ക്ലിഫ് ഹൗസ് മാർച്ചും സംഘർഷവും പിണറായി വിജയൻ സംവിധാനം ചെയ്ത തെരുവ് നാടകമെന്ന് പി സി ജോർജ്

Published : Jun 06, 2022, 07:29 PM IST
ക്ലിഫ് ഹൗസ് മാർച്ചും സംഘർഷവും പിണറായി വിജയൻ സംവിധാനം ചെയ്ത തെരുവ് നാടകമെന്ന് പി സി ജോർജ്

Synopsis

പിണറായിയുടെ തീവ്രവാദ പ്രീണന നയങ്ങൾക്കെതിരെയുള്ള വലിയ ജനവികാരമാണ് യുഡിഎഫിന് ലഭിച്ച വലിയ ഭൂരിപക്ഷം

കോട്ടയം: തിരുവനന്തപുരത്ത് പോപ്പുലർ ഫ്രണ്ട് (Popular Front) നടത്തിയ ക്ലിഫ് ഹൗസ് മാർച്ചും അതിന് നേരെയുണ്ടായ പൊലീസ് നടപടിയും, സംഘർഷങ്ങളും മുഖ്യമന്ത്രി പിണറായി വിജയനും (Pinarayi Vijayan) പോപ്പുലർ ഫ്രണ്ടും ചേർന്ന് നടത്തിയ രാഷ്ട്രീയ നാടകമാണെന്ന് മുൻ എംഎൽഎ പി സി ജോർജ് (P C George). തൃക്കാക്കര തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തിയ  സിപിഎം നേതൃത്വം തിരിച്ചടിയുടെ അടിസ്ഥാനം ഭരണവിരുദ്ധ വികാരങ്ങളേക്കാൾ പിണറായിയുടെ തീവ്രവാദ പ്രീണന നയങ്ങൾക്കെതിരെയുള്ള  ശക്തമായ പ്രതിഷേധം ആണെന്നാണ് വിലയിരുത്തിയത്.

അതിന്റെ അടിസ്ഥാനത്തിൽ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള രാഷ്ട്രീയ നാടകം മാത്രമാണ്‌ ഇന്ന് തിരുവന്തപുരത്ത് നടന്നത്. പിണറായിയുടെ തീവ്രവാദ പ്രീണന നയങ്ങൾക്കെതിരെയുള്ള വലിയ ജനവികാരമാണ് യുഡിഎഫിന് ലഭിച്ച വലിയ ഭൂരിപക്ഷം. യുഡിഎഫ് ഇലക്ഷൻ കമ്മിറ്റി പോലും പതിനായിരത്തിൽ താഴെ ഭൂരിപക്ഷം കണക്ക് കൂട്ടിയപ്പോൾ യുഡിഎഫ് സ്ഥാനാർഥിയുടെ ഭൂരിപക്ഷം ഇരുപത്തിയയ്യായിരം കടന്നതിന് അടിസ്ഥാനവും അതായിരുന്നു. തൃക്കാക്കര ബിജെപി ശാക്തിക മേഖല അല്ലെന്നിരിക്കെ പിണറായിക്കെതിരെയുള്ള ജനരോഷം ജയസാധ്യതയുള്ള സ്ഥാനാർത്ഥി എന്ന നിലയിൽ യുഡിഎഫിന് അനുകൂലമായി മാറുകയായിരുന്നു.

ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തീവ്രവാദ പ്രീണന നയങ്ങൾക്കെതിരെയുള്ള ഇതര സമൂഹങ്ങളുടെ ഏകീകരണം കേരളത്തിന്റെ ഭാവി രാഷ്ട്രീയത്തിലേക്കുള്ള ചൂണ്ടുപലകയായി മാറിയതിന്റെ അടിസ്ഥാനത്തിലാണ് പിണറായി വിജയൻ ഇന്നത്തെ തെരുവ് നാടകം സംവിധാനം ചെയ്തതെന്നും പി സി ജോർജ് ഫേസ്ബുക്കിൽ കുറിച്ചു. മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിലേക്ക് പോപ്പുലർ ഫ്രണ്ട് മാർച്ചിൽ വൻ സംഘർഷമുണ്ടായിരുന്നു. പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും ഗ്രനേഡും പ്രയോഗിച്ചു.

