'വിഎസിന് തുല്യം വിഎസ് മാത്രം'; അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസിനെ അനുസ്മരിച്ച് രാഷ്ട്രീയ നേതാക്കൾ

Published : Jul 21, 2025, 05:04 PM IST
V S Achuthanandan

Synopsis

അന്തരിച്ച മുൻ മുഖ്യമന്ത്രി മുതിർന്ന സിപിഎം നേതാവ് വിഎസ് അച്യുതാനന്ദനെ അനുസ്മരിച്ച് രാഷ്ട്രീയ നേതാക്കൾ

തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി, മുതിർന്ന സിപിഎം നേതാവ് വിഎസ് അച്യുതാനന്ദനെ അനുസ്മരിച്ച് നേതാക്കൾ. സംസ്ഥാനത്തും പുറത്തുമുള്ള വിവിധ ദേശീയ പാർട്ടി നേതാക്കളാണ് വിഎസിൻ്റെ വിയോഗം വലിയ നഷ്ടമെന്ന് അടയാളപ്പെടുത്തുന്നത്. രണരംഗത്തും രാഷ്ട്രീയ രംഗത്തും സമുന്നതനായ നേതാവാണ് വിഎസെന്നും മുഖ്യമന്ത്രിയെന്ന നിലയിലാണ് പരിചയപ്പെട്ടതെന്നും അനുസ്മരിച്ച ശരത് പവാർ, രാജ്യത്തെ ഏറ്റവും മുതിർന്ന നേതാവിന്റെ വിടവാങ്ങൽ സങ്കടകരമെന്നും പറഞ്ഞു.

വിഎസുമായി ഒരുപാട് അനുഭവമുണ്ടെന്നും പാർശ്വവത്കരിക്കപ്പെട്ടവർക്ക് വേണ്ടി അദ്ദേഹം ശക്തമായ നിലപാട് സ്വീകരിച്ചുവെന്നും എൻകെ പ്രമചന്ദ്രൻ എംപി അനുസ്മരിച്ചു. സംസ്ഥാന താത്പര്യം സംരക്ഷിക്കുന്നതിൽ ശക്തമായ നിലപാട് സ്വീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പുതിയ തലമുറയ്ക്ക് പഠിക്കാനുള്ള പാഠപുസ്തകമാണ് വിഎസെന്നും മരണത്തെ പോലും വെല്ലുവിളിച്ച നേതാവാണ് അദ്ദേഹമെന്നും എകെ ബാലൻ പറഞ്ഞു. സമര തീച്ചൂളകളിലൂടെ വളർന്ന വിഎസ് എന്ന രണ്ടക്ഷരം ജനം ഏറ്റെടുത്തുവെന്നും അദ്ദേഹത്തിന് തുല്യം അദ്ദേഹം മാത്രമെന്നും എളമരം കരീം പറഞ്ഞു.

വിഎസിൻ്റെ വിയോഗം കേരളത്തിന് മാത്രമല്ല രാജ്യത്തിന് തീരാ നഷ്ടമെന്ന് പശ്ചിമ ബംഗാളിലെ സിപിഎം നേതാവും പിബി അംഗവുമായ നിലോൽപൽ ബസു പ്രതികരിച്ചു. അതീവ ദുഃഖം രേഖപ്പെടുത്തുന്നു. എല്ലാ സംസ്ഥാന കമ്മറ്റികളും 72 മണിക്കൂർ പാർട്ടി പതാക പകുതി താഴ്ത്തി കെട്ടാൻ ആവശ്യപ്പെട്ടു. പാർട്ടി ജനറൽ സെക്രട്ടറി കേരളത്തിലുണ്ട്. കൂടുതൽ നേതാക്കൾ. ചടങ്ങുകളിൽ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

വിഎസ് സ്വയം ചരിത്രം രചിച്ച നേതാവെന്നും പാവപ്പെട്ടവരുടെ പോരാളിയെന്നും ജനങ്ങൾക്കും പാർട്ടിക്കും വേണ്ടി അക്ഷീണം പ്രയത്നിച്ചുവെന്നും ബൃന്ദ കാരാട്ട് പറഞ്ഞു. പ്രതിപക്ഷ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് മറ്റൊരു മുഖം നല്‍കിയ നേതാവാണ് വിഎസെന്ന് ടിഎൻ സീമ പ്രതികരിച്ചു. ലോട്ടറി വിവാദം ഉള്‍പ്പെടെ കേരള രാഷ്ട്രീയം വലിയ തോതില്‍ ചര്‍ച്ച ചെയ്ത വിഷയങ്ങളില്‍ പ്രതിപക്ഷത്തെ പിന്തുണയ്ക്കുന്ന നിലപാട് എത്രയോ തവണ മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് വി.എസ് സ്വീകരിച്ചിട്ടുണ്ട്. രാഷ്ട്രീയമായി വി.എസുമായി പിണങ്ങേണ്ട സാഹചര്യവും ഉണ്ടായിട്ടുണ്ട്. പക്ഷേ ഒരിക്കലും വ്യക്തിപരമായ വിരോധവും അസ്വസ്ഥതയും അദ്ദേഹം പ്രകടിപ്പിച്ചില്ലെന്നും അവർ ചൂണ്ടിക്കാട്ടി.

വേറിട്ട ആയിരക്കണക്കിന് സമരങ്ങൾക്ക് നേതൃത്വം പോരാളിയായിരുന്നു വിഎസെന്ന് എം എം മണി എംഎൽഎ പ്രതികരിച്ചു. വിപ്ലവ പ്രസ്ഥാനത്തിൻറെ ഇന്ത്യയിലെ ജീവിച്ചിരിക്കുന്ന ഇതിഹാസമായിരുന്നു. കേരളത്തിലെ സാമൂഹ്യ പരിഷ്കരണത്തിന് മഹത്തായ സംഭവന നൽകിയ ആളാണ്. അധ്വാനിക്കുന്ന ജനവിഭാഗങ്ങൾക്കൊപ്പമായിരുന്നു അദ്ദേഹമെപ്പോഴുമെന്നും എം എം മണി ചോദിച്ചു.

വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിൽ കഴിഞ്ഞിരുന്ന വിഎസ് അച്യുതാനന്ദൻ ഇന്ന് വൈകിട്ട് 3.20 നാണ് മരിച്ചത്. അദ്ദേഹത്തിൻ്റെ മൃതദേഹം ഇന്ന് രാത്രി വീട്ടിൽ പൊതുദർശനത്തിന് വെക്കും. നാളെ രാവിലെ ദർബാർ ഹാളിലും ഉച്ചയ്ക്ക് ശേഷം ആലപ്പുഴയിലേക്ക് കൊണ്ടുപോകും. വൈകിട്ട് ആലപ്പുഴയിലെ വീട്ടിൽ പൊതുദർശനത്തിന് വെക്കും. മറ്റന്നാൾ രാവിലെ പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് കൊണ്ടുപോകും. വൈകിട്ടോടെ സംസ്കാരം നടക്കും. പാർട്ടി പതാകകൾ താഴ്ത്തിക്കെട്ടണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നിർദേശം നൽകി.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
click me!

Recommended Stories

ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം
രണ്ടു വയസ്സുള്ള കുഞ്ഞിൻ്റെ തിരോധാനത്തിൽ വൻ വഴിത്തിരിവ്; കുഞ്ഞിനെ അമ്മയും മൂന്നാം ഭർത്താവും ചേർന്ന് കൊലപ്പെടുത്തിയതായി കണ്ടെത്തി