Latest Videos

എഫ്ഐആറില്‍ ഗുരുതര ആരോപണം; കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് ഡ്രൈവറുമായി തർക്കിച്ച കേസിൽ മേയറുടെ മൊഴി ഇന്നെടുക്കും

By Web TeamFirst Published May 7, 2024, 7:32 AM IST
Highlights

ബസിലെ സിസിടിവി ക്യാമറയുടെ മെമ്മറി കാർഡ് പ്രതികൾ സ്വാധീനം ഉപയോഗിച്ച് നശിപ്പിച്ചെന്ന ഗുരുതര ആരോപണവും എഫ്ഐആറിലുണ്ട്. എംഎല്‍എ അസഭ്യവാക്കുകളുപയോഗിച്ചതായി എഫ്ഐആറില്‍ പറയുന്നു. 

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസ് തടഞ്ഞ കേസിൽ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്റെയും സച്ചിൻദേവ് എംഎൽഎയുടെയും മൊഴി ഇന്ന് പൊലീസ് രേഖപ്പെടുത്തും. എംഎല്‍എ ബസില്‍ അതിക്രമിച്ചു കയറിയിട്ടുണ്ടോയെന്ന കാര്യത്തില്‍ സമഗ്ര അന്വേഷണം നടത്താനാണ് തീരുമാനം. ബസിലെ സിസിടിവി ക്യാമറയുടെ മെമ്മറി കാർഡ് പ്രതികൾ സ്വാധീനം ഉപയോഗിച്ച് നശിപ്പിച്ചെന്ന ഗുരുതര ആരോപണവും എഫ്ഐആറിലുണ്ട്. എംഎല്‍എ അസഭ്യവാക്കുകളുപയോഗിച്ചതായി എഫ്ഐആറില്‍ പറയുന്നു. 

കെഎസ്ആ‍ര്‍ടിസി ഡ്രൈവർ യദുവിന്റെ ഹർജിയിൽ കോടതി നിർദേശം നൽകിയതോടെയാണ് പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. പൊലീസ് കേസെടുക്കാതിരുന്നതോടെ യദു തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തി, അന്യായമായി തടഞ്ഞുവച്ചു എന്നിവയാണ് യദുവിന്റെ പരാതിയിലുണ്ടായിരുന്നത്. നേരത്തെ അഭിഭാഷകന്റെ ഹർജിയിൽ മേയ‍ര്‍ക്കും എംഎൽഎക്കുമെതിരെ ജാമ്യം ലഭിക്കുന്ന വകുപ്പ് ചുമത്തി കേസെടുത്തിരുന്നു. മേയറും ഡ്രൈവറും തമ്മിലുണ്ടായ തർക്കത്തിൽ ഇതോടെ നാല് കേസുകൾ രജിസ്റ്റ‍ര്‍ ചെയ്തു. 

click me!