
ആറ്റിങ്ങൽ: തിരുവനന്തപുരത്ത് വീണ്ടും പൊലീസ് മുന്നാംമുറയെന്ന്(police torturing) ആരോപണം . ആറ്റിങ്ങൽ എസ് ഐ രാഹുലിന്(si rahul) എതിരെയാണ് പരാതി.ബാറിൽ മദ്യപിച്ച് സംഘർഷമുണ്ടാക്കിയതിന് കസ്റ്റഡിയിലെടുത്ത അരുൺരാജ്(arunraj) എന്ന യുവാവിനെ എസ് ഐ ക്രൂരമായി മർദിച്ചുവെന്നാണ് പരാതി. ഇന്നലെയാണ് ആറ്റിങ്ങലിലെ ബാറിനുള്ളിൽ രണ്ട് മദ്യപസംഘങ്ങൾ ഏറ്റുമുട്ടിയത്.ഇതിൽ അരുൺരാജ് അടക്കം മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ഇവരെ പിന്നീട് സ്റ്റേഷ്യൽ ജാമ്യത്തിൽ വിട്ടയച്ചിരുന്നു. വൈദ്യപരിശോധനയ്ക്ക് ശേഷം സ്റ്റേഷനിൽ വച്ച് എസ്ഐ മർദ്ദിച്ചെന്നാണ് അരുൺരാജിന്റെ പരാതി. അരുൺരാജിന്റെ ശരീരത്തിൽ മർദനമേറ്റ പാടുകളുമുണ്ട്. എന്നാൽ മർദിച്ചിട്ടില്ലെന്നും ബാറിലെ സംഘർഷത്തിലുണ്ടായ പാടുകൾ ആകാമെന്ന് പൊലീസ് വിശദീകരിച്ചു.സംഭവത്തിൽ അന്വേഷണം തുടങ്ങിയെന്ന് ആറ്റിങ്ങൽ ഡി വൈ എസ് പി പറഞ്ഞു.
തിരുവല്ലം കസ്റ്റഡി മരണത്തിൽ സിബിഐ അന്വേഷണം; ഉത്തരവിട്ട് മുഖ്യമന്ത്രി
തിരുവനന്തപുരം: തിരുവല്ലം കസ്റ്റഡി മരണത്തിലെ അന്വേഷണം സർക്കാർ സിബിഐയ്ക്ക് വിട്ടു. അന്വേഷണം കേന്ദ്ര ഏജൻസിക്ക് കൈമാറിക്കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടു ദമ്പതികളെ സദാചാര പൊലീസ് ചമഞ്ഞ് ആക്രമിച്ച കേസിൽ അറസ്റ്റിലായ സുരേഷാണ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടത്. മരണകാരണം ഹൃദയാഘാതമാണെങ്കിലും സുരേഷിന്‍റെ ശരീരത്തിലേറ്റ ചതവുകള്‍ ഹൃദയാഘാതത്തിന് കാരണമായേക്കാം എന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
തിരുവല്ലം ജഡ്ജിക്കുന്നിൽ സ്ഥലം കാണാൻ എത്തിയ ദമ്പതികളെ ആക്രമിച്ച കേസിൽ പൊലീസ് കസ്റ്റഡിയിൽ എടുത്ത അഞ്ച് പേരിൽ ഒരാളായ സുരേഷാണ് മരിച്ചത്. ശരീരത്തില്‍ പരുക്കില്ലെന്നും ഹൃദയാഘാതം കാരണമാണ് സുരേഷ് മരിച്ചതെന്നുമായിരുന്നു പൊലീസ് വിശദീകരണം. എന്നാല്‍ കേസന്വേഷിക്കുന്ന സംസ്ഥാന ക്രൈംബ്രാഞ്ചിന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനൊപ്പം കഴിഞ്ഞ ദിവസം ഡോക്ടര്‍മാര്‍ നല്‍കിയ കുറിപ്പിലെ വിവരങ്ങളാണ് കസ്റ്റഡി മരണത്തിലേക്ക് വിരൽചൂണ്ടുന്നത്.
താടിയെല്ല്, കഴുത്ത്, തുട, കാല്‍മുട്ട്, കൈ, മുതുക് എന്നിവിടങ്ങളിലെ 12 ചതവുകളിലെ സംശയമാണ് ഡോക്ടര്‍മാര്‍ ഉന്നയിക്കുന്നത്. ഈ പരിക്കുകളും ചതവുകളും ഹൃദയാഘാതത്തിന് കാരണമായേക്കും എന്നും റിപ്പോര്‍ട്ടിലുണ്ട്. സുരേഷിനെ പൊലീസ് മര്‍ദ്ദിച്ച് കൊന്നതാണെന്നും ഉത്തരവാദികളായ പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും സഹോദരൻ സുഭാഷ് ആവശ്യപ്പെട്ടു. ശരീരത്തില്‍ ഉടനീളം മര്‍ദ്ദനമേറ്റ പാടുകളുണ്ടായിരുന്നുവെന്നും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടും വരെ നിയമപോരാട്ടം തുടരുമെന്നുമാണ് സുഭാഷിന്റെ നിലപാട്.
Thiruvallam Custodial Death : 'സുരേഷിന് ക്രൂരമര്‍ദനം ഏറ്റിരുന്നു', പൊലീസ് മര്‍ദ്ദിച്ച് കൊന്നതെന്ന് സഹോദരന്‍
ജഡ്ജിക്കുന്നില്‍ ദമ്പതികളുമായി ഉണ്ടായ മല്‍പ്പിടുത്തമാണോ പൊലിസില്‍ നിന്നേറ്റ മര്‍ദ്ദനമാണോ ചതവിന് കാരണമെന്നാണ് അന്വേഷിക്കുന്നത്.
കസ്റ്റഡിയില്‍ മര്‍ദ്ദിച്ചിട്ടില്ലെന്ന് നെയ്യാറ്റിൻകര മജിസ്ട്രേട്ടിനാണ് സുരേഷിനൊപ്പം പിടികൂടിയ നാല് പേര്‍ മൊഴി നല്‍കിയത്. എന്നാല്‍ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ നാല് പേരും മൊഴി മാറ്റി. കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കയറ്റവേ പൊലീസ് മര്‍ദ്ദിച്ചുവെന്നാണ് ഇവര്‍ ഇപ്പോള്‍ പറയുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലുകളും നിലവിലുള്ള അവ്യക്തതകളും ബന്ധുക്കളുടെ പരാതികളും കണക്കിലെടുത്താണ് അന്വേഷണം സിബിഐക്ക് കൈമാറാൻ മുഖ്യമന്ത്രി ഉത്തരവിട്ടത്.
തിരുവല്ലം കസ്റ്റഡി മരണം സിബിഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷവും ആവശ്യപ്പെട്ടിരുന്നു. നടന്നത് ലോക്കപ്പ് കൊലപാതകമാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ ആരോപണം.