
കാസർകോട്: പൈവളിഗെയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ പതിനഞ്ച് വയസുകാരിയുടെയും ഓട്ടോ ഡ്രൈവറായ പ്രദീപിൻ്റെയും പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. പരിയാരം മെഡിക്കൽ കോളേജിലാണ് പൊലീസ് സർജൻ്റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തുക. മൃതദേഹത്തിന്‍റെ കാലപ്പഴക്കവും മരണ കാരണവും പോസ്റ്റ്മോർട്ടത്തിലൂടെ കണ്ടെത്താനാകും. ഡിഎൻഎ പരിശോധനയ്ക്കുള്ള നടപടികളും പൂർത്തിയാക്കും. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഫെബ്രുവരി 12 നാണ് പെൺകുട്ടിയെയും ഇവരുടെ കുടുംബ സുഹൃത്തായ പ്രദീപിനെയും കാണാതായത്. ഇന്നലെ നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
പൈവളിഗ സ്വദേശിനിയായ 15കാരി, ഇവരുടെ അയൽവാസിയായ പ്രദീപ് (42) എന്നിവരെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പെണ്‍കുട്ടിയെ കാണാതായ സംഭവത്തിൽ അന്വേഷണം നടക്കുന്നതിനിടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അതേസമയം, പരാതി ലഭിച്ചിട്ടും പൊലീസ് അന്വേഷണത്തിൽ വീഴ്ച സംഭവിച്ചതിനാലാണ് കണ്ടെത്താൻ വൈകിയതെന്ന ആരോപണമാണ് ഉയരുന്നത്. പെണ്‍കുട്ടിക്കൊപ്പം കാണാതായ പ്രദീപിനെതിരെ ആരോപണവുമായി മാതാപിതാക്കള്‍ രംഗത്തെത്തിയിരുന്നു. ഇരുവരുടെയും മൊബൈൽ ഫോണുകള്‍ സ്വിച്ച് ഓഫായത് ഒരേയിടത്തുനിന്നായിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ തെരച്ചിലിലാണിപ്പോള്‍ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ രാവിലെ മുതൽ 52 അംഗ പൊലീസ് സംഘവും നാട്ടുകാരുമടക്കം വ്യാപക തെരച്ചിൽ നടത്തിവരുന്നതിനിടെയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. പൈവളിഗയിലെ പെണ്‍കുട്ടിയുടെ വീടിന് സമീപമുള്ള മണ്ടെക്കാപ്പ് ഗ്രൗണ്ടിനടുത്തുള്ള അക്കേഷ്യ മരത്തിൽ തൂങ്ങി മരിച്ച നിലയിലാണ് പെണ്‍കുട്ടിയെയും യുവാവിനെയും കണ്ടെത്തിയത്. ഇരുവരുടെയും മൃതദേഹങ്ങള്‍ക്ക് ദിവസങ്ങളുടെ പഴക്കമുണ്ട്.
ഫെബ്രുവരി 12 മുതലാണ് പെണ്‍കുട്ടിയെ കാണാതായെന്ന് മാതാപിതാക്കള്‍ പരാതി നൽകിയത്. ഡ്രോണ്‍ അടക്കമുള്ളവ ഉപയോഗിച്ച് പരിശോധന നടത്തിയിരുന്നു. ഏക്കറുകളോളം വ്യാപിപ്പിച്ചുകിടക്കുന്ന പ്രദേശമാണിത്. തോട്ടത്തിലെ ഉള്‍ഭാഗങ്ങളിലാണ് കൂടുതൽ തെരച്ചിൽ നടത്തിയിരുന്നതെന്നും നേരത്തെ ഈ ഭാഗത്ത് തെരച്ചിൽ കാര്യമായി നടത്തിയിരുന്നില്ലെന്നും പൊലീസ് പറഞ്ഞു.
പെണ്‍കുട്ടിയെ കാണാതായതിനൊപ്പം അയൽവാസിയായ യുവാവിനെയും കാണാതായിരുന്നു. കാണാതായി 26 ദിവസത്തിനുശേഷമാണിപ്പോള്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. മൊബൈൽ ഫോണ്‍ ലോക്കേഷൻ നോക്കിയാണ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയത്. മൃതദേഹത്തിന് സമീപത്ത് നിന്ന് മൊബൈൽ ഫോണും കത്തിയുമടക്കം കണ്ടെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam