
കണ്ണൂർ: രാജ്യത്ത് തന്നെ സി പി എമ്മിന് ഏറ്റവും കൂടുതൽ അംഗങ്ങളുള്ള, പാർട്ടിയുടെ കരുത്തുറ്റ കോട്ടയെന്നറിയപ്പെടുന്ന കണ്ണൂർ ജില്ലയിൽ സമ്മേളനത്തിന്‍റെ കൊടിയുയർന്നു. ഇനി 3 നാൾ കണ്ണൂർ ജില്ലയിൽ സമ്മേളനത്തിന്‍റെ ചൂടായിരിക്കും. തളിപ്പറമ്പിലാണ് സി പി എം കണ്ണൂർ ജില്ലാ സമ്മേളനത്തിന് കൊടി ഉയർന്നത്. സ്വന്തം ജില്ലയിലെ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മൂന്ന് ദിവസവും പങ്കെടുക്കുന്നുണ്ട്. പ്രതിനിധി സമ്മേളനം പൊളിറ്റ് ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുക.
30 വർഷങ്ങൾക്ക് ശേഷം തളിപ്പറമ്പിൽ നടക്കുന്ന സി പി എം ജില്ലാ സമ്മേളനത്തിന് ഉണ്ടപ്പറമ്പ് മൈതാനത്താണ് ചെമ്പതാക ഉയർന്നത്. കരിവെള്ളൂർ രക്തസാക്ഷി നഗറിൽ നിന്ന് പി കരുണാകരൻ ഉദ്ഘാടനം ചെയ്ത് പി ജയരാജൻ ജാഥാ ലീഡറായി തളിപ്പറമ്പിൽ എത്തിച്ച പതാക ഉണ്ടപ്പറമ്പ് മൈതാനത്തെ പൊതു സമ്മേളന നഗരിയിൽ സംഘാടക സമിതി ചെയർമാൻ ടി കെ ഗോവിന്ദനാണ് ഉയർത്തിയത്. കടലിരമ്പം പോലെ മുദ്രാവാക്യം വിളിച്ച സഖാക്കൾ ഇനി 3 നാൾ ഗൗരവമേറിയ വിഷയങ്ങളിൽ ചർച്ച നടത്തും. കെ കെ എൻ പരിയാരം സ്മാരക ഹാളിലെ കോടിയേരി ബാലകൃഷ്ണൻ നഗറിൽ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുന്ന മുഖ്യമന്ത്രി തന്നെയാകും മൂന്നാം തിയതി വൈകിട്ട് ഉണ്ടപ്പറമ്പ് മൈതാനത്ത് നടക്കുന്ന പൊതു സമ്മേളനവും ഉദ്ഘാടനം ചെയ്യുക.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സ്വാധീന കേന്ദ്രങ്ങളിലുണ്ടായ വോട്ടുചോർച്ച, ഇ പി ജയരാജൻ ഉൾപ്പെട്ട വിവാദങ്ങൾ, പി പി ദിവ്യക്കെതിരായ കേസും നടപടിയും, പി ജയരാജനെതിരെ പാർട്ടി വിട്ട മനു തോമസ് ഉയർത്തിയ ആരോപണങ്ങൾ, പയ്യന്നൂർ ഉൾപ്പടെ പ്രാദേശിക വിഭാഗീയ വിഷയങ്ങൾ എന്നിവയെല്ലാം സമ്മേളനത്തിൽ വലിയ ചർച്ചയായി ഉയരാനാണ് സാധ്യത. പി കെ ശ്രീമതി, ഇ പി ജയരാജൻ, കെ കെ ശൈലജ, പി ജയരാജൻ തുടങ്ങി മുതിർന്ന നേതാക്കളെല്ലാം സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. ജില്ലാ സെക്രട്ടറി പദത്തിൽ എം വി ജയരാജൻ തുടരാനാണ് സാധ്യത. മാറ്റമുണ്ടായാൽ ടി വി രാജേഷിന്റെ പേരിനാണ് മുൻതൂക്കം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം