സ്വപ്ന സുരേഷിൻ്റെ ശബ്ദരേഖയെക്കുറിച്ച് അന്വേഷണം നടത്താൻ റിഷിരാജ് സിംഗിൻ്റെ നിർദേശം

By Web TeamFirst Published Nov 19, 2020, 8:24 AM IST
Highlights

ദക്ഷിണമേഖല ഡിഐജി അജയകുമാറിനോടാണ് ജയിൽ ഡിജിപി ഋഷിരാജ് സിംഗ് ഇക്കാര്യം പരിശോധിക്കാൻ നിർദേശം നൽകിയയത്

തിരുവനന്തപുരം: സ്വപ്ന സുരേഷിൻ്റെ ശബ്ദരേഖ പ്രചരിക്കുന്ന സംഭവത്തിൽ അന്വേഷണം നടത്താൻ ജയിൽ ഡിജിപിയുടെ നിർദേശം. ദക്ഷിണമേഖല ഡിഐജി അജയകുമാറിനോടാണ് ജയിൽ ഡിജിപി ഋഷിരാജ് സിംഗ് ഇക്കാര്യം പരിശോധിക്കാൻ നിർദേശം നൽകിയയത്. ഇന്ന് രാവിലെ അട്ടക്കുളങ്ങര വനിതാ ജയിലിൽ നേരിട്ടെത്തി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ഡിഐജിയോട് ജയിൽ ഡിജിപി ആവശ്യപ്പെട്ടിരിക്കുന്നത്. 

മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നൽകാൻ ഇഡി നിർബന്ധിക്കുന്നതായി പറഞ്ഞു കൊണ്ട് സ്വപ്ന സുരേഷിന്റെ പേരിൽ പ്രചരിക്കുന്ന ശബ്ദ സന്ദേശം വിവാദമായിരുന്നു. ഒരു സ്വകാര്യ പോർട്ടലാണ് ശബ്ദ സന്ദേശം പുറത്തുവിട്ടത്. ജയിലിൽ കഴിയുന്ന സ്വപ്നയുടെ സന്ദേശം പുറത്തുവന്നത് അവരെ നിയമം ലംഘിച്ചു പലരും സന്ദർശിച്ചതിന്റെ തെളിവാണെന്ന് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചിരുന്നു.

അതേസമയം സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ കസ്റ്റംസ് അന്വേഷണ സംഘം ഇന്നലെ വീണ്ടും ചോദ്യം ചെയ്തു. തിരുവനന്തപുരം അട്ടക്കുളങ്ങര വനിത ജയിലിലെത്തിയായിരുന്നു ചോദ്യം ചെയ്യൽ. സ്വർണ്ണക്കടത്തിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെതിരെ  എൻഫോഴ്‌സ്മെൻറിന് സ്വപ്ന മൊഴി നൽകിയതിന് പിന്നാലെയായിരുന്നു  നടപടി. ചോദ്യം ചെയ്യൽ ആറ് മണിക്കൂറോളം നീണ്ടു. 

click me!