പോപ്പുലർ ഫിനാൻസ് തട്ടിപ്പ്; പ്രതികളുടെ റിയൽ എസ്റ്റേറ്റ് നിക്ഷേപം കേന്ദ്രീകരിച്ച് അന്വേഷണം

By Web TeamFirst Published Sep 10, 2020, 5:34 AM IST
Highlights

പോപ്പുലർ ഉടമകളുടെ വകയാറിലെ വീട്ടിലും വിവിധ ശാഖകളിലും പൊലീസ് നടത്തിയ റെയിഡിൽ ഏക്കർ കണക്കിന് ഭൂമിയുടെ പ്രമാണങ്ങൾ കണ്ടെത്തിയിരുന്നു. തമിഴ്നാട്ടിലും ആന്ധ്ര പ്രദേശിലും പ്രതികളുടെ പേരിൽ റിയൽ എസ്റ്റേറ്റ് നിക്ഷേപം നടന്നിട്ടുണ്ട്.

പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ പ്രതികളുടെ റിയൽ എസ്റ്റേറ്റ് നിക്ഷേപം കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. കൂടുതൽ തെളിവുകൾ ശേഖരിക്കാനായി ഒന്നാം പ്രതി റോയി ഡാനിയേലുമായി അന്വേഷണ സംഘം തമിഴ്നാട്ടിലേക്ക് പോയി.

പോപ്പുലർ ഉടമകളുടെ വകയാറിലെ വീട്ടിലും വിവിധ ശാഖകളിലും പൊലീസ് നടത്തിയ റെയിഡിൽ ഏക്കർ കണക്കിന് ഭൂമിയുടെ പ്രമാണങ്ങൾ കണ്ടെത്തിയിരുന്നു. തമിഴ്നാട്ടിലും ആന്ധ്ര പ്രദേശിലും പ്രതികളുടെ പേരിൽ റിയൽ എസ്റ്റേറ്റ് നിക്ഷേപം നടന്നിട്ടുണ്ട്. ഈ സ്ഥലങ്ങളിൽ നേരിട്ടെത്തി തെളിവുകൾ ശേഖരിക്കുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. 

ഇതിനു വേണ്ടിയാണ് റോയി ഡാനിയലിനെ തമിഴ്നാട്ടിലേക്ക് കൊണ്ടുപോയത്. കണ്ടെത്തിയ രേഖകൾ പ്രകാരമുള്ള ആന്ധ്ര പ്രദേശിലെ സ്ഥലങ്ങളിലും റോയിയെ എത്തിച്ച് തെളിവെടുക്കും. കേസിലെ മറ്റ് പ്രതികളായ പ്രഭ തോമസ്, റിനു മറിയം, റേബ മേരി എന്നിവരെ സംസ്ഥാനത്തിനുള്ളിലെ സ്ഥലങ്ങളിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തുക. വിദേശ ബാങ്കുകളിലെ അക്കൗണ്ട് രേഖകളും പരിശോധനയിൽ പിടിച്ചെടുത്തു. എന്നാൽ ഈ അക്കൗണ്ടുകളിൽ നിക്ഷേപം ഉണ്ടോ എന്നറിയാൻ ബാങ്കുകളെ നേരിട്ട് സമീപിക്കേണ്ടി വരും. 

ഇതുവരെ കണ്ടെടുത്ത രേഖക‌ൾ സൈബർ സെല്ലിലെ ഉദ്യോഗസ്ഥരും പരിശോധിക്കും. പോപ്പുലറിന്റെ വിവിധ ശാഖകളിലെ മാനേജർമാർ  സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് പ്രതികൾ മൊഴി നൽകിയിരുന്നു. ഈ സാഹചര്യത്തിൽ അന്വേഷണ സംഘം മുഴുവൻ ബ്രാഞ്ച് മാനേജർമാരുടെയും മൊഴി രേഖപ്പെടുത്തും.

click me!