
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ രണ്ടോ മൂന്നോ ദിവസം കൂടി തുടരുമെന്ന് സ്വകാര്യ കാലാവസ്ഥാ നിരീക്ഷകരായ സ്കൈമെറ്റ് അറിയിച്ചു. വയനാട്, ഇടുക്കി, മലപ്പുറം, കൊച്ചി, കോഴിക്കോട് ജില്ലകളില്‍ ശക്തമായ മഴ അടുത്ത രണ്ടോ മൂന്നോ ദിവസം കൂടി തുടരുമെന്നാണ് സ്കൈമെറ്റിന്‍റെ പ്രവചനം. അടുത്ത 24 മണിക്കൂറില്‍ അതിശക്തമായ മഴ ലഭിക്കുമെന്നും അതിനു ശേഷം ശക്തി കുറഞ്ഞാലും മഴ തുടരുമെന്നും സ്കൈമെറ്റ് പ്രവചിക്കുന്നു.
കേരത്തിൽ മഴയുടെ ശക്തി നാളെ രാത്രി മുതൽ കുറയുമെന്നും അതു വരെ വടക്കൻ ജില്ലകളിൽ ശക്തമായ മഴ തുടരുമെന്നും സ്വകാര്യ കാലാവസ്ഥാ ഏജന്‍സിയായ കേരള വെതര്‍ പ്രവചിക്കുന്നു. ഇപ്പോള്‍ മധ്യപ്രദേശിന് മുകളിലുള്ള ന്യൂനമര്‍ദ്ദം ശനിയാഴ്ചയോടെ ഗുജറാത്ത് ഭാഗത്തേക്ക് നീങ്ങുമെന്നും ഇതിനനുസരിച്ച് കേരളത്തില്‍ മഴ കുറയുമെന്നുമാണ് കേരള വെതറിന്‍റെ പ്രവചനം. ആഗോള പ്രതിഭാസങ്ങൾ കൂടി അനുകൂലമായതാണ് ശക്തമായ മഴയ്ക്ക് കാരണമെന്നാണ് കേരള വെതറിലെ കാലാവസ്ഥാ വിദഗ്ദ്ധന്‍ വിശദീകരിക്കുന്നത്.
സമുദ്ര നിരപ്പിൽ നിന്ന് 1.5 മുതൽ 8 കി.മി വരെ ഉയരത്തിൽ കാറ്റിന്‍റെ വേഗം മണിക്കൂറില്‍ 15 മുതല്‍ 25 വരെ നോട്ടിക്കൽ മൈൽ ആണ്. ഇത് മേഘങ്ങളെ കൂട്ടമായി പെയ്യിക്കും. ഇതോടൊപ്പം ആഗോളമഴപാത്തിയും മേഖലയില്‍ സജീവമാണ്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ താപവ്യതിയാനവും മഴയ്ക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നു. എല്‍ നിനോ ഇല്ലാത്ത സാഹചര്യവും കൂടി ചേരുന്നതോടെ മഴ ശക്തമായി പെയ്യുകയാണെന്നും കേരളവെതര്‍ ചൂണ്ടിക്കാട്ടുന്നു. അറബിക്കടലില്‍ നിന്നും മഴ മേഘങ്ങള്‍ കൂട്ടത്തോടെ കേരളതീരത്തേക്ക് നീങ്ങുകയാണെന്നും ഉപഗ്രഹചിത്രങ്ങള്‍ വിശകലനം ചെയ്തു കൊണ്ട് കേരള വെതര്‍ വിശദീകരിക്കുന്നു.
കാസർകോട് , കോഴിക്കോട്, വയനാട്, കണ്ണൂർ, മലപ്പുറം ജില്ലകളിൽ ശക്തമായ മഴ 24 മണിക്കൂർ കൂടി തുടരും . എന്നാൽ അതിതീവ്രമഴക്ക് സാധ്യതയില്ല. മഴക്കൊപ്പം കാറ്റും ഇടിയും മിന്നലും പ്രതീക്ഷിക്കാം. കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ മഴ കുറവായിരിക്കും. കോഴിക്കോട് മുതൽ എറണാകുളം വരെയുള്ള ജില്ലകളിലും ഇടുക്കിയിലും കനത്ത മഴ തുടരും. കോട്ടയം, പത്തനംതിട്ട ജില്ലകളിലും നാളെ വരെ കനത്ത മഴ പ്രതീക്ഷിക്കാം. ആലപ്പുഴയിൽ മഴയുടെ ശക്തി കുറയും - കേരളവെതര്‍ പ്രവചിക്കുന്നു.
പശ്ചിമഘട്ടത്തില്‍ കേരളത്തിന്‍റേയും തമിഴ്‍നാട്ടിന്‍റേയും ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുമെന്നും ഞായറാഴ്ച വരെ ജാഗ്രത വേണമെന്നും തമിഴ്‍നാട് വെതര്‍മെന്‍ എന്നറിയപ്പെടുന്ന കാലാവസ്ഥ വിദഗ്ദ്ധന്‍ പ്രദീപ് ജോണ്‍ അറിയിച്ചു. പശ്ചിമഘട്ടത്തില്‍ ഇടുക്കി, വയനാട്, നീലഗിരി,തേനി, തിരുനല്‍വേലി, വാല്‍പ്പാറ, കന്യാകുമാരി എന്നീ മേഖലകളിലും കേരളത്തിന്‍റെ തീരപ്രദേശങ്ങളിലും നാളെ രാത്രി വരെ കടുത്ത മഴ ലഭിക്കുമെന്നും അദ്ദേഹം പ്രവചിക്കുന്നു.
പ്രളയം നേരിടുന്ന മലപ്പുറത്തിന്‍റെ മലയോരമേഖലകള്‍ക്കും, വയനാട് ജില്ലയ്ക്കും കിഴക്കായി തമിഴ്‍നാട് നീലഗിരിയില്‍ റെക്കോര്‍ഡ് മഴ പെയ്തതായി പ്രദീപ് ജോണ്‍ നേരത്തെ അറിയിച്ചിരുന്നു. നീലഗിരി ജില്ലയിലെ ആവലഞ്ചി ഭാഗത്താണ് 76 വര്‍ഷത്തെ ഏറ്റവും ശക്തമായ മഴ പെയ്തത്.
വ്യാഴാഴ്ച രാവിലെ മുതല്‍ വെള്ളിയാഴ്ച രാവിലെ വരെയുള്ള 24 മണിക്കൂറില്‍ 911 മില്ലിമീറ്റര്‍ മഴ ആവലഞ്ചിയില്‍ പെയ്തുവെന്ന് പ്രദീപ് പറയുന്നു. ദക്ഷിണേന്ത്യയിലെ പെയ്ത റെക്കോര്‍ഡ് മഴയാണിത് എന്നാണ് പ്രദീപിന്‍റെ കണ്ടെത്തല്‍. നീലഗിരി ജില്ലയിലെ 16 ഡാമുകളും ഇപ്പോള്‍ നിറയാനായിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam