കുട്ടികൾക്ക് മതചിഹ്നങ്ങൾ ഉള്ള ലഘുലേഖ നൽകി; രണ്ട് അധ്യാപകർക്ക് നിര്‍ബന്ധിത അവധി

By Web TeamFirst Published Feb 10, 2020, 5:57 PM IST
Highlights

മൂന്ന് മുതൽ ഏഴ് വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കായി സംഘടിപ്പിച്ച ശിൽപശാലയിലാണ് മതചിഹ്നങ്ങൾ ഉള്ള ലഘുലേഖ വിതരണം ചെയ്തത്. രക്ഷിതാക്കളും പഞ്ചായത്ത് ഭാരവാഹികളും പരാതിയുമായി സംഘടിച്ചതോടെ എഇഒ സ്ഥലത്തെത്തി അധ്യാപികമാരോട് അവധിയിൽ പോകാൻ ആവശ്യപ്പെട്ടു.

തിരുവനന്തപുരം: തിരുവനന്തപുരം അഴീക്കോട് സര്‍ക്കാര്‍ യുപി സ്കൂളിൽ മതചിഹ്നങ്ങൾ അടങ്ങിയ ലഘുലേഖ വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്തെന്ന പരാതിയിൽ രണ്ട് അധ്യാപികമാരെ നിര്‍ബന്ധിത അവധിയെടുപ്പിച്ചു. പിടിഎയുടെയും പഞ്ചായത്തിന്‍റെയും പരാതിയെ തുടര്‍ന്നാണ് എ ഇ ഒയുടെ നടപടി. പഠനസഹായിയെന്ന വ്യാജേന ലഘുലേഖകൾ വിതരണം ചെയ്തതെന്നാണ് ആരോപണം.

മൂന്ന് മുതൽ ഏഴ് വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കായി സംഘടിപ്പിച്ച ശിൽപശാലയിലാണ് മതചിഹ്നങ്ങൾ ഉള്ള ലഘുലേഖ വിതരണം ചെയ്തത്. കണക്ക് പഠിപ്പിക്കാനായി പുറത്തുനിന്നെത്തിയ അധ്യാപകനാണ് തന്റെയും, സ്കൂളിലെ കണക്ക് അധ്യാപികയായ രാജലക്ഷ്മിയുടെയും പേരിലുള്ള ലഘുലേഖ കുട്ടികൾക്ക് നൽകിയത്. പിന്നീട് ഈ അധ്യാപികയും സ്വപ്ന റാണിയെന്ന മറ്റൊരു അധ്യാപികയും പഠന സഹായിയെന്ന പേരിൽ സമാനമായ ലഘുലേഖകൾ കുട്ടികൾക്ക് നൽകിയെന്നാണ് രക്ഷിതാക്കളുടെ ആരോപണം. ന്യൂനപക്ഷ വിദ്യാർത്ഥികളാണ് സ്കൂളിൽ അധികവും. രക്ഷിതാക്കളും പഞ്ചായത്ത് ഭാരവാഹികളും പരാതിയുമായി സംഘടിച്ചതോടെ എഇഒ സ്ഥലത്തെത്തി അധ്യാപികമാരോട് അവധിയിൽ പോകാൻ ആവശ്യപ്പെട്ടു.

ലഘുലേഖ വിതരണം ചെയ്തത് തന്റെ അറിവോടെ അല്ലെന്നാണ് പ്രധാന അധ്യാപിക പറയുന്നത്. എഇഒ സ്കൂൾ അധികൃതരോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. എന്നാൽ, താൻ ലഘുലേ വിതരണം ചെയ്തിട്ടില്ലെന്നാണ് സ്വപ്നറാണിയുടെ വിശദീകരണം. രാജലക്ഷ്മി പ്രതികരിക്കാൻ തയ്യാറായില്ല.

click me!