
തൃശൂർ: പവിത്രമായ ഗുരുവായൂർ ക്ഷേത്രത്തിൽ പ്രാർത്ഥിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സാമൂഹ്യമാധ്യമമായ എക്സിലാണ് മോദിയുടെ മലയാള ഭാഷയിലുള്ള കുറിപ്പ്. ക്ഷേത്രത്തിന്റെ ദിവ്യമായ ഊർജം അളവറ്റതാണ്. എല്ലാ ഇന്ത്യക്കാരും സന്തോഷത്തോടെയും സമൃദ്ധിയോടെയും തുടരാൻ പ്രാർഥിച്ചതായും മോദി പറഞ്ഞു. ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയ മോദി ഗുരുവായൂരപ്പന്റെ ദാരുശിൽപം സമർപ്പിച്ചു. കേരളീയ വേഷത്തിൽ അമ്പലത്തിലെത്തിയ പ്രധാനമന്ത്രിയെ തന്ത്രി ചേനസ് നമ്പൂതിരിപ്പാട്, ദേവസ്വം പ്രസിഡൻറ് പൊഫ.വിജയൻ എന്നിവർ ചേർന്നാണ് സ്വീകരിച്ചത്. നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിനാണ് മോദി ഗുരുവായൂരിലെത്തിയത്.
കൊച്ചിയിൽ നിന്നും ഹെലികോപ്റ്റർ മാർഗ്ഗമാണ് പ്രധാനമന്ത്രി ഗുരുവായൂരിൽ എത്തിയത്. ഗുരുവായൂരിൽ എത്തിയ പ്രധാനമന്ത്രിയെ ബിജെപി സംസ്ഥാന ജില്ലാ നേതാക്കളും മറ്റും സ്വീകരിച്ചു. കനത്ത സുരക്ഷാ സംവിധാനമാണ് ഗുരുവായൂരിൽ ഏർപ്പെടുത്തിയത്. സുരേഷ് ഗോപിയുടെ മകളുടെ വിവാഹശേഷം തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിലും ദർശനം നടത്തി. പിന്നീട് 12 മണിയോടെ കൊച്ചിയിൽ തിരിച്ചെത്തിയ മോദി ഷിപ്പ്‌യാര്‍ഡിലെ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. മറൈൻ ഡ്രൈവിൽ ബിജെപിയുടെ പൊതുപരിപാടിയിൽ പങ്കെടുത്ത മോദി ഇന്ന് തന്നെ ദില്ലിക്ക് മടങ്ങും എന്ന നിലയിലാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്.
'ദിവ്യമായ ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ ആദരണീയ സാന്നിധ്യത്തിൽ എന്റെ പ്രിയപ്പെട്ട കുട്ടികൾ വിവാഹിതരായി. നിങ്ങളുടെ പ്രാർത്ഥനകളിൽ ഭാഗ്യയെയും ശ്രേയസിനെയും കൂടി ഉൾപ്പെടുത്തുക', എന്നാണ് വിവാഹശേഷം സുരേഷ് ഗോപി പറഞ്ഞത്. ഒപ്പം ഗുരുവായൂരിൽ വച്ചുള്ള വിവാഹ ചടങ്ങിന്റെ ഫോട്ടോകളും സുരേഷ് ഗോപി പങ്കുവച്ചിട്ടുണ്ട്. ഈ പോസ്റ്റിന് താഴെ നിരവധി പേരാണ് വധൂവരന്മാർക്ക് ആശംസകളുമായി രംഗത്ത് എത്തിയത്.
ഗോകുല്‍ സുരേഷിന്‍റെ സുഹൃത്തും വ്യവസായിയായ മോഹന്റെയും ശ്രീദേവി മോഹന്റെയും മകനാണ് ശ്രേയസ്. മോഹൻലാല്‍, ഭാര്യ സുചിത്ര, മമ്മൂട്ടി, ഭാര്യ സുല്‍ഫത്ത്, ബിജു മേനോൻ, സംയുക്ത വര്‍മ, ഖുശ്ബു, ജയറാം, പാര്‍വതി തുടങ്ങി നിരവധി പേര്‍ ഗുരുവായൂര്‍ അമ്പലത്തില്‍ വിവാഹ ചടങ്ങിനായി എത്തിയിരുന്നു. കൂടാതെ തലേദിവസവും മമ്മൂട്ടിയും മോഹന്‍ലാലും കുടുംബവും ഭാഗ്യയ്ക്ക് അനുഗ്രഹവുമായി എത്തിയിരുന്നു.
രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിന് പുറത്തേക്ക്; നാലു കേസുകളിലും ജാമ്യം
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam