
കോഴിക്കോട്: കൊല്ലത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് നേരെ ഇന്നലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ച സംഭവത്തിന് പിന്നാലെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധവുമായി ബി ജെ പിയും യുവമോർച്ചയും. കേന്ദ്ര ആഭ്യന്തര മന്ത്രിയെ കരിങ്കൊടി കാണിച്ചതിൽ പ്രകോപിതരായ യുവമോർച്ച പ്രവർത്തകർ, സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, പ്രിയങ്ക ഗാന്ധി എം പി, ടൂറിസം മന്ത്രി പി സി വിഷ്ണുനാഥ് എന്നിവർക്കെതിരെ ഇന്ന് വിവിധയിടങ്ങളിൽ കരിങ്കൊടി വീശി പ്രതിഷേധിച്ചു. ചെന്നിത്തലയ്ക്ക് നേരെ കോഴിക്കോട് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി 4 തവണയാണ് യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. വടകര, കുറ്റ്യാടി ജാനകിക്കാട്, കൊയിലാണ്ടി, എരഞ്ഞിപ്പാലം എന്നിവിടങ്ങളിൽ വെച്ചായിരുന്നു പ്രതിഷേധം. കൊല്ലം നീണ്ടകരയിൽ വെച്ച് ടൂറിസം മന്ത്രി പി സി വിഷ്ണുനാഥിന് നേരെയും യുവമോർച്ച പ്രവർത്തകർ കരിങ്കൊടിയുമായി എത്തി. തിരുവമ്പാടി തമ്പലമണ്ണയ്ക്ക് സമീപം വെച്ചായിരുന്നു പ്രിയങ്ക ഗാന്ധി എം പിക്ക് നേരെയുള്ള പ്രതിഷേധം. യുവമോർച്ച ജില്ലാ പ്രസിഡന്റ് വി വി ശ്രീഹരിയുടെ നേതൃത്വത്തിലാണ് പ്രിയങ്ക ഗാന്ധിക്ക് നേരെ കരിങ്കൊടി കാണിച്ചത്. അമിത് ഷായ്ക്കെതിരായ യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിന് പകരമായാണ് മന്ത്രിമാരെ ലക്ഷ്യമിട്ട് ബി ജെ പി - യുവമോർച്ച സംഘം സംസ്ഥാന വ്യാപകമായി കരിങ്കൊടി പ്രതിഷേധം നടത്തുന്നത്.
അതേസമയം അമിത് ഷായ്ക്ക് നേരെ ഉണ്ടായ കരിങ്കൊടി പ്രതിഷേധത്തിൽ ഗുരുതര സുരക്ഷാ വീഴ്ചയെന്ന പരാതിയുമായി ബി ജെ പി രംഗത്തെത്തിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കൊല്ലം സന്ദർശനത്തിനിടെ ഗുരുതരമായ സുരക്ഷാ വീഴ്ച സംഭവിച്ചതായി ചൂണ്ടിക്കാട്ടി ബി ജെ പി നിയമസഭാ കക്ഷി നേതാവും എം എൽ എയുമായ ബി ബി ഗോപകുമാർ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി. സംഭവത്തിൽ അടിയന്തരമായി അന്വേഷണം നടത്തണമെന്നും വീഴ്ച വരുത്തിയവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ഗോപകുമാർ ആവശ്യപ്പെട്ടു. ഇന്നലെ കൊല്ലം ആശ്രാമം മൈതാനത്ത് വിമാനമിറങ്ങി വാഹനവ്യൂഹത്തിൽ സഞ്ചരിക്കുകയായിരുന്ന കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് നേരെ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ എത്തിയതാണ് വിവാദത്തിന് കാരണമായത്. സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി, വി വി ഐ പി വാഹനം കടന്നുപോയ വഴിയിൽ വെറും 50 മീറ്റർ മാത്രം അകലേക്ക് പ്രതിഷേധക്കാർക്ക് എത്താൻ സാധിച്ചത് വലിയ സുരക്ഷാ വീഴ്ചയാണെന്ന് പരാതിയിൽ വ്യക്തമാക്കുന്നു. പ്രതിഷേധ സംഘത്തിൽ കൊല്ലം കോർപ്പറേഷൻ കൗൺസിലറും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും ഉൾപ്പെട്ടിരുന്നതായി റിപ്പോർട്ടുകളുണ്ട്. വി വി ഐ പിയുടെ സുരക്ഷാ വലയത്തിലേക്ക് ഇത്തരം ജനപ്രതിനിധികൾ അടങ്ങുന്ന സംഘത്തിന് എങ്ങനെ പ്രവേശനം ലഭിച്ചു എന്നത് ഗൗരവമായി പരിശോധിക്കണമെന്ന് ബി ബി ഗോപകുമാർ ആവശ്യപ്പെട്ടു. ഇതൊരു സാധാരണ പ്രതിഷേധ സംഭവമായി കണ്ട് നിസ്സാരവത്കരിക്കാൻ സാധിക്കില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ പൊലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam