വടക്കൻ പറവൂരിലെ പെൺകുട്ടിയുടെ മരണം; ജിത്തുവിനെ മുമ്പും കാണാതായിട്ടുണ്ടെന്ന് പൊലീസ്, അന്വേഷണം തുടരുന്നു

Web Desk   | Asianet News
Published : Dec 29, 2021, 04:17 PM ISTUpdated : Dec 29, 2021, 04:20 PM IST
വടക്കൻ പറവൂരിലെ പെൺകുട്ടിയുടെ മരണം; ജിത്തുവിനെ മുമ്പും കാണാതായിട്ടുണ്ടെന്ന് പൊലീസ്, അന്വേഷണം തുടരുന്നു

Synopsis

മുമ്പ് കാണാതായപ്പോൾ പൊലീസ് ആണ് ജിത്തുവിനെ കണ്ടെത്തി കോടതിയിൽ ഹാജരാക്കി തിരികെ മാതാപിതാക്കളെ ഏൽപ്പിച്ചത്.  ജിത്തുവിനെ കണ്ടെത്തി എങ്കിൽ മാത്രമേ കൂടുതൽ വിവരങ്ങൾ മനസ്സിലാക്കാനാകൂ. 

കൊച്ചി: വടക്കൻ പറവൂരിൽ (Paravur)  ദുരൂഹ സാഹചര്യത്തിൽ പെൺകുട്ടി മരിച്ച സംഭവത്തിൽ പോസ്റ്റ് മോർട്ടം പൂർത്തിയായി. മരണ കാരണം പൊള്ളലേറ്റത് ആണെന്നാണ് പ്രാഥമിക നിഗമനം. മരിച്ച പെൺകുട്ടിയുടെ ശരീരത്തിൽ മുറിവുകൾ കണ്ടെത്താൻ കഴിഞ്ഞില്ല. പൂർണമായും കത്തിക്കരിഞ്ഞ നിലയിൽ ആയതിനാലാകാം മുറിവുകൾ കണ്ടെത്താനാകാത്തത് എന്ന് പൊലീസ് പറഞ്ഞു. 
 
കാണാതായ പെൺകുട്ടി ജിത്തുവിനായി തെരച്ചിൽ തുടരുകയാണ്. ജിത്തുവിനെ മുമ്പും കാണാതായിട്ടുണ്ട് എന്ന് എറണാകുളം റൂറൽ എസ് പി കെ കാർത്തിക് പറഞ്ഞു. മുമ്പ് കാണാതായപ്പോൾ പൊലീസ് ആണ് ജിത്തുവിനെ കണ്ടെത്തി കോടതിയിൽ ഹാജരാക്കി തിരികെ മാതാപിതാക്കളെ ഏൽപ്പിച്ചത്.  ജിത്തുവിനെ കണ്ടെത്തി എങ്കിൽ മാത്രമേ കൂടുതൽ വിവരങ്ങൾ മനസ്സിലാക്കാനാകൂ. അതിനുള്ള ശ്രമമാണ് പൊലീസ് ഇപ്പോൾ നടത്തുന്നത്. 

ഇളയ പെൺകുട്ടിയായ ജിത്തു, പ്രണയം എതിർത്തതിനെ തുടർന്ന് വിസ്മയയെ കൊലപ്പെടുത്തിയതാണെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവം നടന്ന ശേഷം ജിത്തു ഓടിപ്പോകുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ഇന്ന് വൈകീട്ടോടെ ജിത്തുവിനെ പിടികൂടാനാകുമെന്നാണ് പൊലീസ് പറയുന്നത്.  ജിത്തു മാനസിക രോഗത്തിന് ചികിത്സയിൽ ആയിരുന്നുവെന്നാണ് വിവരം.

