'ഇതുകൊണ്ടൊന്നും തകർക്കാനാവില്ല'; അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്നും എംസി കമറുദ്ദീൻ

By Web TeamFirst Published Nov 7, 2020, 4:50 PM IST
Highlights

ചന്തേര പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത നാല് കേസുകളിലാണ് എംഎൽഎയെ അറസ്റ്റ് ചെയ്തത്. 109 കേസുകൾ ഇദ്ദേഹത്തിനെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്

തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പിൽ തന്നെ അറസ്റ്റ് ചെയ്തത് സംസ്ഥാന സർക്കാരിന്റെ നിർദ്ദേശ പ്രകാരമാണെന്ന് എംസി കമറുദ്ദീൻ എംഎൽഎ. അറസ്റ്റിന് മുൻപ് നോട്ടീസ് നൽകിയില്ലെന്നും രാഷ്ട്രീയ പ്രേരിതമാണ് അറസ്റ്റെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച തന്റെ കേസ് കേരള ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. അതുകൊണ്ടാണ് ഇന്ന് ജനപ്രതിനിധിയായിട്ടും തന്നെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തത്. ഇതുകൊണ്ടൊന്നും എന്നെ തകർക്കാനാവില്ല എന്ന് കൂടി എംഎൽഎ പറഞ്ഞു. എസ്‌പി ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് എംഎൽഎയെ അറസ്റ്റ് ചെയ്തത്.

കൊവിഡ് പരിശോധനക്കായി കാസർകോട് ജനറൽ ആശുപത്രിയിലേക്കാണ് എംഎൽഎയെ കൊണ്ടുപോയിരിക്കുന്നത്. ഇവിടെ നിന്ന് ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുൻപാകെ ഹാജരാക്കും. ചന്തേര പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത നാല് കേസുകളിലാണ് എംഎൽഎയെ അറസ്റ്റ് ചെയ്തത്. 109 കേസുകൾ ഇദ്ദേഹത്തിനെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 13 കോടിയിലേറെ രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസാണ് ഇതുവരെ എംഎൽഎയ്ക്ക് എതിരെ ചുമത്തിയിരിക്കുന്നത്.

click me!