പോക്സോ കേസ് അട്ടിമറിക്കാൻ പ്രോസിക്യൂട്ടർ,അതിജീവിതയെ ഭീഷണിപ്പെടുത്തി,മുഖ്യ സാക്ഷിയെ ഒഴിവാക്കാനും ശ്രമം

By Web TeamFirst Published Nov 24, 2022, 7:00 AM IST
Highlights

കൽപ്പാത്തി രഥോത്സവ  ദിവസം പെൺകുട്ടിയെയും അമ്മയെയും കോടതിയിലേക്ക് വിളിച്ചു വരുത്തി പ്രോസിക്യൂട്ടർ ഭീഷണിപ്പെടുത്തിയെന്നാണ് ലീഗൽ കൗൺസിലറുടെ പരാതിയിൽ പറയുന്നത്.പിറ്റേന്ന് മൊഴി നൽകാനെത്തിയപ്പോഴും അതിന് അനുവദിക്കാതെ കേസ് നീട്ടിവയ്ക്കാൻ പ്രോസിക്യൂട്ടർ കോടതിയോട് ആവശ്യപ്പെട്ടു

 

പാലക്കാട് : പോക്സോ അതിജീവിതയെ പ്രോസിക്യൂട്ടർ ഭീഷണിപ്പെടുത്തിയതായി പരാതി. പാലക്കാട് പോക്സോ കോടതിയിലെ പ്രോസിക്യൂട്ടർ സുബ്രഹ്മണ്യനെതിരെ നടപടി ആവശ്യപ്പെട്ട് വനിത ശിശുക്ഷേമ സമിതിയുടെ ലീഗൽ കൗൺസലറും അതിജീവിതയും ജില്ല ജഡ്ജിക്ക് പരാതി നൽകി.

2018 ൽ പാലക്കാട് മങ്കരയിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസ് അട്ടിമറിക്കാനാണ് പ്രോസിക്യൂട്ടർ സുബ്രഹ്മണ്യൻ ശ്രമിച്ചതെന്നാണ് പരാതി.
കേസിലെ പ്രധാന സാക്ഷിയാണ് ഹോസ്റ്റൽ വാർഡൻ. പെൺകുട്ടി പീഡനത്തെക്കുറിച്ച് ആദ്യം അറിയിച്ചത് വാർഡനെയാണ്.
എന്നാൽ ഹോസ്റ്റൽ വാർഡനെ സാക്ഷിപ്പട്ടികയിൽ നിന്ന് പ്രോസിക്യൂട്ടർ ഒഴിവാക്കി. കേസിൽ അപ്രധാനമെന്ന് ചൂണ്ടിക്കാട്ടിയായായിരുന്നു നീക്കം.

 

ഈ മാസം 16 ന് കൽപ്പാത്തി രഥോത്സവമായതിനാൽ കോടതി അവധിയായിരുന്നു. ഇതേ ദിവസം പെൺകുട്ടിയെയും അമ്മയെയും കോടതിയിലേക്ക് വിളിച്ചു വരുത്തി പ്രോസിക്യൂട്ടർ ഭീഷണിപ്പെടുത്തിയെന്നാണ് ലീഗൽ കൗൺസിലറുടെ പരാതിയിൽ പറയുന്നത്. പിറ്റേ ദിവസം കോടതിയിൽ മൊഴി നൽകാൻ തയ്യാറായി എത്തിയെങ്കിലും പെൺകുട്ടിയും അമ്മയും മാനസികമായി സജ്ജമല്ലെന്നും കേസ് നീട്ടിവെക്കണമെന്നും പ്രോസിക്യൂട്ടർ കോടതിയോട് ആവശ്യപ്പെട്ടു. പിന്നീട് പ്രതിയുമായി പരിചയമുണ്ടെന്ന കാരണം ചൂണ്ടിക്കാട്ടി പ്രോസിക്യൂട്ടർ കേസിൽ നിന്ന് പിൻമാറുകയായിരുന്നു.

ഇതോടെ പ്രോസിക്യൂട്ടർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് പെൺകുട്ടി കോടതിയിൽ പൊട്ടിക്കരഞ്ഞു.കേസിൽ നിന്ന് പിൻമാറാൻ ഉദ്ദേശിച്ചിരുന്നെങ്കിൽ പിന്നെന്തിന് കേസിൽ ഇടപെട്ടു എന്നാണ് സാമൂഹ്യ പ്രവർത്തകർ ചോദിക്കുന്നത്.സംഭവത്തെ കുറിച്ച് പ്രതികരിക്കാൻ പ്രോസിക്യൂട്ടർ തയ്യാറായില്ല

പ്രോസിക്യൂട്ടർ സ്വയം പിൻമാറിയതോടെ കേസിൻ്റെ നടത്തിപ്പ് കോടതി മറ്റൊരാളെ ഏൽപ്പിച്ചു. അതിജീവിതയും ലീഗൽ കൗൺസലറും തന്നെ പരാതിയുമായെത്തിയതോടെ പ്രോസിക്യൂട്ടർ സുബ്രഹ്മണ്യൻ സംശയത്തിൻ്റെ നിഴലിലായിരിക്കുകയാണ്.പ്രോസിക്യൂട്ടർക്കെതിരെ കോടതിയിൽ നിന്ന് തുടർ നടപടി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് അതിജീവിത.

തൃപ്പൂണിത്തുറയിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് പീഡനം; പ്രിൻസിപ്പൽ അടക്കം മൂന്ന് അധ്യാപകർ അറസ്റ്റിൽ
 

click me!