ഇന്നലെയാണ് പറവൂരിൽ പെൺകുട്ടിയെ വീടിനുള്ളിൽ തീപൊള്ളലേറ്റ്  മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിന് പിറകെ ഇരട്ട സഹോദരിമാരിൽ ഒരാൾ അപ്രത്യക്ഷയായത് മരണത്തിലെ ദുരൂഹതയിലേക്ക് വിരൽ ചൂണ്ടുകയായിരുന്നു. സഹോദരിയെ കൊലപ്പെടുത്തി ജിത്തു രക്ഷപ്പെട്ടതാകാം എന്ന നിഗമനത്തിലാണ് പൊലീസ്. പെരുവാരം  അറയ്ക്കപ്പറമ്പിൽ ശിവാനന്ദന്റെ രണ്ട് പെൺമക്കളിൽ ഒരാളാണ് മരിച്ചത്. മൃതദേഹം പൂർണമായി കത്തിക്കരിഞ്ഞതിനാൽ ആരാണ് മരിച്ചതെന്ന് വ്യക്തമായിരുന്നില്ല. മൃതദേഹത്തിലെ മാലയുടെ ലോക്കറ്റ് നോക്കിയാണ് മരിച്ചത് മൂത്തമകൾ വിസ്മയയാണെന്ന് വീട്ടുകാർ പൊലീസിനെ അറിയിച്ചത്. ഔദ്യോഗിക സ്ഥിരീകരണത്തിനായി ഡിഎൻഎ പരിശോധന ആവശ്യമാണെന്ന് പൊലീസ് അറിയിച്ചു.

ശിവാനന്ദൻ, ഭാര്യ ജിജി, പെൺമക്കളായ വിസ്മയ , ജിത്തു എന്നിവരാണ് വീട്ടിൽ താമസിക്കുന്നത്. ജിത്തു രണ്ട് മാസമായി മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലാണ്. ഡോക്ടറെ കാണാൻ  ശിവാനന്ദനും ജിജിയും പുറത്തുപോയ സമയത്താണ് സംഭവം. 12 മണിയോടെ മൂത്തമകൾ വിസ്മയ ഇവരെ വിളിച്ച് എപ്പോൾ വരുമെന്ന് തിരക്കിയിരുന്നു. മൂന്ന് മണിയോടെ വീടിനകത്ത് നിന്നു പുക ഉയരുന്നത് കണ്ട അയൽവാസികളാണു വിവരം പൊലീസിനെയും ഫയർഫോഴ്സിനെയും അറിയിച്ചത്.

പൊലീസ് എത്തിയപ്പോൾ വീടിന്റെ ഗേറ്റ് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. മുൻവശത്തെ വാതിൽ തുറന്നു കിടന്നിരുന്നു. വീടിന്റെ രണ്ട് മുറികൾ പൂർണമായി കത്തിനശിച്ചിരുന്നു. അതിൽ ഒന്നിലാണ് മൃതദേഹം കണ്ടത്. മൃതദേഹം പൂർണമായി കത്തിക്കരിഞ്ഞ നിലയിലായിരുന്നു. മുറിയുടെ വാതിൽക്കൽ രക്തം വീണിട്ടുണ്ട്. മണ്ണെണ്ണയുടെ ഗന്ധവുമുണ്ട്. മത്സ്യ വിൽപ്പനക്കാരനാണ്  ശിവാനന്ദൻ. വിസ്മയ ബിബിഎയും ജിത്തു ബിഎസ് സിയും പൂർത്തിയാക്കിയിട്ടുണ്ട്.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുന്നൂറോളം സീറ്റുകളിൽ മത്സരിച്ചു, 5 സീറ്റിൽ മാത്രം ജയിച്ചു, തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ മുന്നണി മാറ്റ ചർച്ച സജീവമാക്കി ബിഡിജെഎസ്
അയ്യന്‍റെ പൂങ്കാവനം സുന്ദരമാക്കുന്നത് ആയിരം പേരുള്ള വിശുദ്ധി സേന; ശബരിമലയിൽ ദിവസവും മാലിന്യം ശേഖരിക്കുന്നത് 30 തവണ