
പൊന്നാനി: കേരളത്തിന്റെ സമുദ്രവ്യാപാര ചരിത്രത്തിൽ പുതിയ അധ്യായമെഴുതി പൊന്നാനിയിൽ വൻകിട കപ്പൽ നിർമ്മാണശാല വരുന്നു. കൊച്ചി കപ്പൽശാല കഴിഞ്ഞാൽ സംസ്ഥാനത്തെ ഏറ്റവും വലിയ കപ്പൽ നിർമ്മാണ കേന്ദ്രമായി പൊന്നാനിയെ മാറ്റാനാണ് പദ്ധതി. കേരള മാരിടൈം ബോർഡിന്റെ നേതൃത്വത്തിൽ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാണ് ഈ ബൃഹദ് പദ്ധതി യാഥാർത്ഥ്യമാകുന്നത്. രണ്ട് ഘട്ടങ്ങളിലായാണ് കപ്പൽശാലയുടെ നിർമ്മാണം വിഭാവനം ചെയ്തിരിക്കുന്നത്. ഒന്നാം ഘട്ടത്തിൽ 200 കോടി രൂപയുടെ നിക്ഷേപത്തിൽ ചെറുകിട കപ്പലുകളുടെ നിർമ്മാണ കേന്ദ്രം ആരംഭിക്കും. ഇതിനായി അഴിമുഖത്ത് വാർഫും നിർമ്മിക്കും.
രണ്ടാം ഘട്ടമായി 7 മുതൽ 10 വർഷത്തിനുള്ളിൽ 1000 കോടി രൂപയുടെ നിക്ഷേപം ഉറപ്പാക്കി വൻകിട കപ്പലുകൾ നിർമ്മിക്കാനുള്ള സജ്ജീകരണങ്ങൾ ഒരുക്കും. വെറുമൊരു കപ്പൽശാല മാത്രമല്ല, പൊന്നാനിയുടെ മുഖച്ഛായ മാറ്റുന്ന ഒരു വ്യവസായ സമുച്ചയമാണ് വരുന്നത്. പദ്ധതി പൂർണ്ണതോതിലാകുന്നതോടെ നേരിട്ടും അല്ലാതെയും ആയിരത്തോളം പേർക്ക് തൊഴിൽ ലഭിക്കും. കപ്പൽ നിർമ്മാണ മേഖലയിൽ വിദഗ്ധരായ തൊഴിലാളികളെ വാർത്തെടുക്കാൻ അത്യാധുനിക പരിശീലന കേന്ദ്രവും പദ്ധതിയുടെ ഭാഗമായി ആരംഭിക്കും. കപ്പൽ യാർഡ് സജീവമാകുന്നതോടെ പൊന്നാനി തുറമുഖം വഴിയുള്ള ചരക്ക് നീക്കവും വർദ്ധിക്കും.
പൊന്നാനി ഫിഷിംഗ് ഹാർബറിന് പടിഞ്ഞാറ് വശത്തായി മാരിടൈം ബോർഡിന്റെ കൈവശമുള്ള 29 ഏക്കറോളം ഭൂമിയിലാണ് പദ്ധതി വരുന്നത്. പുലിമുട്ടിനോട് ചേർന്ന് പഴയ ജങ്കാർ ജെട്ടിക്ക് സമീപമാണ് വാർഫ് നിർമ്മിക്കുക. നിലവിൽ ഈ ഭൂമിയിലുള്ള മീൻ ചാപ്പകൾ ഹാർബറിന്റെ കിഴക്ക് ഭാഗത്തേക്ക് മാറ്റിസ്ഥാപിക്കാൻ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ തീരുമാനമായിട്ടുണ്ട്. ടെൻഡർ നടപടികൾ പൂർത്തിയായ പദ്ധതിയുടെ കരാർ ഒപ്പിടൽ രണ്ടാഴ്ചയ്ക്കുള്ളിൽ നടക്കും. പി. നന്ദകുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ പ്രദേശവാസികളുടെ സഹകരണം ഉറപ്പാക്കി വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കാനാണ് തീരുമാനം. കപ്പൽ നിർമാണ ശാലക്ക് കണ്ടെത്തിയിരിക്കുന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന മീൻ ചാപ്പകൾക്ക് ഹാർബറിന്റെ കിഴക്കുഭാഗത്ത് സൗകര്യം ഒരുക്കാൻ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായിട്ടുണ്ട്. കപ്പൽ നിർമാണശാല പൊന്നാനിയുടെ വികസന രംഗത്ത് വൻ കുതിച്ചുചാട്ടത്തിന് കാരണമാകുമെന്നും പദ്ധതിക്ക് തദ്ദേശീയമായ സഹകരണം ഉറപ്പാക്കാൻ എല്ലാവരും മുന്നോട്ടു വരണമെന്നും പി. നന്ദകുമാർ എം.എൽ.എ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam