കോടതി കയറി ലോ കോളേജ് പ്രിൻസിപ്പാള്‍ നിയമനവും; 'യോഗ്യതയില്ലാത്തവരെ പുറത്താക്കണമെന്നാവശ്യം'

By Web TeamFirst Published Aug 18, 2020, 6:55 AM IST
Highlights

തിരുവനന്തപുരം, എറണാകുളം, തൃശൂർ സർക്കാർ ലോ കോളേജുകളിലെ പ്രിൻസിപ്പാള്‍ നിയമനത്തിനെതിരെ ദിശയെന്ന സംഘടനയാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. യുജിസി നിഷ്കർഷിക്കുന്ന യോഗ്യതയുള്ളവരെ നിയമിക്കണമെന്നാണ് ഹർജിയിലെ ആവശ്യം

തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് സർക്കാർ ലോ കോളേജുകളിലെയും പ്രിൻസിപ്പാള്‍ നിയമനത്തില്‍ യുജിസി യോഗ്യതാ മാനദണ്ഡങ്ങൾ അട്ടിമറിക്കപ്പെട്ടതായി ആക്ഷേപം. തിരുവനന്തപുരം, എറണാകുളം, തൃശൂർ സർക്കാർ ലോ കോളേജുകളിലെ പ്രിൻസിപ്പാള്‍ നിയമനത്തിനെതിരെ ദിശയെന്ന സംഘടനയാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

കോളേജ് പ്രിൻസിപ്പാള്‍ തസ്തികയിലേക്ക് യുജിസി നിഷ്കർഷിച്ച അധിക യോഗ്യതാ മാനദണ്ഡങ്ങൾ അട്ടിമറിച്ചുള്ള നിയമന നീക്കത്തിന് പിന്നാലെയാണ് ലോ കോളേജുകളിലെ പ്രിൻസിപ്പാള്‍ നിയമനവും കോടതിയിലെത്തിയിരിക്കുന്നത്. തിരുവനന്തപുരം ലോ കോളേജ് പ്രിൻസിപ്പാള്‍ ഡോ. ബിജുകുമാർ, എറണാകുളം ലോ കോളേജ് പ്രിൻസിപ്പാള്‍ ഡോ. ബിന്ദു നമ്പ്യാർ, തൃശൂർ ലോ കോളേജ് പ്രിൻസിപ്പാള്‍ വി ആർ ജയദേവൻ എന്നിവർക്കെതിരെയാണ് യോഗ്യത തെളിയിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി.

നിശ്ചിത യോഗ്യതയില്ലാതിരിക്കെ ഒഴിവ് വന്ന മുറയ്ക്ക് താൽക്കാലികമായി നടത്തിയ ഡോ. ബിജു കുമാർ, ബിന്ദു നമ്പ്യാർ എന്നിവരുടെ നിയമനം 2018ൽ സർക്കാർ ക്രമപ്പെടുത്തി നൽകുകയായിരുന്നു. ഇതിനായി സെലക്ഷൻ കമ്മിറ്റി അഭിമുഖം നടത്തി. അഭിമുഖത്തിലെ മാർക്ക് പ്രധാനമാണെന്നിരിക്കെ ഡോ. ബിജുകുമാറും, ബിന്ദു നമ്പ്യാരും ഈ അഭിമുഖത്തില്‍ പങ്കെടുത്തതേയില്ല.

ഗവേഷണ പ്രബന്ധങ്ങളുടെ കുറവ് അടക്കമുള്ള കാരണങ്ങളാൽ ഡോ. വി ആർ ജയദേവനെ പ്രിൻസിപ്പാള്‍ തസ്തികയിലേക്ക് ശുപാർശ ചെയ്തിരുന്നില്ല. പക്ഷേ മൂവരും നിലവിൽ പ്രിൻസിപ്പാള്‍ സ്ഥാനത്ത് തുടരുകയാണ്. യുജിസി മാനദണ്ഡങ്ങൾ പൂർണമായി പാലിക്കപ്പെടണം എന്നാണ് സുപ്രിം കോടതി വിധി.

നിലവിൽ നിശ്ചിത യോഗ്യതയില്ലാത്തവരെ പുറത്താക്കി യുജിസി നിഷ്കർഷിക്കുന്ന യോഗ്യതയുള്ളവരെ നിയമിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. ഹര്‍ജി 24ലേക്ക് മാറ്റിവെച്ച ഹൈക്കോടതി സർക്കാരിനും ബാർ കൗൺസിലിനും നോട്ടിയസച്ചിരിക്കുകയാണ്. കോഴ്സുകൾക്കുള്ള അംഗീകരാത്തിന് അപേക്ഷ നൽകുമ്പോൾ പോലും അധ്യാപക- പ്രിൻസിപ്പാള്‍ നിയമനങ്ങളിലെ യുജിസി മാനദണ്ഡം പ്രധാനമാണ്. 

click me!