മണര്‍കാട് കസ്റ്റഡി മരണം: യുവാവിന്‍റേത് തൂങ്ങിമരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

By Web TeamFirst Published May 22, 2019, 5:08 PM IST
Highlights

നവാസിന്റ ശരീരത്തിൽ ചെറിയ ചതവുകളും മുറിവുകളും ഉണ്ട് മുതുകിൽ ഉൾപ്പടെ മർദ്ദനമേറ്റതിന്റ പാടുകളുണ്ടെങ്കിലും മരണകാരണമല്ലെന്ന് പോസ്റ്റ്മോർട്ടം പ്രാഥമികറിപ്പോർട്ടിൽ വ്യക്തമാക്കുന്നു. തലേദിവസം വീട്ടുകാരുമായുണ്ടായ പിടിവലിയിൽ സംഭവിച്ചതാകാമെന്നാണ് പൊലീസിന്റ നിഗമനം.  

കോട്ടയം: മണര്‍കാട് പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലുണ്ടായിരുന്ന യുവാവ് മരിച്ച സംഭവത്തില്‍ ദുരൂഹത ഒഴിയുന്നു. യുവാവിന്‍റേത് തൂങ്ങി മരണമായിരുന്നുവെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ദേഹത്തെ ചെറിയ മുറിവുകളും ചതവുകളും മരണകാരണമല്ല. അതേസമയം  കസ്റ്റഡിയിലെടുത്ത ആളെ സംരക്ഷിക്കുന്നതില്‍ വീഴ്ച വരുത്തിയ രണ്ട് പൊലീസുകാരെ കോട്ടയം എസ്.പി ഹരിശങ്കര്‍ സസ്പെന്‍ഡ് ചെയ്തു

കോട്ടയം മെഡിക്കൽ കോളേജിലെ 3 ഡോക്ടർമാരുടെ സംഘമാണ് പോസ്റ്റ്മോർട്ടം നടത്തിയത്. നവാസിന്റ ശരീരത്തിൽ ചെറിയ ചതവുകളും മുറിവുകളും ഉണ്ട് മുതുകിൽ ഉൾപ്പടെ മർദ്ദനമേറ്റതിന്റ പാടുകളുണ്ടെങ്കിലും മരണകാരണമല്ലെന്ന് പോസ്റ്റ്മോർട്ടം പ്രാഥമികറിപ്പോർട്ടിൽ വ്യക്തമാക്കുന്നു. തലേദിവസം വീട്ടുകാരുമായുണ്ടായ പിടിവലിയിൽ സംഭവിച്ചതാകാമെന്നാണ് പൊലീസിന്റ നിഗമനം.  

അതേസമയം കസ്റ്റഡിയിലുള്ള ആളെ സംരക്ഷിക്കുന്നതിൽ പൊലീസിന്റ ഭാഗത്ത് വലിയ വീഴ്ച ഉണ്ടായതായി സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി യുടെ റിപ്പോർട്ടിൽ വ്യക്തമാക്കി. ഇതിന്റ അടിസ്ഥാനത്തിലാണ് ജിഡി ചാർജ് പ്രസാദ്, പാറാവ് ജോലിയിലുണ്ടായിരുന്ന സെബാസ്റ്റ്യൻ വർഗീസ് എന്നിവരെ എസ് പി സസ്പെന്റ് ചെയ്തത്. 

നോട്ടക്കുറവുണ്ടായ സിഐക്കെതിരെയും നടപടി വരും. സിഐയുടെ നേതൃത്വത്തിൽ രാവിലെ മീറ്റിംഗ് നടക്കുമ്പോഴാണ് നവാസ് ശുചിമുറിയിലേക്ക് കയറുന്നത്. ഒന്നരമണിക്കൂറിന് ശേഷമാണ് നവാസിനെ ശുചിമുറിൽ തൂങ്ങിയനിലയിൽ കണ്ടെത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.

click me!