
തിരുവനന്തപുരം: ശാന്തിഗിരി ആശ്രമത്തിന്‍റെ പ്രണവപത്മം പുരസ്കാരം തിങ്കളാഴ്ച്ച മോഹന്‍ലാലിന് സമ്മാനിക്കും. നേപ്പാള്‍ മുന്‍ പ്രധാനമന്ത്രി ജലാനാഥ് ഖനാല്‍ ആണ് പുരസ്കാരം സമ്മാനിക്കുക. പുരസ്കാരസമര്‍പ്പണ ചടങ്ങിനോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.
തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിക്കാണ് പരിപാടികള്‍ ആരംഭിക്കുക. ശാന്തിഗിരി സിദ്ധമെഡിക്കല്‍കോളേജിലെ കുട്ടികള്‍ അവതരിപ്പിക്കുന്ന നൃത്തശില്‍പത്തോടെയാണ് പുരസ്കാരസമര്‍പ്പണ ചടങ്ങുകള്‍ ആരംഭിക്കുക. കോളേജ് വിദ്യാര്‍ത്ഥികളുമായുള്ള മുഖാമുഖം പരിപാടിയും നടക്കും. സംവിധായകന്‍ വി.എ. ശ്രീകുമാര്‍ മേനോനാണ് പരിപാടികള്‍ സജ്ജീകരിക്കുന്നത്.സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിയാണ് മുഖ്യ സംഘാടകന്‍.മന്ത്രിമാര്‍ എം.പിമാര്‍,എം.എല്‍.എമാര്‍ ത്രിതല പഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍ രാഷ്ട്രീയകലാസാംസ്ക്കാരിക സാഹിത്യനായകന്മാര്‍ തുടങ്ങി പ്രമുഖരുടെ നീണ്ടനിര തന്നെ പുരസ്കാരസമര്‍പ്പണ ചടങ്ങില്‍ പങ്കെടുക്കും. ശാന്തിഗിരി ആശ്രമം വജ്ര ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചാണ് പുരസ്കാരം നല്‍കുന്നത്.
ഡോ. ജോർജ്ഓണക്കൂറിന്റെ ആത്മകഥയായ 'ഹൃദയരാഗങ്ങൾ' എന്ന പുസ്തകത്തിന്‍റെ പ്രകാശനവും വേദിയില്‍ നടക്കും. മോഹന്‍ലാലിന്‍റെ അഭിനയ മുഹൂര്‍ത്തങ്ങളെ കോര്‍ത്തിണക്കിയ വിസ്മയമോഹനം സ്റ്റേജ് ഷോയില്‍ പ്രശസ്ത വയലിനിസ്റ്റ് ശബരീഷ്,ചലച്ചിത്ര പിന്നണിഗായകരായ ജാസീഗിഫ്റ്റ് , സുധീപ്കുമാര്‍, രവിശങ്കര്‍ തുടങ്ങിയവര്‍ അണിനിരക്കും. പ്രശസ്ത സംഗീതജ്ഞന്‍ ചാള്‍സ് ആന്‍റണിയുടെ ഗിറ്റാര്‍ സംഗീതം, ചലച്ചിത്ര ടി വി താരങ്ങളായ നോബി മാര്‍ക്കോസ്, ബിനുകമല്‍,തുടങ്ങിയവര്‍ അവതരിപ്പിക്കുന്ന ഹാസ്യവിരുന്ന് എന്നിവയും ഉണ്ടാകും.
--
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam