
മലപ്പുറം : പെരിന്തല്‍മണ്ണയിലെ പോസ്റ്റല്‍ ബാലറ്റുകള്‍ നഷ്ടപ്പെട്ടതില്‍ മലപ്പുറം കളക്ടര്‍ അന്വേഷണം തുടങ്ങി. അടുത്ത ചൊവ്വാഴ്ചയ്ക്കുള്ളില്‍ വിശദ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം.സ്പെഷ്യല്‍ തപാല്‍ ബാലറ്റ് പെട്ടികള്‍ സൂക്ഷിച്ചതിലെ പാളിച്ചകള്‍ ഉദ്യോഗസ്ഥ വീഴ്ചയെന്ന വിവരങ്ങളാണ് ആദ്യം പുറത്തു വന്നതെങ്കില്‍ പെട്ടി തുറന്നു എന്ന കണ്ടെത്തല്‍ സഭവത്തിന്റെ ദുരൂഹത വര്‍ധിപ്പിക്കുകയാണ്.
ആദ്യം സൂക്ഷിച്ച പെരിന്തല്‍മണ്ണ ട്രഷറിയില്‍ നിന്നാണോ പിന്നീട് എത്തിച്ച മലപ്പുറം സഹകരണ ജോയിന്റ് രജിസ്റ്റാന്‍ ഓഫീസില്‍ വച്ചാണോ പെട്ടി തുറന്നത് എന്ന് കണ്ടെത്തേണ്ടതുണ്ട്.പെട്ടിയില്‍ നിന്നും കാണാതായ ബാലറ്റുകള്‍ പൊതിഞ്ഞ സാമഗ്രികള്‍ അലക്ഷ്യമായി വലിച്ചെറിഞ്ഞ നിലയില്‍ ജോയിന്റ് രജിസ്റ്റാന്‍ ഓഫീസില്‍ നിന്നും കണ്ടെത്തിയെങ്കില്‍പ്പോലും ഇക്കാര്യത്തില്‍ ഒരു വ്യക്തത വരേണ്ടതുണ്ട്.രണ്ട് ഓഫീസുകളിലേയും ഉദ്യോഗസ്ഥരുടെ മൊഴി വിശദമായെടുക്കും. സിസി ടിവി ദൃശ്യങ്ങളുള്‍പ്പെടെ പരിശോധിക്കാനാണ് നീക്കം.
കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ച നാല് ജീവനക്കാര്‍ ഇതുവരെ കലക്ടര്‍ക്ക് ഔദ്യോഗികമായി മറുപടി നല്‍കിയിട്ടില്ല. ഇതും കൂടി ഉള്‍പ്പെടുത്തിയാകും റിപ്പോര്‍ട്ട് തയ്യാറാക്കുക.പെരിന്തല്‍മണ്ണ ട്രഷറിയിലെ രണ്ട് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തെങ്കിലും സഹകരണ ജോയിന്റ് രജിസ്റ്റാന്‍ ഓഫീസിലെ ഉത്തരവാദികളായ ജീവനക്കാരക്കെതിരെ നടപടി തീരുമാനിച്ചിട്ടില്ല.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 10 നാണ് പെരിന്തല്‍മണ്ണ ട്രഷറിയില്‍ നിന്നും നശിപ്പിക്കാൻ വേണ്ടി തദ്ദേശ തെരഞ്ഞെടുപ്പ് വസ്തുക്കളെന്ന ധാരണയില്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ സ്പെഷ്യല്‍ തപാല്‍ വോട്ടുകളടങ്ങിയ പെട്ടികളിലൊന്ന് മലപ്പുറം സഹകരണ രജിസ്റ്റാന്‍ ഓഫീസിലേക്ക് മാറ്റിയത്.
സ്പെഷ്യല്‍ തപാല്‍ വോട്ടുകളില്‍ സാധുവായതിന്റെയും എണ്ണാതെ മാറ്റിവെച്ചതിന്റെയും കെട്ടുകള്‍ ഒരുമിച്ച് രണ്ട് പെട്ടികളിലായിട്ടാണ് സൂക്ഷിച്ചിരുന്നത്.എണ്ണിയ 482 വോട്ടുകളുടെ കെട്ട് ഭദ്രമായി അടച്ചുപൂട്ടിയ ഒരു പെട്ടിയില്‍ നിന്നും നഷ്ടമായെന്നാണ് റിട്ടേണിങ് ഓഫീസര്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട്.
അതേസമയം സ്പെഷ്യൽ തപാൽ വോട്ടുകൾ നഷ്ടമായതിന് പിന്നിൽ ആസൂത്രിത ഗൂഢാലോചന സംശയിക്കുന്നതായി ഇടത് സ്ഥാനാർത്ഥിയായി മത്സരിച്ച കെപിഎം മുസ്തഫ.കേസിനെ ദുർബലപ്പെടുത്താനും ഇല്ലാതാക്കാനുമുള്ള ശ്രമങ്ങൾ നടന്നെന്നും ഹൈക്കോടതിയിലെ ഹർജിക്കാരൻ കൂടിയായ കെപിഎം മുസ്തഫ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു
അട്ടിമറിയോ അശ്രദ്ധയോ? 'പെരിന്തൽമണ്ണയിലെ പോസ്റ്റൽ ബാലറ്റുകളിൽ ഒരു കെട്ട് കാണാതായി, അന്വേഷണം വേണം'
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam