സിബിഐ അന്വേഷണം തുടങ്ങുന്നതിൽ ആശയക്കുഴപ്പം; പോപ്പുലർ ഫിനാന്‍സ് തട്ടിപ്പ് കേസന്വേഷണം പ്രതിസന്ധിയിൽ

By Web TeamFirst Published Nov 28, 2020, 6:57 AM IST
Highlights

കഴിഞ്ഞ ദിവസം ദക്ഷിണ മേഖല ഐജി ഇറക്കിയ ഉത്തരവ് പ്രകാരം ഇനി എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യേണ്ടന്നും ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദേശം നൽകി. കേസ് സിബിഐക്ക് കൈമാറിയ സാഹചര്യത്തിലാണ് നടപടി. 

പത്തനംതിട്ട: പോപ്പുലർ ഫിനാന്‍സ് തട്ടിപ്പ് കേസിൽ അന്വേഷണം പ്രതിസന്ധിയിൽ. നിലവിൽ കേസന്വേഷിക്കുന്ന കേരള 
പൊലീസ് പുതുതായി കേസ് രജിസ്റ്റർ ചെയ്യുന്നത് നിർത്തി. ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടും സിബിഐ അന്വേഷണം തുടങ്ങുന്നതിൽ ആശയക്കുഴപ്പവും നിലനിൽക്കുന്നു.

2000 കോടിയിലധികം രൂപയുടെ തട്ടിപ്പിൽ ഏറെ ഗൗരവത്തോടെയാണ് ആദ്യഘട്ടത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയത്. ആദ്യ കേസ് രജിസ്റ്റർ ചെയ്ത ഒരു മാസത്തിനകം പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി കെ ജി സൈമന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതികളെ മുഴുവൻ പിടികൂടുകയും ചെയ്തു. നിക്ഷേപകരുടെ പരാതികളും ഹർജികളും ഹൈക്കോടതിയിൽ നിരന്തരം എത്തിയതോടെ കേസ് സിബിഐക്ക് കൈമാറുകയും ചെയ്തു. എന്നാൽ സിബിഐ ഇതുവരെ കേസ് അന്വേഷണം തുടങ്ങിയിട്ടുമില്ല. ഇതോടെ സിബിഐയിൽ ആശ്വാസം കണ്ടെത്തിയ വഞ്ചിക്കപ്പെട്ടവർ വീണ്ടും പ്രതിസന്ധിയിലായി. കഴിഞ്ഞ ദിവസം ദക്ഷിണ മേഖല ഐജി ഇറക്കിയ ഉത്തരവ് പ്രകാരം ഇനി എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യേണ്ടന്നും ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദേശം നൽകി. സർക്കാർ കേസ് സിബിഐക്ക് കൈമാറിയ സാഹചര്യത്തിലാണ് നടപടിയെന്നും ഉത്തരവിൽ പറയുന്നു. 

എന്നാൽ ഇതുവരെ രജിസ്റ്റർ ചെയ്ത എഫ്ഐആറുകളിൽ അന്വേഷണം തുടരുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥൻ പറയുന്നത്. 1368 കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഈ കേസുകളിൽ പ്രതികൾ പുറത്തിറങ്ങാതിരിക്കുനുള്ള നടപടികൾ സ്വീകരിച്ചു. അറുപത് ദിവസത്തെ നിശ്ചിത് ഇടവേളയിലാണ് ഓരോ കേസിലും പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുന്നതും റിമാന്റ് ചെയ്യുന്നതും. ആദ്യ രജിസ്റ്റർ ചെയ്ത കേസിൽ പ്രതികൾക്ക് കഴിഞ്ഞ ദിവസം ജാമ്യം കിട്ടിയിരുന്നു.

click me!