ദേവസ്വം ബോർഡ് ജംഗ്ഷനിൽ സംഘർഷഭരിതമായ സ്ഥിതിയാണ് ഉണ്ടായത്. കുട്ടിയെക്കൊണ്ട് വിദ്വേഷമുദ്രാവാക്യം വിളിപ്പിച്ചതിൽ പോപ്പുലർ ഫ്രണ്ട് നേതാക്കളെ അറസ്റ്റ് ചെയ്തതിനെതിരെയായിരുന്നു പ്രവർത്തകരുടെ പ്രതിഷേധം. പന്ത്രണ്ടരയോടെ പിരിഞ്ഞ് പോകാൻ തയ്യാറാകാതെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ദേവസ്വം ബോർഡ് ജംഗ്ഷനിൽ കുത്തിയിരുന്നു. ഒടുവിൽ രണ്ട് മണിയോടെയാണ് പ്രവർത്തകർ പിരിഞ്ഞ് പോയത്. ഗ്രനേഡ് ഏറിലും ജലപീരങ്കി പ്രയോഗത്തിലും ആറ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

നിരവധി പേർക്ക് നിസ്സാര പരിക്കേറ്റിട്ടുണ്ട്. രാവിലെ 11 മണിയോടെ കിഴക്കേകോട്ടയിൽ നിന്ന് തുടങ്ങിയ മാർച്ചാണ് ദേവസ്വം ബോർഡ് ജംഗ്ഷനിൽ വച്ച് പൊലീസ് തടഞ്ഞത്. പ്രവർത്തകർ ബാരിക്കേഡ് തകർത്ത് മുന്നോട്ട് പോകാൻ ശ്രമിച്ചതോടെ സംഘർഷമുണ്ടാവുകയായിരുന്നു. പോപ്പുലർ ഫ്രണ്ട് സംസ്ഥാന നേതാക്കളടക്കം പങ്കെടുത്ത മാർച്ചാണ് സംഘർഷത്തിലെത്തിയത്.

പോപ്പുലർ ഫ്രണ്ട് നേതാക്കളെ കള്ളക്കേസിൽ കുടുക്കി ജയിലിലടക്കുകയാണ് പൊലീസ് എന്നാരോപിച്ചാണ് സംഘടന മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് പ്രഖ്യാപിച്ചത്. നൂറ് കണക്കിന് പ്രവർത്തകരാണ് മാർച്ചിൽ പങ്കെടുത്തത്. സംഘർഷസാധ്യത കണക്കിലെടുത്ത്, പൊലീസ് ദേവസ്വം ബോർഡ് ജംഗ്ഷനിൽ വച്ചേ മാർച്ച് തടയുകയായിരുന്നു. എന്നാൽ പ്രവർത്തകർ ബാരിക്കേഡ് ചാടിമറിഞ്ഞ് കടക്കാൻ ശ്രമിച്ചതോടെയാണ് സ്ഥിതി സംഘർഷത്തിലേക്ക് വഴിമാറുകയായിരുന്നു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ക്യുആർ കോഡ് സ്കാൻ ചെയ്താൽ മതി, ഭക്ഷണം ബസിനുള്ളിലെത്തും; ചിക്കിങ്ങുമായി കൈകോര്‍ത്ത് കെഎസ്ആര്‍ടിസി
തിരുവനന്തപുരത്തെ അമ്മയുടെയും മകളുടെയും മരണം; യുവതിയുടെ ഭര്‍ത്താവ് മുംബൈയിൽ പിടിയിൽ