കോഴിക്കോട് - പാലക്കാട് ഗ്രീൻഫീൽഡ് പാത കല്ലിടൽ: അരീക്കോട് പ്രതിഷേധം, ഉദ്യോഗസ്ഥരെ തടഞ്ഞു

By Web TeamFirst Published Oct 6, 2022, 2:47 PM IST
Highlights

സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിഷേധത്തിനിടെ നാട്ടുകാരിയ സ്ത്രീ കുഴഞ്ഞുവീണു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

മലപ്പുറം: കോഴിക്കോട് - പാലക്കാട് ഗ്രീൻ ഫീൽഡ് പാതയ്ക്ക് എതിരെയും പ്രതിഷേധം. മലപ്പുറം ജില്ലയിലെ അരീക്കോടാണ് ഗ്രീൻഫീൽഡ് പാതയ്ക്കുള്ള കല്ലിടലിനെതിരെ പ്രതിഷേധമുണ്ടായത്. കല്ലിടാൻ എത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു. സ്ഥലത്ത് പ്രതിഷേധിച്ച നാട്ടുകാരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി.

സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിഷേധത്തിനിടെ നാട്ടുകാരിയ സ്ത്രീ കുഴഞ്ഞുവീണു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. 

ഭാരത് മാല പദ്ധതിയിൽ ഉൾപ്പെടുത്തി കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ചേർന്നാണ് പാത നിർമ്മിക്കുന്നത്. കോഴിക്കോട് നിന്ന് പാലക്കാട് വരെയുള്ള ഗ്രീൻഫീൽഡ് പാതയ്ക്ക് 121 കിലോമീറ്റർ നീളമാണ് ഉണ്ടാവുക. ഇതിൽ 52.96 കിലോമീറ്റർ മലപ്പുറം ജില്ലയിലും 62.2 കിലോമീറ്റർ റോഡ് പാലക്കാട് ജില്ലയിലുമായിരിക്കും. 6.48 കിലോമീറ്റർ മാത്രമാണ് കോഴിക്കോട് ജില്ലയിൽ ഉൾപ്പെടുന്ന റോഡിന്റെ ഭാഗം.

മലപ്പുറം ജില്ലയിൽ എടത്തനാട്ടുകര മുതൽ വാഴയൂർ വരെയുള്ള 304.59 ഹെക്ടർ ഭൂമിയാണ്‌ ഗ്രീൻഫീൽഡ് പാതയ്ക്കായി ഏറ്റെടുക്കുക. കൊണ്ടോട്ടി, ഏറനാട്, നിലമ്പൂർ, പെരിന്തൽമണ്ണ താലൂക്കുകളിലായി 15 വില്ലേജുകളിലൂടെ പാത കടന്നുപോകും. ഇതിനെതിരെയാണ് ഇപ്പോൾ പ്രതിഷേധം ഉയർന്നിരിക്കുന്നത്.

ദേശീയപാതാ വികസന മാനദണ്ഡ പ്രകാരമാകും ഏറ്റെടുക്കുന്ന ഭൂമിക്ക്‌ നഷ്ടപരിഹാരം നൽകുക. ഭൂമി, കെട്ടിടങ്ങൾ ഉൾപ്പെടെ എല്ലാ നിർമിതികൾക്കും കാർഷിക വിളകൾക്കും മരങ്ങൾക്കും വെവ്വേറെ നഷ്ടപരിഹാരം നൽകും. പ്രാദേശിക വില അനുസരിച്ച്‌ നഷ്ടപരിഹാര തുകയിൽ മാറ്റമുണ്ടാകുമെന്നാണ് വിവരം. ദേശീയപാതാ അതോറിറ്റിയും സംസ്ഥാന സർക്കാരും സംയുക്തമായാണ് നഷ്ടപരിഹാരം നൽകുക.

click me!