അഞ്ച് മിനിറ്റ് വ്യത്യാസത്തിൽ നടന്ന പ്രതിഷേധം, ഒരേ സ്ഥലം, ഒരേ പൊലീസ്: യുവമോർച്ചയ്ക്ക് കിട്ടിയ 'ഇളവ്' ഡിവൈഎഫ്ഐക്കില്ല? ജാമ്യമില്ലാ കുറ്റം ചുമത്തി കേസ്

Published : Oct 03, 2026, 10:14 AM IST
DYFI

Synopsis

കാഞ്ഞങ്ങാട് മന്ത്രിക്കെതിരെ നടന്ന കരിങ്കൊടി പ്രതിഷേധത്തിൽ ഡിവൈഎഫ്ഐ, യുവമോർച്ച പ്രവർത്തകർക്കെതിരെ പോലീസ് വ്യത്യസ്ത വകുപ്പുകൾ ചുമത്തിയത് വിവാദമാകുന്നു. ഡിവൈഎഫ്ഐക്കാർക്ക് ജാമ്യമില്ലാ വകുപ്പും യുവമോർച്ചക്കാർക്ക് ജാമ്യം ലഭിക്കാവുന്ന വകുപ്പും നൽകിയതിൽ പോലീസ് വിവേചനം കാണിച്ചെന്ന് സിപിഎം ആരോപിച്ചു.

കാഞ്ഞങ്ങാട്: മന്ത്രി ഒജെ ജനീഷിനെതിരായ കരിങ്കൊടി പ്രതിഷേധത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ കുറ്റവും യുവമോർച്ച പ്രവർത്തകർക്കെതിരെ ജാമ്യം ലഭിക്കാവുന്ന കുറ്റവും ചുമത്തി കേസെടുത്തെന്ന് ആക്ഷേപം. ഒക്ടോബർ 1-ന് അഞ്ചു മിനിറ്റിന്റെ വ്യത്യാസത്തിൽ ഹൊസ്‌ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന സമാനമായ പ്രതിഷേധങ്ങളിലാണ് പോലീസ് രണ്ട് വ്യത്യസ്ത രീതിയിലുള്ള എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിൽ അഞ്ച് ഡിവൈഎഫ്ഐ പ്രവർത്തകർ റിമാൻ്റിലാണ്. ആറ് യുവമോർച്ച പ്രവർത്തകരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. അതേസമയം രണ്ടും സമാനമായ പ്രതിഷേധങ്ങളായിരുന്നില്ലെന്നാണ് ഹോസ്‌ദുർഗ് സിഐ ഏഷ്യാനെറ്റ് ന്യൂസിനോട് വിശദീകരിച്ചത്. എന്നാൽ പൊലീസ് ബോധപൂർവം യുവമോർച്ചക്കാർക്ക് ഇളവ് നൽകിയെന്ന് സിപിഎം ജില്ലാ കമ്മിറ്റിയംഗം പികെ നിശാന്ത് കുറ്റപ്പെടുത്തി.

രണ്ടു കേസുകളിലും പരാതിക്കാരനും എഫ്.ഐ.ആർ തയ്യാറാക്കിയതും ഹോസ്ദുർഗ് പോലീസ് ഇൻസ്‌പെക്ടർ ഷൈൻ കെ.പി തന്നെയാണ്. യുവമോർച്ച പ്രവർത്തകർക്കെതിരെയുള്ള കേസിൽ 6 പേരുടെ പേരും വയസ്സും വിലാസവും ഫോൺ നമ്പറും കൃത്യമായി ഉൾപ്പെടുത്തുകയും കേരള പോലീസ് ആക്ട് 117(ഇ) ചുമത്തുകയും ചെയ്തപ്പോൾ BNS 132-ാം വകുപ്പ് ഒഴിവാക്കി. എന്നാൽ ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെയുള്ള കേസിൽ 'കണ്ടാലറിയാവുന്ന 10 പേർ' എന്ന് മാത്രമാണ് പ്രതിപ്പട്ടികയിലുള്ളതെങ്കിലും, ഇവർക്കെതിരെ ബിഎൻഎസ്എസ് 132 അടക്കമുള്ള വകുപ്പുകൾ ചുമത്തുകയായിരുന്നു. ഇന്നലെ സ്റ്റേഷനിൽ കീഴടങ്ങിയ നിധിൻ, അനീഷ്, അനിൽ, ബിനീഷ്, സബിൻ എന്നീ ഡിവൈഎഫ്ഐ പ്രവർത്തകരെ റിമാൻ്റ് ചെയ്തു. ജില്ലയിലെ മറ്റ് ഭാഗങ്ങളിലും ഡിവൈഎഫ്ഐ പ്രവർത്തകരെ കരിങ്കൊടി പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിൽ റിമാൻറ് ചെയ്തിട്ടുണ്ട്.

മന്ത്രിയുടെ യാത്രാമാർഗ്ഗം തടസ്സപ്പെടുത്തി എന്നാരോപിച്ചാണ് യുവമോർച്ച, ബിജെപി പ്രവർത്തകർക്കെതിരെ 0745/2026 നമ്പർ എഫ്ഐആർ ഹോസ്ദുർഗ് പോലീസ് രജിസ്റ്റർ ചെയ്‌തത്. ഒക്ടോബർ 1-ന് ഉച്ചയ്ക്ക് 2 മണിക്ക് പുതിയകോട്ട സർക്കിളിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രശാന്ത് എം, അഭിലാഷ് സി, പ്രദീപ് കുമാർ എം, അശ്വിൻ അജി കുമാർ, അർജുൻ എസ്, സുനിൽ പി ആർ എന്നീ 6 പേരും കണ്ടാലറിയാവുന്ന 50-ഓളം പേരുമാണ് പ്രതിപ്പട്ടികയിലുള്ളത്. ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ 189(2), 189(3), 191(2), 285, 190 കൂടാതെ കേരള പോലീസ് ആക്ടിലെ 117(e) വകുപ്പുമാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. ഉച്ചയ്ക്ക് 2:05-ഓടെ ഹോസ്ദുർഗ് സ്മൃതി മണ്ഡപത്തിന് സമീപം മന്ത്രിയുടെ വാഹനത്തിന് മുകളിൽ കയറി ഗതാഗത തടസ്സം സൃഷ്ടിച്ച സംഭവത്തിലാണ് ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ ക്രൈം നമ്പർ 0746/2026 ആയി കേസ് എടുത്തത്. കണ്ടാലറിയാവുന്ന 10 ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെയാണ് കേസ്. ഈ കേസിൽ ബിഎൻഎസ്എസ് 189(2), 189(3), 191(2), 285, 190 എന്നിവയ്ക്കൊപ്പം 132 (ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്താൻ അതിക്രമം കാട്ടുക/ബലം പ്രയോഗിക്കുകയെന്ന ജാമ്യമില്ലാ വകുപ്പ് വകുപ്പ് കൂടി പോലീസ് ചുമത്തിയിട്ടുണ്ട്. പുതിയകോട്ടയിൽ പ്രതിഷേധത്തിൽ ബിജെപി ജില്ലാ പ്രസിഡൻ്റ് അശ്വിനിയടക്കം പങ്കെടുത്തിരുന്നു. ഇവിടെ വച്ച് എസ്‌പി നിധിൻ രാജ് കസ്റ്റഡിയിലെടുത്ത ബിജെപി പ്രവർത്തകനെ മറ്റ് ബിജെപി പ്രവർത്തകർ ബലം പ്രയോഗിച്ച് മോചിപ്പിച്ചെന്നും അത് ജാമ്യമില്ലാ കുറ്റമല്ലേയെന്നും ഡിവൈഎഫ്ഐ ചോദിക്കുന്നു. അതേസമയം , ഡിവൈഎഫ്ഐ പ്രവർത്തകൻ മന്ത്രിയുടെ വാഹനത്തിൻ്റെ ബോണറ്റിന് മുകളിൽ ചാടിക്കയറിയതിനാലാണ് ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്തതെന്നാണ് സി.ഐ വ്യക്തമാക്കിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കേരളത്തിൽ യുഡിഎഫ് സംവിധാനം മുഴുവൻ അലങ്കോലപ്പെട്ടുവെന്ന് എംവി ഗോവിന്ദൻ; മുഖ്യമന്ത്രിയുടെ സ്പോൺസർ ആർഎസ്എസും ബിജെപിയും
മെസ്സിയുടെ പേരിൽ നടന്ന തട്ടിപ്പിൽ അഴിമതി തടയൽ നിയമം ചുമത്താൻ പോലീസ്