പ്രകാശ് തമ്പി ആറ് തവണയായി 60 കിലോ സ്വര്‍ണം കടത്തിയെന്ന് വെളിപ്പെടുത്തല്‍

By Web TeamFirst Published Jun 13, 2019, 4:33 PM IST
Highlights

സ്വര്‍ണക്കടത്തിനായി ആറ് തവണ പ്രകാശ് തമ്പി ദുബായിക്ക് പോയി. ആറ് തവണയും പത്ത് കിലോ സ്വര്‍ണം വീതം പ്രകാശ് തമ്പി കടത്തി കൊണ്ടു വന്നു

കൊച്ചി: ബാലഭാസ്കറിന്‍റെ പ്രോഗ്രാം കോര്‍ഡിനേറ്ററായിരുന്ന പ്രകാശ് തമ്പി സ്വര്‍ണക്കടത്ത് മാഫിയയിലെ നിര്‍ണായക കണിയെന്ന് വെളിപ്പെടുത്തി ഡിആര്‍ഐ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തിന്‍റെ പ്രധാന ആസൂത്രകനായ വിഷ്ണു സോമസുന്ദരം സമര്‍പ്പിച്ച ജാമ്യഹര്‍ജിയെ എതിര്‍ത്ത് കൊണ്ട് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജന്‍സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പ്രകാശ് തമ്പി കടത്തിയ സ്വര്‍ണത്തെ കുറിച്ചും വെളിപ്പെടുത്തുന്നത്. 

ആറ് തവണയായി അറുപത് കിലോ സ്വര്‍ണം പ്രകാശ് തമ്പി വിദേശത്ത് നിന്നും കേരളത്തിലേക്ക് കടത്തിയെന്ന് ഡിആര്‍ഐ പറയുന്നു. സ്വര്‍ണക്കടത്തിനായി ആറ് തവണ പ്രകാശ് തമ്പി ദുബായിക്ക് പോയി. ആറ് തവണയും പത്ത് കിലോ സ്വര്‍ണം വീതം പ്രകാശ് തമ്പി കടത്തി കൊണ്ടു വന്നു. ഇപ്പോള്‍ ഒളിവിലുള്ള വിഷ്ണവുമാണ് വിമാനത്താവളത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി സഹകരിച്ച് സ്വര്‍ണക്കടത്തിന് വേണ്ട സൗകര്യങ്ങള്‍ ഒരുക്കിയത്. 

ദുബായില്‍ നിന്നും കാരിയര്‍മാര്‍ വഴി കടത്തി കൊണ്ടു വരുന്ന സ്വര്‍ണം ബിജു, വിഷ്ണു, അബ്ദുള്‍ ഹക്കീം എന്നിവരാണ് കേരളത്തിലെ ആവശ്യകാര്‍ക്ക് എത്തിച്ചു കൊടുത്തത്. തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തിനായി ഒരു വന്‍സംഘം തന്നെ പ്രവര്‍ത്തിച്ചു എന്ന വിവരമാണ് ഡിആര്‍ഐ റിപ്പോര്‍ട്ടിലൂടെ പുറത്തു വരുന്നത്. 

അതേസമയം ഒളിവില്‍ കഴിയുന്ന വിഷ്ണുവിനോട് ഹൈക്കോടതി ഈ മാസം 17-ന് അന്വേഷണ സംഘം മുന്‍പാകെ ഹാജരാവാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. അന്വേഷണസംഘം മുന്‍പാകെ ഹാജരാവുന്ന വിഷ്ണു  ശേഷം മജിസ്ട്രേറ്റ് മുന്‍പാകെ ഹാജരായി ജാമ്യഹര്‍ജി നല്‍കാമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. 
 

click me!