ഉത്തരക്കടലാസ് ചോർച്ച: അന്വേഷണം അധ്യാപകരിലേക്കും, രണ്ട് എസ്എഫ്ഐക്കാർ കൂടി പ്രതികൾ

By Web TeamFirst Published Aug 6, 2019, 10:16 AM IST
Highlights

യൂണിവേഴ്സിറ്റി കോളജിലെ മുൻ പ്രിൻസിപ്പൽമാരെയും പരീക്ഷ ചുമതലയുണ്ടായിരുന്ന അധ്യാപകരെയും പൊലീസ് ചോദ്യം ചെയ്തു.

തിരുവനന്തപുരം: ഉത്തരക്കടലാസ് ചോർച്ചയിൽ യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ നേതാക്കളും അഖില്‍ വധശ്രമക്കേസ് പ്രതികളുമായ നസീമിനെയും പ്രണവിനെയും പ്രതി ചേർക്കും. അധ്യാപകരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കും. ഇതിന്റെ ഭാ​ഗമായി യൂണിവേഴ്സിറ്റി കോളജിലെ മുൻ പ്രിൻസിപ്പൽമാരെയും പരീക്ഷ ചുമതലയുണ്ടായിരുന്ന അധ്യാപകരെയും പൊലീസ് ചോദ്യം ചെയ്തു.

പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ കോളേജില്‍ നിന്ന് കടത്തിയതായി ശിവരഞ്ജിത് നേരത്തെ പൊലീസിനോട് സമ്മതിച്ചിരുന്നു. ഉത്തരക്കടലാസുകള്‍ കോളേജിലെത്തിച്ച് ഇറക്കിവച്ചപ്പോഴാണ് കടത്തിയതെന്നും ശിവരഞ്ജിത് പറഞ്ഞിരുന്നു.

യൂണിവേഴ്സിറ്റി കോളേജിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് ശിവരഞ്ജിത്തിന്‍റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 16 കെട്ട് ഉത്തരക്കടലാസുകള്‍ കണ്ടെത്തിയിരുന്നു. ഇത് സർവ്വകലാശാലയില്‍ നിന്ന് യൂണിവേഴ്സിറ്റി കോളേജിന് നൽകിയതാണെന്ന് പരീക്ഷാ കൺട്രോളർ സ്ഥിരീകരിക്കുയും ചെയ്തു. ഇതോടെയാണ് സര്‍വ്വകലാശാല പരീക്ഷയില്‍ വന്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന വിവരം പുറത്തുവന്നത്.  

ഇതിനിടെ ഉത്തരക്കടലാസുകളുടെ ചുമതലയുണ്ടായിരുന്ന പ്രൊഫസർ ഇ അബ്ദുൾ ലത്തീഫിനെയും യൂണിയൻ ഉപദേശകനായിരുന്ന വി എസ് വിനീതിനെയും സ്ഥലംമാറ്റിയിരുന്നു. സിപിഎം അനുകൂല അധ്യാപക സംഘടനയായ എകെജിസിടിയുടെ കോളേജിലെ ഫ്രാക്ഷൻ ചുമതലയുള്ള ആനന്ദ് ബി ദിലീപ് രാജിനെയും സ്ഥലംമാറ്റിയിരുന്നു.

click me!