നിയമന കത്ത് വിവാദം: മേയറുടെ ഓഫീസ് ഉപരോധിച്ച് കൊടികെട്ടി ബിജെപി, ധർണയുമായി കോൺഗ്രസ്, കരിങ്കൊടി വീശി കെഎസ്‍യു

By Web TeamFirst Published Nov 8, 2022, 10:46 AM IST
Highlights

കോൺഗ്രസും സമരപാതയിലാണ്. യുഡിഎഫ് കൌൺസിലർമാർ കോർപറേഷന് മുന്നിൽ ധർണ സംഘടിപ്പിച്ചിട്ടുണ്ട് . പ്രതിഷേധങ്ങൾ കണക്കിലെടുത്ത് മേയറും സ്റ്റാന്‍റിങ് കമ്മറ്റി ചെയർമാൻ ഡിആർ അനിലും ഉൾപ്പെടെയുള്ളവർ ഇതുവരെ ഓഫിസിലേക്ക് എത്തിയിട്ടില്ല

തിരുവനന്തപുരം: നിയമന കത്ത് വിവാദത്തിൽ ഇന്നും പ്രതിഷേധവും സംഘർഷവും . കോർപറേഷനിൽ ഇന്നും ബിജെപിയുടെ ഉപരോധം തുടരുകയാണ്. മേയറുടേയും ഡി ആർ അനിലിന്റേയും ഓഫിസിന് മുന്നിൽ ബിജെപി കൊടി നാട്ടി. ബിജെപിയുടെ വനിത കൌൺസിലർമാരുൾപ്പെടെ കിടന്നാണ് പ്രതിഷേധിക്കുന്നത്.

സമരം കടുപ്പിച്ച് മുന്നോട്ട് പോകാനാണ് ബിജെപിയുടെ തീരുമാനം. മേയർ രാജി വയ്ക്കും വരെ സമരം തുടരുമെന്നാണ് ബിജെപി പറയുന്നത് . ജനങ്ങൾക്ക് ഉപകാരം ഇല്ലാത്ത ഓഫിസ് പ്രവർത്തിക്കേണ്ടതില്ലെന്നാണ് ബിജെപി കൌൺസിലർമാരുടെ നിലപാട്. ഓഫിസിലേക്ക് ജീവനക്കാർക്ക് കയറാനാകാത്ത അവസ്ഥയാണ്. വിവിധ ആവശ്യങ്ങൾക്കായി പൊതുജനം എത്തുമ്പോൾ ഓഫിസിൽ കയറാനാകാത്ത വിധം ആണ് ബിജെപിയുടെ സമരം തുടരുന്നത്.

അതുകൊണ്ട് തന്നെ കൂടുതൽ പൊലീസ് വിന്യാസം ശക്തമാക്കിയിട്ടുണ്ട് .ഓഫിസ് ഉപരോധിക്കുന്ന ബിജെപി പ്രവർത്തകർക്കെതിരെ കഴിഞ്ഞ ദിവസം ഉണ്ടായ പോലെ എൽഡിഎഫ് കൌൺസിലർമാർ രംഗത്തെത്തുമോ എന്നും സംശയമുണ്ട്.

കോൺഗ്രസും സമരപാതയിലാണ്. യുഡിഎഫ് കൌൺസിലർമാർ കോർപറേഷന് മുന്നിൽ ധർണ സംഘടിപ്പിച്ചിട്ടുണ്ട് .ഇതിനിടെ  മുടവൻമുകളിലെ വീട്ടിൽ നിന്നിറങ്ങിയ മേയർ ആര്യാ രാജേന്ദ്രന് നേരെ പ്രതിഷേധം ഉണ്ടായി. കെ എസ് യു പ്രവർത്തകർ മേയറെ കരിങ്കൊടി കാണിച്ചു. വീടിനു മുന്നിലും യൂത്ത് കോൺഗ്രസ് അടക്കമുള്ളവരുടെ പ്രതിഷേധം കണക്കിലെടുത്ത് അവിടേയും പൊലീസ് വിന്യാസം ഉണ്ടായിരുന്നതിനാൽ കെ എസ് യു പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു.ഇതിനിടെ പ്രതിഷേധവുമായെത്തിയ കെ എസ് യു പ്രവർത്തകരെ സിപിഎം പ്രവർത്തകർ പൊലീസിനു മുന്നിൽ വച്ച് മർദിക്കുകയും െചയ്തു

ഇതിനിടെ വിവാദ കത്തിന്മേലുള്ള പ്രാഥമിക അന്വേഷണം ക്രൈംബ്രാഞ്ച് തുടങ്ങുകയാണ്. ഇതിന്റെ ഭാഗമായി മേയറുടെ മൊഴി ആദ്യം രേഖപ്പെടുത്തും. ഡി ആർ അനിലിന്റേയും സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റേയും മൊഴി എടുക്കും. അതേസമയം സംഭവത്തിൽ ഉടൻ കേസ് എടുക്കില്ല. 

click me!