റിസര്‍ച്ച് സ്കോര്‍ ഏറ്റവും കുറവ് പ്രിയ വര്‍ഗീസിന്, അഭിമുഖത്തിൽ കൂടുതൽ മാർക്ക് നൽകി; നിർണായക രേഖ പുറത്ത്

By Web TeamFirst Published Aug 13, 2022, 11:47 AM IST
Highlights

ഉദ്യോഗാർത്ഥികളിൽ ഏറ്റവും കുറഞ്ഞ റിസർച്ച് സ്കോർ പ്രിയ വർഗീസിനാണ്. എന്നിട്ടും അഭിമുഖത്തിൽ ലഭിച്ച ഉയർന്ന മാർക്കാണ് പ്രിയക്ക് ഒന്നാം റാങ്ക് കിട്ടാൻ കാരണമെന്ന് രേഖയിൽ നിന്ന് വ്യക്തമാകുന്നു.

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്‍റെ ഭാര്യ പ്രിയ വർഗീസിന്‍റെ കണ്ണൂർ സർവകലാശാലയിലെ വിവാദ നിയമനത്തിലെ നിർണ്ണായക രേഖ പുറത്ത്. അധ്യാപന പരിചയവും റിസർച്ച് സ്കോറും കുറവായിരുന്നിട്ടും അഭിമുഖത്തിൽ ഉയർന്ന മാർക്ക് നൽകിയാണ് പ്രിയക്ക് ഒന്നാം റാങ്ക് കിട്ടിയത്. അഭിമുഖത്തിന്‍റെ വിവരാവകാശ രേഖ സഹിതം വിസിക്കെതിരെ നടപടിയാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണ്ണർക്ക് പുതിയ പരാതി നൽകി.

അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് ആറ് പേരാണ് അഭിമുഖത്തിനെത്തിയത്. ഇതിൽ ഗവേഷണ പ്രബന്ധങ്ങൾക്ക് അടക്കമുള്ള റിസർച്ച് സ്കോർ ഏറ്റവും കുറവ് കിട്ടിയത് പ്രിയ വർഗ്ഗീസിനാണ്. 156 മാര്‍ക്കാണ് പ്രയക്ക് ലഭിച്ചത്. പക്ഷെ അഭിമുഖത്തിൽ പ്രിയക്ക് കിട്ടിയത് ഏറ്റവും ഉയർന്ന് മാർക്കാണ്. അഭിമുഖത്തില്‍ മാത്രം 32 മാര്‍ക്ക്. രണ്ടാം റാങ്ക് കിട്ടിയ ജോസഫ് സ്കറിയയുടെ റിസർച്ച് സ്കോൾ 651 ആണ്. അഭിമുഖത്തിലെ മാർക്ക് 30. മൂന്നാം റാങ്കുള്ള ഗണേഷ് സി യുടെ റിസർച്ച് സ്കോൾ 645. ഇൻറർവ്യുവിൽ കിട്ടിയത് 28 മാർക്ക്. മാത്രമല്ല ജോസഫ് സ്ക്റിയക്ക് 15 വർഷത്തിലേറെ അധ്യാപന പരിചയമുണ്ട്. പ്രിയ വർഗ്ഗീസിന് യുജിസി നിഷ്കർഷിക്കുന്ന 8 വർഷത്തെ അധ്യാപന പരിചയം ഇല്ലെന്ന പരാതി നേരത്തെ ഗവ‍ണ്ണർക്ക് മുന്നിലുണ്ട്.  

Also Read: പ്രിയ വർഗീസിന് നിയമനം; മാസങ്ങളായി പൂഴ്ത്തി വച്ച റാങ്ക് ലിസ്റ്റ് അംഗീകരിച്ചു

പ്രിയയുടെ മൂന്ന് വർഷം ഡെപ്യൂട്ടേഷനിലെ ഗവേഷണ കാലയളവും സ്റ്റുഡന്‍റ്സ് ഡയറക്ടറായുള്ള രണ്ട് വർഷത്തെ അനധ്യാപക കാലയളവും അധ്യാപന പരിചയമായി കണക്കാക്കിയെന്നും കണ്ണൂർ സർവകലാശാല നൽകിയ വിവരാവകാശ രേഖ പറയുന്നു. പ്രിയക്ക് ഒന്നാം റാങ്ക് നൽകാൻ വി സിയും സെലക്ഷൻ കമ്മിറ്റിയുടം ശ്രമിച്ചതിന്‍റെ കൃത്യമായ തെളിവാണിതെന്ന് കാണിച്ചാണ് സേവ് യൂണിവേഴിസ്റ്റി ക്യാമ്പയിൻ കമ്മിറ്റി വീണ്ടും ഗവർണ്ണർക്ക് പരാതി നൽകി. മലയാളം അസോസിയേറ്റ് പ്രൊഫസർ പരീക്ഷയിൽ പ്രിയക്ക് സിണ്ടിക്കേറ്റ് ഒന്നാം റാങ്ക് നൽകിയെങ്കിലും വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഇതുവരെ നിയമന ഉത്തരവ് ഇറക്കിയിട്ടില്ല നിലവിൽ തിരുവനന്തപുരത്ത് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ അസിസ്റ്റന്‍റ്  ഡയറക്ടറായ പ്രിയയുടെ ഡെപ്യൂട്ടേഷൻ കാലാവധി കഴിഞ്ഞ ദിവസം ഒരു വർഷം കൂടി നീട്ടിയിരുന്നു. നിയമനത്തിനെതിരെ നേരത്തെ ഉള്ള പരാതിയിൽ വിസിയുടെ വിശദീകരണത്തിൽ ഗവർണ്ണർ കടുത്ത നടപടി എടുക്കുമെന്ന സൂചനക്കിടെയാണ് പുതിയ രേഖ പുറത്ത് വന്നത്

click me!