കാലിത്തീറ്റയുടെ വില കുത്തനെ കൂടി,പാൽ വില വർധനയുടെ ​ഗുണം കിട്ടുന്നില്ല; പരാതിയുമായി കർഷകർ

By Web TeamFirst Published Dec 6, 2022, 4:22 AM IST
Highlights

പരിഹാരമായി കാലിത്തീറ്റ വിപണി സര്‍ക്കാര്‍ നേരിട്ട് നിയന്ത്രിക്കണമെന്നാവശ്യപെട്ട്  വകുപ്പുമന്ത്രിയെ സമീപിക്കാനൊരുങ്ങുകയാണ് വിവിധ കര്‍ഷക സംഘടനകള്‍.

തൊടുപുഴ: സംസ്ഥാനത്ത്  കാലിത്തീറ്റയുടെ വില കുത്തനെ കൂടിയതിനാല്‍  പാൽ വില വർദ്ധിപ്പിച്ചതിന്റെ  ഗുണം ലഭിക്കുന്നില്ലെന്ന പരാതിയുമായി ക്ഷീര കര്‍ഷകര്‍. പരിഹാരമായി കാലിത്തീറ്റ വിപണി സര്‍ക്കാര്‍ നേരിട്ട് നിയന്ത്രിക്കണമെന്നാവശ്യപെട്ട്  വകുപ്പുമന്ത്രിയെ സമീപിക്കാനൊരുങ്ങുകയാണ് വിവിധ കര്‍ഷക സംഘടനകള്‍.

പാലിന് ആറു രൂപയാണ് കൂടിയത്. ഇതില്‍ 5 രൂപയോളം കർഷകര്‍ക്ക് നല്‍കാനും തുടങ്ങി. ക്ഷീര കർഷകരുടെ നിലവിലെ  സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ഇത് സഹായിക്കുമെന്നാണ് സര്‍ക്കാരിന‍്റെ വാതം. പക്ഷെ ഇതിന്‍റെ മെച്ചമൊന്നും കര്‍ഷകര്‍ക്ക് കിട്ടുന്നില്ല. കാരണം കാലിതീറ്റയുടെ പൊള്ളുന്ന വിലയാണെന്ന് ഇവർ പറയുന്നു. പാലിന് വില കൂടുമെന്നറിഞ്ഞപ്പോഴേക്കും 150മുതല്‍ 250 രുപവരെയാണ് 50കിലോയുടെ ഓരോ ചാക്കിനും വിവിധ കമ്പനികള്‍  കൂട്ടിയത്. ഇതോടെ കിട്ടുന്ന അധിക പണം മൊത്തം കാലീതീറ്റക്കും അനുബന്ധ ഉല്‍പ്പന്നങ്ങൾക്കും നല്കേണ്ട ഗതികേടിലായി ക്ഷീര കര്‍ഷകർ. 

നേരത്തെ കാലികള്‍ക്ക് സര്‍ക്കാര്‍ ഇന്‍ഷ്യൂറന്‍സ് പരിരക്ഷ നല്‍കിയിരുന്നു. ഇതും ഇപ്പോഴില്ല. വര്‍ഷം തോറും ഓരോ കാലികള്‍ക്കും 3000ത്തിലധികം രൂപയാണ് ഇതിനായി ഇപ്പോള്‍ കര്‍ഷകന്‍ മുടക്കേണ്ടിവരുന്നത്. കാലിത്തീറ്റയുടെ വിലനിയന്ത്രിച്ച് നിര്‍ത്തിയ ഇന്‍ഷ്യൂറന്‍സ് പരിരക്ഷ പുനസ്ഥാപിച്ച് നിലവിലെ പ്രതിസന്ധി പരിഹരിക്കണമെന്നാണ് ക്ഷീര കര്‍ഷകരുടെ ആവശ്യം. ഇതുന്നയിച്ച് വിവിധ കര്‍ഷക സംഘനടകള്‍ ഉടന്‍ വകുപ്പ് മന്ത്രിയെ സമീപിക്കും.

click me!