
വത്തിക്കാന്‍: പാവപ്പെട്ടവര്‍ക്കുനേരെ കണ്ണടക്കരുതെന്ന് ഫ്രാൻസിസ് മാര്‍പ്പാപ്പയുടെ ക്രിസ്തുമസ് സന്ദേശം. കടുത്ത നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന വത്തിക്കാനില്‍ 100 പേരില്‍ താഴെ മാത്രമാണ് പാതിരാ കുര്‍ബാനയില്‍ പങ്കെടുത്തത്. കൊവിഡ് ഭീതി കാരണം ബെത്‍ലഹേമിലെ തിരുപ്പിറവി ദേവാലയത്തിലും പതിവ് തിരക്കുണ്ടായില്ല.
2019 ലെ ക്രിസ്തുമസ് രാത്രിയില്‍ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ സൂചികുത്താൻ പോലും സ്ഥലമില്ലിയിരുന്നു. കാലം കൊവിഡിന് പിന്നിലായപ്പോള്‍ ചത്വരവും നിശബ്ദമായി. ഇത്തവണത്തെ പാതിരാ കുര്‍ബാനയില്‍ നൂറില്‍ താഴെ ആളുകള്‍ മാത്രമാണ് പങ്കെടുത്തത്. ഫ്രാൻസിസ് മാര്‍പ്പാപ്പ ഒഴികെ മുഴുവൻ ആളുകളും മാസ്ക് ധരിച്ചിരുന്നു. പാവപ്പെട്ടവരെ സഹായിക്കുന്നതാണ് ഏറ്റവും വലിയ ക്രിസ്തുമസ് സമ്മാനമെന്ന് ഫ്രാൻസിസ് മാര്‍പ്പാപ്പ പറഞ്ഞു.
സാധാരണയിലും രണ്ട് മണിക്കൂര്‍ നേരത്തെയാണ് വത്തിക്കാനില്‍ പ്രാര്‍ത്ഥനാ ചടങ്ങുകള്‍ തുടങ്ങിയത്. ഇറ്റലിയില്‍ രാത്രികാല കര്‍ഫ്യൂ നിലനില്‍ക്കുകയാണ്. പ്രാദേശിക സമയം രാത്രി 10 മണിക്ക് മുമ്പ് വിശ്വാസികള്‍ക്ക് വീടുകളിലെത്തണമെന്നതിനാലാണ് പ്രാര്‍ത്ഥന നേരത്തെയാക്കിയത്. ജോര്‍ദാനിലും ബെത്‍ലഹേമിലുമെല്ലാം ക്രിസ്തുമസ് ആഘോഷങ്ങള്‍ ഇങ്ങനെ തന്നെയാണ്. ദേവാലയങ്ങളില്‍ വളരെ കുറച്ച് പേര്‍ മാത്രമാണ് എത്തിയത്.
പലരും ക്രിസ്തുമസ് ആഘോഷങ്ങള്‍ വീടുകളില്‍ ഒതുക്കി. ബെത്ലഹേമിലെ മാഞ്ചർ ചത്വരം ഒഴിഞ്ഞുകിടന്നു. അതേസമയം ബ്രസീലില്‍ കൊവിഡ് ഭീതിയൊന്നും ജനങ്ങളിലുണ്ടായിരുന്നില്ല. മാര്‍ക്കറ്റുകളില്‍ വലിയ ജനക്കൂട്ടം സജീവമായിരുന്നു. സാമൂഹിക അകലം അവിടെ വെറും കെട്ടുകഥയായി. ക്രിസ്മസ് അത്ഭുതമായി കൊവിഡ് വാക്സീൻ ഉയർത്തിക്കാട്ടിയായിരുന്നു അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ക്രിസ്മസ് സന്ദേശം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam