമ്മ മൊഴി നൽകാൻ ആലുവ മജിസ്ട്രേറ്റ് കോടതിയിലെത്തിയത്. കോടതിയിൽ താൻ എല്ലാം പറയുമെന്നും തെറ്റ് ചെയ്ത് പോയതിൽ സുനിലിന് കുറ്റബോധമുണ്ടെന്നും അമ്മ ശോഭന മാധ്യമങ്ങളോട് പ്രതികരിച്ചു. ദിലീപിന്‍റെ വാക്കില്‍ താന്‍ പെട്ട് പോയെന്നാണ് സുനിൽ കുമാർ പറഞ്ഞതെന്നും ശോഭന വിശദീകരിച്ചു. 

'ദിലീപിന്‍റെ വാക്കില്‍ മകൻ പെട്ട് പോയി, എല്ലാം തുറന്ന് പറയും'; താൻ രഹസ്യമൊഴി നൽകുമെന്ന് സുനിൽ കുമാറിൻ്റെ അമ്മ

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ  ദിലീപിന്റെ ചോദ്യം ചെയ്യൽ രണ്ടാം ദിവസവും പുരോഗമിക്കുകയാണ്. മൊഴികളിലെ വൈരുധ്യങ്ങളിൽ വ്യക്തതത വരുത്താനാണ് അന്വേഷണസംഘം ശ്രമിക്കുന്നത്. 

പ്രതികളുടെ ഫോൺ കോൾ റെക്കോർഡുകൾ പരിശോധിക്കാൻ അന്വേഷണ സംഘം നീക്കം ആരംഭിച്ചു. ദിലീപടക്കം അ‍ഞ്ച് പ്രതികളുടെ ഫോൺ വിളിയുടെ വിശദാംശങ്ങളാണ് ശേഖരിക്കുക. ഒരാഴ്ചത്തെ ഫോൺ കോളുകളാണ് പരിശോധിക്കുന്നത്. സാക്ഷികൾ ഉൾപ്പെടെ ഇവർ ആരെയൊക്കെ ബന്ധപ്പെട്ടു എന്നന്വേഷിക്കും.അങ്ങനെ പരസ്പരം ഫോൺ വിളിച്ചു എന്ന് ബോധ്യപ്പെട്ടാൽ അന്വേഷണ സംഘത്തിന് അത് കൂടുതൽ തെളിവാകുമെന്നാണ് വിലയിരുത്തൽ. ഇന്നലെ ചോദ്യം ചെയ്ത സൂരജ്, ബൈജു, അപ്പു എന്നിവരുടെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണുകൾ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തിരുന്നു. ഇതിലെ വിശദാംശങ്ങളും പരിശോധിക്കുന്നുണ്ട്. 

 

click me!