
ദില്ലി: സെക്രട്ടേറിയറ്റിലേക്കുള്ള യൂത്ത് കോൺഗ്രസ് സമരത്തിലുണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതികരണവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഞങ്ങളെകൊണ്ട് ആകുന്നത് പോലെ പ്രതിരോധിച്ചു. 24 ന് ഡിജിപി ഓഫീസിലേക്ക് മാർച്ച് നടത്തുമെന്നും കെ സുധാകരൻ പറഞ്ഞു. ഏത് തരത്തിലും സിപിഎമ്മിനെ പ്രതിരോധിക്കാനാണ് തീരുമാനം. സിപിഎം ഭൃത്യന്മാരായി പൊലീസ് മാറിയിരിക്കുകയാണ്. പൊലീസിന് ന്യായമില്ല, നീതിയില്ല, നീതിബോധമില്ല. സിപിഎം ഗുണ്ടാ സംഘമായി പൊലീസിലെ ഒരു വിഭാഗം മാറിയെന്നും കെ സുധാകരൻ ദില്ലിയിൽ പ്രതികരിച്ചു. എഐസിസി ആസ്ഥാനത്ത് കോൺഗ്രസ് നേതാവ് കെസി വേണുഗോപാലുമായി കൂടിക്കാഴ്ച്ച നടത്തിയതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സുധാകരൻ.
വേണുഗോപാലുമായുള്ള കൂടിക്കാഴ്ച വ്യക്തിപരമാണെന്ന് കെ സുധാകരൻ പ്രതികരിച്ചു. അതേസമയം, സംഘപരിവാർ അനുകൂല പ്രസ്താവനയിൽ പാർട്ടിയിലെ അതൃപ്തി പാർട്ടിക്കുള്ളിൽ ചർച്ച ചെയ്യുമെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു. തലസ്ഥാനത്തെ കലാപകലുഷിതമാക്കിയത് പിണറായി വിജയന്‍ എന്ന ഒറ്റയാളുടെ ധാര്‍ഷ്ട്യവും ക്രിമിനല്‍ മനസുമാണെന്നാണ് സുധാകരൻ അഭിപ്രായപ്പെട്ടത്. കെ എസ് യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കല്യാശേരി മുതല്‍ കൊല്ലം വരെ മുഖ്യമന്ത്രിയുടെ ആശീര്‍വാദത്തോടെ ഗണ്‍മാന്‍മാരും പൊലീസുകാരും ഡി വൈ എഫ് ഐക്കാരും തല്ലിച്ചതച്ചതിനോടുള്ള യുവജനങ്ങളുടെ അണപൊട്ടിയ വികാരമാണ് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ പ്രതിഫലിച്ചത്. ആ മാര്‍ച്ചിനെപ്പോലും തല്ലിയൊതുക്കാനാണ് പിണറായി പൊലീസ് ശ്രമിച്ചത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. പെണ്‍കുട്ടികളുടെ വസ്ത്രം വലിച്ചു കീറി. ഡി സി സി ഓഫീസില്‍ കയറാന്‍ പോലും പൊലീസ് ശ്രമിച്ചു. ഇതിനെയെല്ലാം അതിജീവിച്ച് സമരം വന്‍വിജയമാക്കിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നുവെന്നും സുധാകരന്‍ പറഞ്ഞു.
https://www.youtube.com/watch?v=Ko18SgceYX8