
തൃശ്ശൂർ: തൃശ്ശൂരിൽ സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരത്തിനൊരുങ്ങുന്നു. ആഗസ്റ്റ് അഞ്ച് മുതൽ സർവീസുകൾ നിർത്തിവെക്കുമെന്ന് ബസ് ഓപറേറ്റേഴ്സ് കോ-ഓർഡിനേഷൻ കമ്മിറ്റി അറിയിച്ചു. റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ചാണ് അനിശ്ചിതകാല സമരം. ശക്തൻ തമ്പുരാൻ ബസ് സ്റ്റാൻഡിൽ നിന്നും പുഴക്കൽ വഴി പോകുന്ന ബസുകളാണ് സർവീസ് നിർത്തുന്നത്.
പൂങ്കുന്നം മുതൽ മുതുവറ വരെ, ശോഭാ സിറ്റിക്ക് മുൻപിലുള്ള റോഡ്, അയ്യന്തോൾ റോഡ് എന്നിവിടങ്ങളിലെ റോഡുകളിൽ മുഴുവൻ കുഴികളാണ്. ഇതുസംബന്ധിച്ച് ജില്ലാ കളക്ടർക്കും കമ്മീഷണർക്കും പരാതി നൽകിയതായി ചെയർമാൻ എംഎസ് പ്രേംകുമാർ അറിയിച്ചു. ആഗസ്റ്റ് 5ന് മുൻപായി റോഡ് നന്നാക്കിയില്ലെങ്കിൽ സമരവുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും പ്രേംകുമാർ അറിയിച്ചു.