
സംസ്ഥാനത്തിന് പുതിയതായി അനുവദിച്ച കേന്ദ്രീയ വിദ്യാലയം രാഷ്ട്രീയ തര്‍ക്കങ്ങളെ തുടര്‍ന്ന് മൂന്ന് വര്‍ഷമായിട്ടും തുടങ്ങാനായില്ല. എറണാകുളം തൃക്കാക്കരയില്‍ കണ്ടെത്തിയ സ്ഥലം സംബന്ധിച്ച രാഷ്ട്രീയ തര്‍ക്കമാണ് തടസമായി നിൽക്കുന്നത്. റവന്യൂ വകുപ്പിന്‍റെ ഉടമസ്ഥയതയിലുള്ള തെങ്ങോട് പഴങ്ങാട്ടു ചാലിലെ എട്ടരയേക്കർ സ്ഥലത്തില്‍ അഞ്ചേക്കര്‍ മണ്ണടിച്ചു നികത്തി ഇവിടെ സ്കൂളിന് കെട്ടിടം നിര്‍മ്മിക്കാനാണ് നഗരസഭ തീരുമാനിച്ചത്.
എന്നാല്‍ ഈ സ്ഥലത്ത് സ്കൂളിന് കെട്ടിടം പണിയേണ്ടെന്നാണ് നഗരസഭയിലെ പ്രതിപക്ഷമായ സിപിഎമ്മിന്‍റെ നിലപാട്. നേരത്തെ പറയാത്ത ആരോപണങ്ങളാണ് ഇപ്പോള്‍ ഉന്നയിക്കുന്നതെന്നും പദ്ധതി തടസപെടുത്താൻ സി.പി.എം ശ്രമിക്കുന്നത് രാഷ്ട്രീയ വിരോധം കൊണ്ടാണെന്നുമാണ് യു.ഡി.എഫിന്‍റെ പരാതി.
2019 ലാണ് 16 സംസ്ഥാനങ്ങളിലായി കേന്ദ്ര സര്‍ക്കാര്‍ 29 കേന്ദ്രീയ വിദ്യാലയങ്ങള്‍ അനുവദിച്ചത് . ഇതില്‍ 28 ഉം പ്രവർത്തനം ആരംഭിച്ച് കഴിഞ്ഞു. കേരളത്തിന് അനുവദിച്ചത് മാത്രം ഇപ്പോഴും ഏത് സ്ഥലത്ത് കെട്ടിടം നിര്‍മ്മിക്കണമെന്ന രാഷ്ട്രീയ തര്‍ക്കത്തില്‍ കുടുങ്ങിക്കിടക്കുകയാണ്. രാഷ്ട്രീയ തര്‍ക്കങ്ങളെ പഴിചൊല്ലി കോട്ടയം റൌണ്ടാനയിലെ ആകാശപാത നിര്‍മ്മാണം തുടങ്ങി ഏഴുവര്‍ഷം കഴിഞ്ഞിട്ടും പണി തീര്‍ന്നിട്ടില്ല.
ആകാശപാതയെന്നു പേരിട്ട പദ്ധതിയുടെ ഉദ്ഘാടന വേളയില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞത് അഞ്ച് മാസം കൊണ്ട് ആകാശ പാത പൂർത്തിയാക്കുമെന്നായിരുന്നു. എന്നാല്‍ പദ്ധതി മുടങ്ങിയതില്‍ സര്‍ക്കാരിന് ഉത്തരവാദിത്തമില്ല. തിരുവഞ്ചൂര്‍ മാത്രമാണ് പദ്ധതി അനിശ്ചിതത്വത്തിലായതിന് ഉത്തരവാദിയെന്നുമാണ് സിപിഎം ആരോപിക്കുന്നത്.