ചര്‍ച്ച ഫലം കണ്ടു; കർദ്ദിനാളിനെതിരായ വിമത വൈദികരുടെ സമരം അവസാനിപ്പിച്ചു

By Web TeamFirst Published Jul 20, 2019, 2:02 PM IST
Highlights

അടുത്തമാസം ചേരുന്ന പൂര്‍ണ സിനഡ് കര്‍ദ്ദിനാളിനെതിരായ മറ്റ് പരാതികള്‍ ചര്‍ച്ച ചെയ്യും.
 

കൊച്ചി: കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയെ എറണാകുളം അങ്കമാലി അതിരൂപത ചുമതലയിൽ നിന്ന് മാറ്റണമെന്നുൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ഒരു വിഭാഗം വൈദികർ നടത്തുന്ന ഉപവാസ സമരം അവസാനിപ്പിച്ചു. വൈദികരുമായി സ്ഥിരം സിനഡ് നടത്തിയ ചര്‍ച്ചയ്‍ക്ക് പിന്നാലെയാണ് സമരം അവസാനിപ്പിച്ചത്. സഹായ മെത്രാന്മാരുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കാന്‍ ഇടപെടുമെന്ന് സിനഡ് വൈദികര്‍ക്ക് ഉറപ്പ് നല്‍കി. വ്യാജരേഖാ കേസില്‍ പീഡിപ്പിക്കുന്നെന്ന പരാതിയിലും ഇടപെടും. അടുത്തമാസം ചേരുന്ന പൂര്‍ണ സിനഡ് കര്‍ദ്ദിനാളിനെതിരായ മറ്റ് പരാതികള്‍ ചര്‍ച്ച ചെയ്യും.

വൈദിക പ്രതിഷേധം അവസാനിപ്പിക്കാൻ സമരം ചെയ്യുന്നവരുടെ പ്രതിനിധികളായ ഒമ്പത് വൈദികരുമായി സ്ഥിരം സിനഡ് പ്രതിനിധിയും തൃശൂര്‍ അതിരൂപത ആർച്ച് ബിഷപ്പുമായ മാർ ആൻഡ്രൂസ് താഴത്ത് ഇന്നലെ ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടിരുന്നില്ല. ഇന്നലെ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമാകാതെ വന്നതിനെ തുടര്‍ന്ന് ഇന്ന് വീണ്ടും നടത്തിയ ചര്‍ച്ചയിലാണ് വൈദികര്‍ സമരം അവസാനിപ്പാക്കമെന്ന് അറിയിച്ചത്. 

കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയെ അതിരൂപത ചുമതലയിൽ നിന്ന് മാറ്റുക, ഓഗസ്റ്റിൽ നടക്കുന്ന മെത്രാൻ സിനഡിന്‍റെ അധ്യക്ഷസ്ഥാനത്ത് നിന്ന് ആലഞ്ചേരിയെ മാറ്റുക, സസ്പെൻഡ് ചെയ്യപ്പെട്ട ബിഷപ്പുമാരെ പൂർണ്ണചുമതലയോടെ തിരിച്ചെടുക്കുക തുടങ്ങിയവയായിരുന്നു സമരം ചെയ്തിരുന്ന വൈദികരുടെ ആവശ്യം.

click me!