
തിരുവനന്തപുരം: മദ്യ കമ്പനികളുടെ ആവശ്യത്തിന് വഴങ്ങി മദ്യ വില വര്‍ധിപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ദുരൂഹമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കമ്പനികള്‍ക്ക് കൊള്ളലാഭം ഉണ്ടാക്കുന്നതിനു വേണ്ടി 341 ബ്രാന്‍ഡുകളുടെ വിലയാണ് 10 രൂപ മുതല്‍ 50 രൂപ വരെ വര്‍ധിപ്പിച്ചത്. ഇതില്‍ ജനപ്രിയ ബ്രാന്‍ഡുകളുടെയെല്ലാം വില സര്‍ക്കാര്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.
വില വര്‍ധിപ്പിച്ച മദ്യത്തിന്‍റെ പട്ടികയില്‍ മദ്യ നിര്‍മ്മാണ കമ്പനി സ്ഥാപിക്കാന്‍ സര്‍ക്കാര്‍ രഹസ്യമായി അനുമതി നല്‍കിയ ഒയാസിസ് കമ്പനിയുടെ വിവിധ ബ്രാന്‍ഡുകളും ഉള്‍പ്പെട്ടിട്ടുണ്ട്. മദ്യ നിര്‍മ്മാണ കമ്പനിക്ക് അനുമതി നല്‍കിയതിന് പിന്നാലെ മദ്യ കമ്പനികള്‍ക്കു വേണ്ടി വില വര്‍ധിപ്പിച്ചുള്ള സര്‍ക്കാര്‍ തീരുമാനം സംശയകരമാണ്.
നേരത്തെ മദ്യ കമ്പനികള്‍ ആവശ്യപ്പെട്ടത് അനുസരിച്ച് വിറ്റുവരവ് നികുതി സര്‍ക്കാര്‍ ഒഴിവാക്കിക്കൊടുത്തിരുന്നു. അന്നും നഷ്ടം നികത്തിയത് വില കൂട്ടിയാണ്. എലപ്പുള്ളിയില്‍ മദ്യ നിര്‍മ്മാണ കമ്പനിക്ക് അനുമതി നല്‍കിയതു പോലെ ഇപ്പോഴത്തെ തീരുമാനത്തിലും സുതാര്യതയില്ലെന്ന് സതീശൻ ആരോപിച്ചു.
മദ്യവില കൂട്ടിയതുകൊണ്ട് ഉപഭോഗം കുറയില്ലെന്നതാണ് യാഥാർത്ഥ്യം. കുടുംബ ബജറ്റിലേക്കുള്ള വിഹിതത്തിൽ കുറവ് വരുന്നതിനാൽ സ്ത്രീകളും കുട്ടികളുമാകും ഇതിന്‍റെ ഇരകളായി മാറുന്നത്. മദ്യ ഉപഭോക്താക്കളെ ചൂഷണം ചെയ്ത് മദ്യകമ്പനികള്‍ക്ക് ലാഭം ഉണ്ടാക്കിക്കൊടുക്കാന്‍ സര്‍ക്കാര്‍ കൂട്ടു നില്‍ക്കുന്നത് അംഗീകരിക്കാനാകില്ല. തീരുമാനം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
അതേസമയം, സംസ്ഥാനത്ത് മദ്യ വിലയിൽ ഇന്ന് മുതലാണ് മാറ്റം വരുന്നത്. മദ്യവിതരണക്കമ്പനികളുടെ ആവശ്യം പരിഗണിച്ചാണ് ബെവ്ക്കോയുടെ തീരുമാനം. എല്ലാ ബ്രാൻഡുകൾക്കും വില കൂടില്ലെങ്കിലും ജനപ്രീയ ബ്രാൻഡുകളുടെയെല്ലാം വില വർധിക്കും. മൊത്തം 341 ബ്രാൻഡുകളുടെ വിലയാണ് വർധിക്കുക. ഇതിനൊപ്പം തന്നെ 107 ബ്രാൻഡുകളുടെ വില കുറയുകയും ചെയ്യും. 10 രൂപ മുതൽ 50 രൂപ വരെയാണ് ബ്രാൻഡുകൾക്ക് കൂടുകയും കുറയുകയും ചെയ്യുക. ബെവ്കോയുടെ ജനപ്രിയ ബ്രാൻഡായ ജവാന്‍റെയടക്കം വില കൂടുമെന്നാണ് അറിയിപ്പ്. ഇതിനൊപ്പം തന്നെ ബിയർ വിലയും കൂടും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam