'പഴയ രീതി തുടരണം'; ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലെ സൗജന്യ ചികിത്സാ നിയന്ത്രണത്തിനെതിരെ പ്രതിഷേധം

By Web TeamFirst Published Dec 2, 2019, 4:30 PM IST
Highlights

നിലവിൽ ദാരിദ്രരേഖക്ക് താഴെയുള്ളവർക്ക് സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ ചികിത്സ പൂർണ്ണമായും സൗജന്യമായിരുന്നു.

തിരുവനന്തപുരം: പാവപ്പെട്ട രോഗികളെ പ്രതിസന്ധിയിലാക്കുന്ന തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലെ സൗജന്യ ചികിത്സാ നിയന്ത്രണത്തിനെതിരെ ജീവനക്കാരുടെ പ്രതിഷേധം. സംയുക്ത തൊഴിലാളി യൂണിയന്‍റെ നേതൃത്വത്തിലാണ് പ്രതിഷേധം. പഴയ രീതി തുടരണമെന്നാവശ്യപ്പെട്ടാണ് ജീവനക്കാര്‍ പ്രതിഷേധിക്കുന്നത്. സൗജന്യ ചികിത്സക്കായി കർശന ഉപാധികളാണ് ഇൻസ്റ്റിറ്റ്യൂട്ട് പുതിയതായി മുന്നോട്ട് വെച്ചത്. 

നിലവിൽ ദാരിദ്രരേഖക്ക് താഴെയുള്ളവർക്ക് സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ ചികിത്സ പൂർണ്ണമായും സൗജന്യമായിരുന്നു. എന്നാൽ പുതിയ ഉത്തരവ് പ്രകാരം ബിപിഎൽ വിഭാഗക്കാരെ എ,ബി എന്നീ രണ്ട് വിഭാഗങ്ങളായി തരംതിരിക്കുന്നു. സ്ഥിരം വരുമാനം ഇല്ലാത്തവർക്കും സ്വന്തമായി വീടില്ലാത്തവർക്കും, കുടുംബത്തിൽ മാറാരോഗികൾ ആരെങ്കിലും ഉണ്ടെങ്കിലും മാത്രമേ ഇനി സൗജന്യ ചികിത്സ കിട്ടൂ. 

വിധവയാണെങ്കില്‍ സാക്ഷ്യപത്രവും പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെടുന്നതിന്‍റെ രേഖയും ഹാജരാക്കണം. ഇതൊക്കെ ഉറപ്പാക്കുന്ന സർട്ടിഫിക്കറ്റുകളും വേണം. ഇത്തരക്കാരെയാണ് എ വിഭാഗത്തിൽ പെടുത്തിയത്. ഈ മാനദണ്ഡങ്ങൾക്ക് പുറത്തുള്ളവരാണ് ബി വിഭാഗത്തിൽ. അവർക്കുള്ള ചികിത്സാ സൗജന്യം 30 ശതമാനം മാത്രമായിരിക്കും.

അതേസമയം, ഇൻസ്റ്റിറ്റ്യൂട്ടിലെ വരുമാനത്തിൽ നിന്നാണ് സൗജന്യ ചികിത്സ നൽകിയിരുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. കേന്ദ്ര-സംസ്ഥാന സർക്കാരുകളില്‍ നിന്ന് ഇതിനായി സാമ്പത്തിക സഹായം കിട്ടുന്നില്ലെന്നും ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. ബിപിഎല്ലിൻറെ പേരിൽ അനർഹക്ക് ആനുകൂല്യങ്ങൾ ഒഴിവാക്കാൻ കൂടിയാണ് പുതിയ മാനദണ്ഡങ്ങളെന്നും അധിക‍ൃതർ പറഞ്ഞു.

click me!