
കൊച്ചി: കർദിനാൾ മാർ ആലഞ്ചേരിക്ക് എതിരെ വ്യാജരേഖ ചമച്ച കേസിൽ പ്രതികളായ വൈദികർ നാളെ ചോദ്യം ചെയ്യലിന് ഹാജരാകും . ഫാദര്‍ പോൾ തേലക്കാട്, ഫാദര്‍ ടോണി കല്ലൂക്കാരൻ എന്നിവരാണ് ആലുവ ഡിവൈഎസ്പി ഓഫീസിൽ ഹാജരാകുക . നാളെ മുതൽ ഏഴ് ദിവസത്തേക്ക് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കോടതി ഉത്തരവുണ്ട് . കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
അതേസമയം കേസിൽ മധ്യസ്ഥ ശ്രമത്തിന് ഹൈക്കോടതി സാധ്യത തേടിയിരുന്നു. സുപ്രീം കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് കുര്യൻ ജോസഫിനെ മധ്യസ്ഥനായി ചുമതലപ്പെടുത്തുന്നത് സംബന്ധിച്ച് നിലപാട് അറിയിക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് വൈദികർ സമർപ്പിച്ച ഹർജി പരിഗണിച്ചോഴാണ് കോടതി ഇക്കാര്യം ചോദിച്ചത്.
വ്യാജരേഖ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ എറണാകുളം ജില്ലാ കോടതി ഉത്തരവിട്ടതിനെ തുടർന്നാണ് ഫാ പോൾ തേലക്കാടും ബിഷപ്പ് ജേക്കബ് മാനത്തോടത്തും കേസിന്റെ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഈ അപേക്ഷ പരിഗണിക്കുമ്പോഴാണ് മധ്യസ്ഥ സാധ്യതകളെക്കുറിച്ച് ഹൈക്കോടതി ആരാഞ്ഞത്. മധ്യസഥനായി ജസ്റ്റിസ് കുര്യൻ ജോസഫിനെ നിയമിക്കുന്നതിനെ കുറിച്ച് ജൂൺ പത്തിന് മുമ്പ് നിലപാട് അറിയിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു.
ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് നൽകിയിരിക്കുന്ന കേസുകൾ പിൻവലിക്കുമെന്ന് ഉറപ്പു കിട്ടിയാൽ അനുകൂല അഭിപ്രായം അറിയിച്ചാൽ മതിയെന്നാണ് കർദിനാൾ അനുകൂല വിഭാഗത്തിൻറെ ആലോചന. മധ്യസ്ഥ ശ്രമത്തിലൂടെ സഭാ ഭൂമി ഇടപാട് കേസും വ്യാജരേഖ കേസും ഒത്തു തീർപ്പാക്കാനുളള ശ്രമമാണ് ഇരുവിഭാഗവും ആലോചിക്കുന്നത്. ഇതിനിടെ വ്യാജ രേഖ കേസിൽ അറസ്റ്റിലായ ആദിത്യന് കോടതി ജാമ്യം അനുവദിച്ചു. എം ടെക് പരീക്ഷ എഴുതേണ്ടതിനാൽ ജാമ്യം അനുവദിക്കണം എന്നായിരുന്നു ആദിത്യൻറെ ആവശ്യം. തെളിവ് നശിപ്പിക്കുമെന്നും കൂടുതൽ തെളിവുകൾ ശേഖരിക്കാൻ ഉള്ളതിനാൽ ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ വാദിച്ചു.
മൊഴി എടുപ്പ് പൂർത്തിയാക്കി കമ്പ്യൂട്ടറും മൊബൈലും പിടിച്ചെടുത്ത സാഹചര്യത്തിൽ മറ്റെന്തു തെളിവാണ് ശേഖരിക്കാനുള്ളതെന്ന് വ്യക്തമാക്കാൻ കോടതി ആവശ്യപ്പെട്ടു. ഇതിന് കൃത്യമായ മറുപടി നൽകാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. പൊലീസ് കസ്റ്റഡിയിൽ മർദ്ദിച്ച കാര്യവും കോടതി സൂചിപ്പിച്ചു. കേസിലെ മറ്റു പ്രതികളുമായി ബന്ധപ്പെടരുത്, കൊരട്ടി, എറണാകുളം നോർത്ത് എന്നി പോലീസ് സ്റ്റേഷൻ പരിധികളിൽ പ്രവേശിക്കരുത്, വൈദികരെ ചോദ്യം ചെയ്യുമ്പോൾ പൊലീസ് അവശ്യപ്പെട്ടാൽ ഹാജരാകണം എന്നീ ഉപാധികളോടെയാണ് ജാമ്യം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam