
തിരുവനന്തപുരം: വിവാഹ രജിസ്ട്രേഷന് കൗൺസിലിംഗ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കണം എന്ന് സംസ്ഥാന വനിതാ കമ്മീഷൻ (Women Commission). തൃശ്ശൂർ ടൗൺ ഹാളിൽ വനിതാ കമ്മീഷൻ സംഘടിപ്പിച്ച അദാലത്തിന്റെ സമാപനത്തിലാണ് കമ്മീഷൻ ചെയർപേഴ്ൺ പി സതീദേവിയുടെ (P Sathidevi) പ്രതികരണം. മതിയായ പക്വതയില്ലാതെ വിവാഹ ജീവിതം തുടങ്ങുന്നവർ നേരിടുന്ന പ്രശ്നങ്ങൾ സമൂഹത്തിൽ കൂടുന്നുവെന്ന് പി സതീദേവി ചൂണ്ടിക്കാട്ടി.
വിവാഹ രജിസ്ട്രേഷന് കൗൺസിലിംഗ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കണമെന്ന് കമ്മീഷൻ ശുപാർശ ചെയ്തു. തൊഴിൽ മേഖലയിൽ സ്ത്രീകളുടെ പരാതികൾ കൈകാര്യം ചെയ്യാൻ രൂപം നൽകിയ ഇന്റേണൽ കംപ്ലയിന്റ് അതോറിറ്റി കൃത്യമായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പ് വരുത്തണമെന്നും വനിതാ കമ്മീഷൻ നിർദ്ദേശിച്ചു.
കുറച്ച് ദിവസം മുമ്പ് രാജ്യത്ത് വിവാഹത്തിന് മുമ്പുള്ള കൗൺസിലിംഗ് നിർബന്ധമാക്കണമെന്നാവശ്യപ്പെട്ട് നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിൽ സുപ്രീം കോടതിയിൽ പൊതു താൽപര്യ ഹർജി സമർപ്പിച്ചിരുന്നു. സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും ഇത് സംബന്ധിച്ച നിർദ്ദേശം നൽകണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.
വിവാഹത്തിന് മുമ്പുള്ള കൗൺസിലിങ് പങ്കാളികൾ തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്താനും വിവാഹത്തിന് യഥാർത്ഥ ലക്ഷ്യങ്ങൾ കൈവരിക്കാനും സഹായിക്കുമെന്നായിരുന്നു പൊതു താൽപര്യ ഹർജിയിലെ വാദം. സംഘർഷങ്ങൾ പരിഹരിക്കാനുള്ള കഴിവുകൾ വികസിപ്പിക്കുന്നതിനും ഇത് സഹായിക്കും അത് കൊണ്ട് ഇതിനായി പുതിയ കോഴ്സ് രൂപകൽപ്പന ചെയ്യാനും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam