നടിയെ ആക്രമിച്ച കേസ്: വൈദികന്‍റെ മൊഴിയെടുക്കും, ദിലീപുമായുള്ള സാമ്പത്തിക ഇടപാട് പരിശോധിക്കും

By Web TeamFirst Published Apr 27, 2022, 11:13 AM IST
Highlights

 വൈദികനുമായുളള ദിലീപിന്‍റെ സാമ്പത്തിക ഇടപാടുകളാണ് പരിശോധിക്കുന്നത്. വൈദികൻ  മുമ്പ് ദിലീപിന്‍റെ വീട്ടിൽ പോയിട്ടുണ്ട്.

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ (actress assault case) തിരുവനന്തപുരം ലത്തീൻ രൂപതയിലെ വൈദികനായ വിക്ടറിന്‍റെ മൊഴിയെടുക്കുന്നു. ആലുവ പൊലീസ് ക്ലബിലേക്കാണ് വിളിച്ച് വരുത്തിയാണ് മൊഴിയെടുക്കല്‍. വൈദികനുമായി ദിലീപിനുളള സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചാണ് വ്യക്തത തേടുന്നത്. വൈദികനുമായി ദിലീപിനും സംവിധായകൻ ബാലചന്ദ്രകുമാറിനും സൗഹൃദമുണ്ടായിരുന്നു. സംവിധായകൻ ബാലചന്ദ്രകുമാർ വൈദികൻ വഴി തന്നോട് പണം ആവശ്യപ്പെട്ടിരുന്നെന്ന് ദിലീപ് പിന്നീട് ആരോപിച്ചിരുന്നു. ദിലീപിന് ജാമ്യം കിട്ടാൻ നെയ്യാറ്റിൻകര ബിഷപ്പ് ഇടപെട്ടെന്ന ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിനെപ്പറ്റിയും ഇതിന് തുടർച്ചയായി ക്രൈംബ്രാഞ്ച് പരിശോധിക്കും.  

തന്‍റെ മാറ്റം നടിയെ ആക്രമിച്ച കേസിനെ ബാധിക്കില്ല, കേസിൽ ബാഹ്യപ്രേരണയില്ല: വിവാദങ്ങൾ തള്ളി എസ് ശ്രീജിത്ത്

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിനെ തന്റെ സ്ഥാനമാറ്റം ബാധിക്കില്ലെന്ന് ട്രാൻസ്പോർട് കമ്മീഷണറായി ചുമതലയേറ്റ എസ് ശ്രീജിത്ത്. ക്രൈം ബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്നുള്ള തന്റെ മാറ്റം അന്വേഷണത്തെ ബാധിക്കില്ല. അത്തരം വാദങ്ങൾ ഉയർത്തി കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കരുതെന്നും അദ്ദേഹം പറഞ്ഞു.

താനിപ്പോൾ ഏറ്റെടുത്തിരിക്കുന്നത് ഉത്തരവാദിത്വമുള്ള ജോലിയാണ്. തന്റെ സ്ഥാനമാറ്റവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ല. കേസിൽ തുടരന്വേഷണം പ്രഖ്യാപിച്ചത് സർക്കാരാണ്. അന്വേഷണ സംഘത്തെ തീരുമാനിച്ചതും സർക്കാരാണ്. ബാഹ്യപ്രേരണ ഉണ്ടോയെന്ന സംശയം ബലിശമാണ്. ബാഹ്യ പ്രേരണ ഉണ്ടായിരുന്നെങ്കിൽ ഇത്രത്തോളം അന്വേഷണം നടക്കുമോ? താൻ അന്വേഷണത്തിന്റെ മുഖം മാത്രമായിരുന്നുവെന്നും അദ്ദേഹം ട്രാൻസ്പോർട് കമ്മീഷണറായി ചുമതലയേറ്റ ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

പൊലീസിൽ ആരും ഒറ്റയ്ക്ക് പണിയെടുക്കുന്നില്ലെന്ന് എസ് ശ്രീജിത്ത് പറഞ്ഞു. കേസന്വേഷണം തുടർച്ചയായ കാര്യമാണ്. ഒരുപാട് പേർ പോലീസ് സേനയിൽ ഉണ്ട്. അന്വേഷണ സംഘത്തിന് ഒരു മാറ്റവുമില്ല. താൻ മാറിയെന്ന് വിചാരിച്ചു അന്വേഷണത്തെ ബാധിക്കില്ല. തന്നെക്കാൾ മിടുക്കനാണ് നിലവിലെ മേധാവി. താൻ മാത്രമായി ഒന്നും ചെയ്തിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കരുത്. രണ്ട് കേസിലും ഒരുപാട് വിവാദങ്ങൾ ഉണ്ടായിട്ടുണ്ട്. അതൊന്നും അന്വേഷണത്തെ ബാധിച്ചിട്ടില്ല. ഇത്രത്തോളം മാനം തന്റെ സ്ഥാനമാറ്റത്തിന് കൊടുക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ദിലീപിന്റെ അഭിഭാഷകരുടെ പരാതിയുമായി ബന്ധപ്പെട്ട ചോദ്യത്തിൽ പ്രതികൾക്ക് അവരുടേതായ അവകാശങ്ങൾ ഉണ്ടെന്നായിരുന്നു ശ്രീജിത്തിന്റെ മറുപടി. അവർ മുമ്പും തനിക്കെതിരെ പരാതി  കോടുത്തിട്ടുണ്ട്. അതിന്റെ പേരിലാണ് തന്റെ മാറ്റം എന്ന് എങ്ങനെ ഊഹിക്കാനാകും? അതുമായി ഒരു ബന്ധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

click me!