ഉത്രാവധം; സൂരജ് ഇനി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍; ശിക്ഷാ ഇളവ് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കും

By Web TeamFirst Published Oct 14, 2021, 7:51 AM IST
Highlights

റിമാൻഡ് തടവുകാരൻ എന്ന നിലയിലാണ് സൂരജിനെ കൊല്ലം ജില്ലാ ജയിലിൽ പാർപ്പിച്ചിരുന്നത്. കോടതി ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചതോടെയാണ് സെൻട്രൽ ജയിലിലേക്ക് മാറ്റുന്നത്.

തിരുവനന്തപുരം: ഉത്രാ വധക്കേസ് (Uthra murder) പ്രതി സൂരജിനെ (sooraj) ഇന്ന് തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റും. കൊല്ലം ജില്ലാ ജയിലിൽ കഴിയുന്ന സൂരജിനെ രാവിലെ 11 മണിയോടെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും. റിമാൻഡ് തടവുകാരൻ എന്ന നിലയിലാണ് സൂരജിനെ കൊല്ലം ജില്ലാ ജയിലിൽ പാർപ്പിച്ചിരുന്നത്. കോടതി ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചതോടെയാണ് സെൻട്രൽ ജയിലിലേക്ക് മാറ്റുന്നത്.

സൂരജിന് വധശിക്ഷ നൽകണമെന്നാണ് ഉത്രയുടെ കുടുംബത്തിന്റെ ആവശ്യം. എന്നാൽ ഹൈക്കോടതിയിൽ അപ്പീൽ നൽകുന്ന കാര്യത്തിൽ പ്രോസിക്യൂഷൻ തീരുമാനമെടുത്തിട്ടില്ല. ശിക്ഷാ ഇളവ് ആവശ്യപ്പെട്ട് ഹൈക്കോടതിയെ ഉടൻ സമീപിക്കുമെന്ന് സൂരജിന്‍റെ അഭിഭാഷകർ അറിയിച്ചു. ഇന്ത്യൻ കുറ്റാന്വേഷണ ചരിത്രത്തിലെ അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസ് എന്ന് വിലയിരുത്തപ്പെട്ട ഉത്ര വധക്കേസിൽ പ്രതിയായ അടൂർ സ്വദേശി സൂരജിന് കോടതി ഇരട്ടജീവപര്യന്തമാണ് ശിക്ഷയായി വിധിച്ചത്. ഉത്രയെ മൂർഖനെ ഉപയോഗിച്ച് കൊലപ്പെടുത്തിയതിന് ജീവപര്യന്തം തടവ്, ഉത്രയെ അണലിയെ ഉപയോഗിച്ച് നേരത്തെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് ജീവപര്യന്തം തടവ്, വിഷവസ്തു ഉപയോഗിച്ചതിന് പത്ത് വർഷം തടവ്, തെളിവ് നശിപ്പിച്ചത് ഏഴ് വർഷം. എന്നിങ്ങനെ നാല് ശിക്ഷകൾ ആണ് കോടതി വിധിച്ചത്.

ജീവപര്യന്തം തടവ് ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെങ്കിലും പത്തും, ഏഴും ആകെ 17 തടവുശിക്ഷ സൂരജ് ആദ്യം അനുഭവിക്കണം. ഇതിനുശേഷമായിരിക്കും ജീവപര്യന്തം തടവുശിക്ഷ ആരംഭിക്കുകയെന്ന് വിധിയിൽ കോടതി വ്യക്തമാക്കി. പ്രതിയുടെ പ്രായവും ഇതിനു മുൻപ് കുറ്റകൃത്യങ്ങളിൽ ഇടപെട്ടിട്ടില്ല എന്നതും വധശിക്ഷയിൽ നിന്നൊഴിവാക്കാൻ കോടതി പരിഗണിച്ചു. നഷ്ടപരിഹാരമായി നൽകുന്ന അഞ്ച് ലക്ഷം രൂപ ഉത്രയുടെ കുഞ്ഞിന് ലഭിക്കുമെന്നും വിധിയിൽ വ്യക്തമാക്കുന്നു.

 

 

click me!