വിയ്യൂര്‍ ജയിലില്‍ തടവുകാരെ മര്‍ദ്ദിച്ച സംഭവം; ജയിൽ സൂപ്രണ്ടിന് സസ്പെൻഷൻ

By Web TeamFirst Published Aug 6, 2019, 9:10 PM IST
Highlights

കഴിഞ്ഞ മാസം 19-ന് ജയില്‍ ഡിജിപി ഋഷിരാജ് സിംഗ് വിയ്യൂര്‍ ജയിലില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയപ്പോഴാണ് തടവുകാര്‍ മര്‍ദ്ദനത്തെ കുറിച്ച് പരാതി നല്‍കിയത്. 

തൃശ്ശൂര്‍: വിയ്യൂര്‍ ജില്ലാ ജയിലിൽ ഉദ്യോഗസ്ഥർ ക്രൂരമർദ്ദനത്തിന് ഇരയാക്കിയിട്ടുണ്ടെന്ന തടവുകാരുടെ പരാതിയിൽ ജയിൽ സൂപ്രണ്ട് എസ് സജീവനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. സംഭവത്തിൽ ഗുരുതരമായ മേല്‍നോട്ടകുറവുണ്ടായെന്ന് കണ്ടെത്തിയാണ് സജീവനെതിരെ നടപടിയെടുത്തത്.

കഴിഞ്ഞ മാസം 19-ന് ജയില്‍ ഡിജിപി ഋഷിരാജ് സിംഗ് വിയ്യൂര്‍ ജയിലില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയപ്പോഴാണ് തടവുകാര്‍ മര്‍ദ്ദനത്തെ കുറിച്ച് പരാതി നല്‍കിയത്. തുടര്‍ന്ന് തടവുകാരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയും പരാതി സത്യമെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. തടവുകാരുടെ പരാതിയിൽ മൂന്നുപേരെ സസ്പെന്‍ഡ് ചെയ്യുകയും  38 പേരെ സ്ഥലംമാറ്റുകയും ചെയ്തിരുന്നു.  

പരാതിയില്‍ തുടര്‍ അന്വേഷണം നടത്താൻ ഡിജിപി മധ്യ മേഖല ജയിലർ ‍ഡിഐജിയ്ക്ക് നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ജില്ല ജയില്‍ സൂപ്രണ്ടിന്റെ ഭാഗത്ത് ഗുരുതരമായ വീഴ്ചയുണ്ടായതായി കണ്ടെത്തിയത്. തടവുകാരോട് മര്‍ദ്ദനത്തെ കുറിച്ച് അന്വേഷിക്കാനോ അവര്‍ക്ക് യഥാസമയം വേണ്ട ചികിത്സ നല്‍കാനോ സൂപ്രണ്ട് തയ്യാറായില്ലെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു. തടവുകാര്‍ക്കുള്ള ഭക്ഷണവിതരണം, വേതനവിതരണം എന്നിവയിലും മേല്‍നോട്ടകുറവുണ്ടായെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഡിഐജി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജയില്‍ ഡിജിപി നടപടിക്ക് ശുപാർശ ചെയ്തത്.

click me!