
കേരളത്തില്‍ നിന്നുള്ള രാജ്യസഭാ സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും സമ്പാദ്യമുള്ളയാളായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജെബി മേത്തര്‍. 11.14 കോടിയുടെ സ്വത്താണ് 42 വർഷത്തിന് ശേഷം സംസ്ഥാന കോൺഗ്രസിൽ നിന്നുള്ള വനിതാ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായ ജെബി മേത്തര്‍ക്കുള്ളത്. 11.14 കോടിയുടെ കാര്‍ഷിക കാര്‍ഷികേതര ഭൂസ്വത്തുക്കളുണ്ടെന്നാണ് ജെബി മേത്തര്‍ വെളിപ്പെടുത്തിയിട്ടുള്ളത്. 87,03,200 രൂപയുടെ ആഭരണങ്ങളും 1,54,292 രൂപയുടെ ഇന്‍ഷുറന്‍സ് പോളിസിയും 75 ലക്ഷം രൂപ വിലയുള്ള വീടും ജെബിയുടെ പേരിലുണ്ട്. 46.16 ലക്ഷമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ ബാധ്യത. ഒരുകേസു പോലും ജെബിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല.
ജെബിയുടെ ഭര്‍ത്താവിന് 41 ലക്ഷം വിലയുള്ള മെഴ്‌സിഡസ് ബെന്‍സ് കാറും ഇടപ്പള്ളി ധനലക്ഷ്മി ബാങ്കില്‍ 23.56 ലക്ഷവും ബ്രോഡ് വേയിലെ ഫെഡറല്‍ ബാങ്കില്‍ 12,570 രൂപയുമുണ്ടെന്ന് രേഖകള്‍ വിശദമാക്കുന്നു. 1980 ന് ശേഷം ആദ്യമായാണ് കോൺഗ്രസിൽ നിന്ന് ഒരു വനിത രാജ്യസഭയിലേക്ക് എത്തുന്നത്. മുൻ കെ പി സി സി പ്രസിഡണ്ട് ടി ഒ ബാവയുടെ കൊച്ചു മകളും കോൺഗ്രസ് നേതാവായ കെഎംഐ മേത്തറുടെ മകളുമാണ് ജെബി മേത്തർ. ആലുവ നഗരസഭ വൈസ് ചെയർപേഴ്സണായി ജെബി മേത്തർ പ്രവർത്തിച്ചിട്ടുണ്ട്. 2010 മുതൽ ആലുവ നഗരസഭാ കൗൺസിലറാണ് ഇവർ.
സ്വത്തിന്‍റെ കാര്യത്തില്‍ ബഹുദൂരം പിന്നിലാണ് സിപിഐഎം സ്ഥാനാര്‍ത്ഥി എഎ റഹീം. റഹീമിന് സ്വന്തമായുള്ളത് 26,304 രൂപയുടെ ആസ്തിയാണ്. ഭാര്യയുടെ പേരില്‍ 4.5 ലക്ഷം രൂപ വിലമതിക്കുന്ന കൃഷിഭൂമിയും ആറ് ലക്ഷം വിലയുള്ള വാഹനവും 70,000 രൂപയുടെ ആഭരണങ്ങളുമാണുള്ളത്. എന്നാല്‍ 37 ക്രിമിനല്‍ കേസുകളാണ് സിപിഐഎം രാജ്യസഭാ സ്ഥാനാര്‍ത്ഥി എഎ റഹീമിനെതിരെയുള്ളത്. എസ്എഫ്ഐയിലൂടെ വളർന്ന റഹീം 2011ലെ കേരള നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച എറ്റവും പ്രായംകുറഞ്ഞ സ്ഥാനാർത്ഥിയായിരുന്നു.
എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ്, കേന്ദ്രക്കമ്മിറ്റിയംഗം, ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാപ്രസിഡന്റ്, കേരളാസർവ്വകലാശാല സിൻഡിക്കേറ്റംഗം, സർവ്വകലാശാലാ യൂണിയൻ ചെയർമാൻ എന്നീനിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്, നിലവിൽ ഡിവൈഎഫ്ഐ കേരള സംസ്ഥാന കമ്മിറ്റിയുടെ സെക്രട്ടറിയും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റും സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവുമാണ്. 41കാരനായ എ എ റഹീം എം എ ബേബിക്ക് ശേഷം സിപിഎം രാജ്യസഭയിലേക്ക് അയക്കുന്ന പ്രായം കുറഞ്ഞ നേതാവാണ്.
സിപിഐ സ്ഥാനാര്‍ത്ഥി പി സന്തോഷ് കുമാറിന്റെ കൈവശം 10,000 രൂപയും 10 ലക്ഷം രൂപ വിലവരുന്ന കൃഷിഭൂമിയും സ്വന്തം പേരിലുണ്ട്. ഭാര്യയുടെ കൈവശം 15,000 രൂപയും നാല് ലക്ഷത്തിന്റെ ആഭരണങ്ങളും നാല് ലക്ഷത്തിന്റെ കൃഷിഭൂമിയുമുണ്ട്. കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ഭാര്യയുടെ പേരില്‍ 8.5 സെന്‍റ് ഭൂമിയും വീടുമുണ്ട്. സന്തോഷിന് രണ്ട് ലക്ഷത്തിന്റെയും ഭാര്യക്ക് 19 ലക്ഷത്തിന്റെയും ബാധ്യതയുണ്ടെന്നുമാണ് കണക്കുകള്‍ വിശദമാക്കുന്നത്. എഐവൈഎഫ് മുൻ അഖിലേന്ത്യാ ജനറൽ സെക്രട്ടറായ സന്തോഷ് കുമാർ നിലവിൽ പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറിയാണ്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam